അബുദാബി: ഉപഭോക്താക്കൾക്ക് കൂടുതൽ ആരോഗ്യകരമായ ഭക്ഷണരീതികൾ തിരഞ്ഞെടുക്കാൻ സഹായിക്കുന്ന പുതിയ ലേബലിങ് സംവിധാനമായ ‘ന്യൂട്രി-മാർക്ക്’ അബുദാബിയിൽ യാഥാർത്ഥ്യമാകുന്നു. ഉത്പന്നങ്ങളിലെ പോഷകവസ്തുക്കളുടെ വിശദാംശങ്ങൾ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നതിനായി പാക്കറ്റുകൾക്ക് മുന്നിൽ ക്യു.ആർ. കോഡ് രേഖപ്പെടുത്തുന്ന പദ്ധതിയാണിത്. അബുദാബി ക്വാളിറ്റി ആൻഡ് കൺഫോമിറ്റി കൗൺസിലും അബുദാബി പൊതുജനാരോഗ്യ കേന്ദ്രവും സംയുക്തമായാണ് ഈ നൂതന സംരംഭത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. ന്യൂട്രി-മാർക്ക് പതിപ്പിച്ച ഉത്പന്നങ്ങൾ വിപണിയിലെത്തിക്കുന്നതിനായി പ്രമുഖ നാല് റീട്ടെയ്ൽ ശൃംഖലകളുമായി അധികൃതർ ഇതിനകം തന്നെ കരാർ ഒപ്പിട്ടുകഴിഞ്ഞു.
ഭക്ഷണസാധനങ്ങളുടെ പാക്കറ്റിന് പുറകിലെ സങ്കീർണ്ണമായ ചേരുവകളുടെ പട്ടിക വായിച്ചു മനസ്സിലാക്കുന്നതിനുള്ള ബുദ്ധിമുട്ട് ഒഴിവാക്കി, ഒറ്റനോട്ടത്തിൽ ഗുണനിലവാരം തിരിച്ചറിയാൻ സഹായിക്കുന്ന രീതിയിലാണ് ന്യൂട്രി-മാർക്ക് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഉത്പന്നങ്ങളിലെ കൊഴുപ്പ്, ഉപ്പ്, നാരുകൾ, മറ്റ് ചേരുവകൾ എന്നിവയുടെ ആകെ പോഷകമൂല്യം കണക്കാക്കി ‘ഗ്രേഡ് എ’ മുതൽ ‘ഗ്രേഡ് ഇ’ വരെയുള്ള അഞ്ച് തരം വർഗ്ഗീകരണമാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഓരോ ഗ്രേഡിനെയും വേഗത്തിൽ തിരിച്ചറിയാൻ പ്രത്യേക നിറങ്ങളും ക്യു.ആർ കോഡിനൊപ്പം നൽകിയിട്ടുണ്ട്. ഏറ്റവും ഉയർന്ന പോഷകമൂല്യമുള്ളവയ്ക്ക് ‘എ’ ഗ്രേഡും കുറഞ്ഞ നിരക്കിലുള്ളവയ്ക്ക് ‘ഇ’ ഗ്രേഡുമായിരിക്കും ലഭിക്കുക.
Also Read: പ്രതിരോധരംഗത്ത് കരുത്തുറ്റ ചുവടുവെപ്പുമായി യു.എ.ഇ; അധ്യക്ഷത വഹിച്ച് ഷെയ്ഖ് ഹംദാൻ
ആദ്യഘട്ടത്തിൽ പാചക എണ്ണ, പാൽ ഉത്പന്നങ്ങൾ, ബേക്കറി പലഹാരങ്ങൾ, മധുരപാനീയങ്ങൾ, കുട്ടികൾക്കുള്ള ധാന്യഭക്ഷണങ്ങൾ തുടങ്ങിയ അഞ്ച് പ്രധാന വിഭാഗങ്ങളിലാണ് ഈ സംവിധാനം നിർബന്ധമാക്കുന്നത്. താം ആപ്പിലൂടെയോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ ഉപഭോക്താക്കൾക്ക് ഈ കോഡ് സ്‌കാൻ ചെയ്ത് ഉത്പന്നങ്ങളുടെ കൃത്യമായ പോഷകനിലവാരം താരതമ്യം ചെയ്യാൻ സാധിക്കും.
ഈ പുതിയ സംവിധാനം വിപണിയിലെ ബ്രാൻഡുകളുടെ വിശ്വാസ്യത വർദ്ധിപ്പിക്കാൻ സഹായിക്കുമെന്ന് ക്യു.സി.സി.യിലെ സെൻട്രൽ ടെസ്റ്റിങ് ലബോറട്രി എക്സിക്യൂട്ടീവ് ഡയറക്ടർ എൻജിനിയർ അബ്ദുല്ല ഹസ്സൻ അൽ മഈനി വ്യക്തമാക്കി. പ്രമേഹം, പൊണ്ണത്തടി, മറ്റ് ജീവിതശൈലി രോഗങ്ങൾ എന്നിവയെ ചെറുക്കുന്നതിലും, ഭാവിയിലെ ആരോഗ്യപരമായ അപകടസാധ്യതകൾ മുൻകൂട്ടി കുറയ്ക്കുന്നതിലും ന്യൂട്രി-മാർക്ക് നിർണ്ണായക പങ്ക് വഹിക്കുമെന്ന് അബുദാബി പൊതുജനാരോഗ്യ കേന്ദ്രത്തിലെ ഹെൽത്തി ലൈഫ്സ്റ്റൈൽ വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. അഹമ്മദ് അൽ ഖസ്റജി അഭിപ്രായപ്പെട്ടു. തങ്ങളുടെ ഉത്പന്നങ്ങളിൽ ഈ ലേബൽ പ്രദർശിപ്പിച്ച് വിപണിയിലെ ഭക്ഷ്യസ്ഥാപനങ്ങൾക്കും ഈ ആരോഗ്യകരമായ മുന്നേറ്റത്തിന്റെ ഭാഗമാകാവുന്നതാണ്.






