ലോകത്ത് എവിടെ സംഘർഷമുണ്ടായാലും പോയി ഇടപെടുക, വേണ്ട സഹായങ്ങളെല്ലാം വാഗ്ദാനം ചെയ്യുക, തമ്മിലടിപ്പിച്ച് നേട്ടം കൊയ്യുക. കാര്യങ്ങൾ വഷളായി തുടങ്ങുന്നിടത്ത് ചെന്ന് സമാധാനത്തിന്റെ കുപ്പായം അണിയുക. ഈ അമേരിക്കൻ ഇരട്ടത്താപ്പുകളൊക്കെ ഇപ്പോൾ ലോകത്തിന് ഏറെക്കുറെ മനഃപാഠമാണ്. റഷ്യ– യുക്രെയ്ൻ യുദ്ധം മൂന്നാം വർഷത്തിലേക്ക് കടന്നിരിക്കുന്നു. അമേരിക്കയെ കണ്ട് യുദ്ധത്തിനിറങ്ങിയ യുക്രെയ്ൻ മരണക്കെണിയിലാവുകയും ചെയ്തു, യുദ്ധത്തിന്റെ ഗുണഭോക്താക്കളായിരിക്കുന്ന രാജ്യങ്ങൾക്കാകട്ടെ ഇടപെട്ട് യുദ്ധം നിർത്തിക്കാൻ ഒരു താൽപര്യവും ഇല്ല.
മനുഷ്യാവകാശം, ജനാധിപത്യം, സ്വാതന്ത്ര്യം തുടങ്ങിയ കാര്യങ്ങളുടെ മറപിടിച്ചാണ് അമേരിക്ക പല യുദ്ധങ്ങൾക്കും തുടക്കമിട്ടത്. നാറ്റോ സഖ്യ രാഷ്ട്രങ്ങളെ നിലനിർത്തി ലോകത്ത് അമേരിക്കൻ സാമ്രാജ്യത്വ താൽപര്യങ്ങൾ സംരക്ഷിച്ചിരുന്ന പതിവു സമ്പ്രദായം പക്ഷെ ഇനി അധികം വൈകാതെ അമേരിക്കക്ക് തന്നെയാണ് നഷ്ടം വരുത്തുക. ഇതേ മുന്നറിയിപ്പാണ് നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും അമേരിക്കയ്ക്ക് നൽകുന്നത്. അതിന്റെ സൂചനകളും കണ്ടു തുടങ്ങിയിട്ടുണ്ട്. അമേരിക്കയുടെ കള്ളക്കളി പതിയെ യുക്രെയ്നും മനസിലാക്കി തുടങ്ങിയതായ വാർത്തകളാണ് പുറത്തു വരുന്നത്.
Also Read : ഗ്രീൻലാൻഡെടുക്കാൻ ട്രംപ്, ഭീഷണിയായി റഷ്യയും ചൈനയും
അമേരിക്ക വാഗ്ദാനം ചെയ്ത സൈനിക സഹായത്തിൻ്റെ പകുതിയും ഇനിയും യുക്രെയ്‌നു ലഭിച്ചിട്ടില്ലെന്നാണ് വ്‌ളാഡിമിർ സെലെൻസ്‌കി അവകാശപ്പെടുന്നത്. അമേരിക്കൻ കോർപ്പറേറ്റുകളുടെ “അഴിമതി” യാണ് ഇതിനു പിന്നിലെന്നാണ് സെലെൻസ്‌കി ആരോപിക്കുന്നത്. റഷ്യയുമായുള്ള സംഘർഷം രൂക്ഷമായതിന് ശേഷം യുക്രെയ്‌നു ധനസഹായം നൽകാൻ അമേരിക്ക ഏകദേശം 177 ബില്യൺ ഡോളർ അനുവദിച്ചിട്ടുണ്ടെങ്കിലും അതിലെ എല്ലാ ഫണ്ടുകളും സഹായ പാക്കേജുകളും ഇനിയും വിതരണം ചെയ്തിട്ടില്ലെന്ന് യുക്രെയ്ൻ നേതാവ് കഴിഞ്ഞ മാസവും ആരോപിക്കുകയുണ്ടായി.

പോഡ്കാസ്റ്റർ ലെക്സ് ഫ്രിഡ്മാനുമായുള്ള അഭിമുഖത്തിനിടെ അമേരിക്ക വാഗ്ദാനം ചെയ്ത പിന്തുണയുടെ പകുതി പോലും യുക്രെയ്‌നു ഇതുവരെ ലഭിച്ചിട്ടില്ലെന്ന് സെലെൻസ്കി പരസ്യമാക്കുകയുണ്ടായി. അമേരിക്കൻ കമ്പനികളുടെ അഴിമതിയാണ് ഇതിനു പിന്നിലെന്ന് സെലെൻസ്കി കുറ്റപ്പെടുത്തി. എന്നാൽ ഇതേക്കുറിച്ച് കൂടുതൽ ഒന്നും സംസാരിക്കാനും യുക്രെയ്ൻ ഭരണാധികാരി തയ്യാറായില്ല. ഒറ്റയടിക്ക് അങ്ങനെ അമേരിക്കയെ പിണക്കാൻ സെലെൻസ്കി മടിക്കുമെന്നത് സ്വാഭാവികമാണ്. അതും ഈ സാഹചര്യത്തിൽ. ആയുധങ്ങളും സഹായവും വാഗ്ദാനം ചെയ്തിട്ട് അത് നിറവേറ്റാതിരിക്കുന്ന പാശ്ചാത്യ പിന്തുണക്കാരെ വിമർശിക്കുന്ന പ്രസ്താവനകൾ സെലെൻസ്‌കി മുമ്പ് നടത്തിയിട്ടുണ്ട്. ചോദിച്ച ആയുധം ലഭിക്കാതിരുന്നതിലും പണത്തിനായി മരവിപ്പിച്ച റഷ്യൻ ആസ്തികളിൽ കൈയ്യിട്ടു വാരാൻ ട്രംപിന് നിർദേശം നൽകിയതടക്കമുള്ള കാര്യങ്ങൾ സെലെൻസ്കി തന്നെ പല ഘട്ടത്തിൽ പരസ്യമാക്കിയിട്ടുള്ളതാണ്.
Also Read : പുതിയ അമേരിക്കയുമായി ട്രംപ്, വെറും വ്യാമോഹമെന്ന് കാനഡ
അതേസമയം, ജനുവരി 20 ന് തുടങ്ങി അടുത്ത 100 ദിവസത്തിനുള്ളിൽ റഷ്യ-യുക്രെയ്ൻ സംഘർഷം പരിഹരിക്കാനുള്ള മധ്യസ്ഥത വഹിക്കാനാണ് നിയുക്ത അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ യുക്രെയ്നിലെ പ്രത്യേക ദൂതൻ കീത്ത് കെല്ലോഗ് ലക്ഷ്യമിടുന്നത്. റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിനും യുക്രേനിയൻ നേതാവ് വ്‌ളാഡിമിർ സെലെൻസ്‌കിയും തമ്മിലുള്ള ചർച്ചകൾ പുനരാരംഭിക്കാൻ ട്രംപ് പ്രതിജ്ഞാബദ്ധനാണെന്ന് കെല്ലോഗ് പറഞ്ഞു. പുടിനുമായി ഒരു ചർച്ചയ്ക്കിരിക്കാൻ മനസ്സ് കാണിക്കാത്ത ബൈഡനെ അതിരൂക്ഷമായാണ് കെല്ലോഗ് വിമർശിച്ചത്. ട്രംപ് ചർച്ചകൾക്കായി നടത്തുന്ന നീക്കങ്ങളെ ഉയർത്തി കാണിക്കാനും കെല്ലോഗ് മറന്നില്ല.
പുടിനുമായി യാതൊരു സംഭാഷണത്തിലും ഏർപ്പെടാതെ ബൈഡൻ വലിയ തെറ്റാണു ചെയ്തതെന്നും എതിരാളികളോടും സഖ്യകക്ഷികളോടും ട്രംപ് ഒരുപോലെ സംസാരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സംഘർഷം അവസാനിപ്പിക്കുന്നതിലേക്ക് കാര്യങ്ങളെ കൊണ്ടെത്തിക്കാനുള്ള പണികൾ ട്രംപും കൂട്ടരും അണിയറയിൽ ഒരുക്കുന്നതായി മാധ്യമ റിപ്പോർട്ടുകളും പറയുന്നുണ്ട്.

നാറ്റോ രാജ്യങ്ങൾ തങ്ങളുടെ ജിഡിപിയുടെ 5% പ്രതിരോധത്തിനായി ചെലവഴിക്കാൻ തുടങ്ങണമെന്നാണ് നിയുക്ത അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് മുന്നോട്ട് വെക്കുന്ന നിർദേശം. അമേരിക്കയുടെ നേതൃത്വത്തിലുള്ള സൈനിക സംഘത്തിലെ യൂറോപ്യൻ അംഗങ്ങളെ, റഷ്യയും യുക്രെയ്നും തമ്മിൽ നടന്നുകൊണ്ടിരിക്കുന്ന സംഘർഷം കൂടുതൽ ബാധിച്ചിട്ടുണ്ടെങ്കിലും പ്രതിരോധത്തിനായി അവർ അമേരിക്ക ചെലവഴിക്കുന്നതിൻ്റെ ഒരു ചെറിയ ഭാഗം മാത്രമാണ് ചെലവഴിക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറയുകയുണ്ടായി. പ്രതിരോധ ചിലവിൽ നാറ്റോ അംഗ രാജ്യങ്ങളിൽ ചിലർ അമേരിക്കയെ മുതലെടുത്തതായും അദ്ദേഹം വിമർശിച്ചു.
Also Read : റഷ്യയെ ചൊറിഞ്ഞ് പണി വാരിക്കൂട്ടി, ഭയപ്പാടിൽ സെലെൻസ്കി
പ്രതിരോധത്തിനായി കൂടുതൽ തുക ചെലവഴിക്കാൻ സഹ നാറ്റോ രാജ്യങ്ങളെ പ്രേരിപ്പിച്ച ഡോണൾഡ് ട്രംപ്, അല്ലാത്തപക്ഷം ഒരു വിദേശ ആക്രമണം ഉണ്ടായാൽ ട്രംപ് ഭരണത്തിൻ കീഴിലുള്ള അമേരിക്ക കയ്യൊഴിയുമെന്നതിന്റെ വ്യക്തമായ സൂചനയാണ് നൽകുന്നത്. വിവിധ അംഗരാജ്യങ്ങൾ തമ്മിലുള്ള പ്രതിരോധ ചെലവിലെ അസമത്വത്തെ ട്രംപ് തന്റെ പ്രസ്താവനയിലൂടനീളം കുറ്റപ്പെടുത്തി. അമേരിക്ക യൂറോപ്പിനെക്കാൾ അധികമാണ് പ്രതിരോധത്തിനായി ചിലവാക്കുന്നത്. യൂറോപ്യൻ നാറ്റോ അംഗങ്ങളുടെ സമ്പദ്‌വ്യവസ്ഥ അമേരിക്കയുടേതിന് സമാനമായതിനാൽ തന്നെ പ്രതിരോധ ചെലവിലെ വർദ്ധന അവർക്കെല്ലാം താങ്ങാൻ കഴിയുമെന്നാണ് ട്രംപ് അവകാശപ്പെടുന്നത്.
കഴിഞ്ഞ ജൂണിൽ പ്രസിദ്ധീകരിച്ച നാറ്റോയുടെ പ്രതിരോധ ചെലവുകളെക്കുറിച്ചുള്ള റിപ്പോർട്ട് അനുസരിച്ച്, അമേരിക്ക ഉൾപ്പെടെയുള്ള സംഘത്തിലെ അംഗങ്ങളാരും നിലവിൽ അവരുടെ ജിഡിപിയുടെ 5% പ്രതിരോധത്തിനായി ചെലവഴിക്കുന്നില്ല. ജിഡിപിയുടെ 4% നീക്കിവെച്ച, ഏറ്റവും വലിയ പ്രതിരോധ ചെലവ് വഹിക്കുന്ന നാറ്റോ അംഗം പോളണ്ടായിരുന്നു. പോളണ്ടിനും എസ്തോണിയയെയും അപേക്ഷിച്ച് അമേരിക്ക മൂന്നാം സ്ഥാനത്താണ്. ജിഡിപിയുടെ 3.5% ആണ് പ്രതിരോധത്തിനായി അമേരിക്ക ചെലവിടുന്നത്.

കാനഡ, ഇറ്റലി, ഫ്രാൻസ് എന്നിവയുൾപ്പെടെ നാറ്റോ സഖ്യത്തിലെ 15 അംഗങ്ങൾ, 2024 ജൂൺ വരെ ജിഡിപിയുടെ 2% ആണ് പ്രതിരോധത്തിനായി നീക്കി വെച്ചിരിക്കുന്നത്. നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റൂട്ടെയും ബ്ലോക്ക് അംഗങ്ങളുടെ ബജറ്റിൽ ഈ വിഹിതം വർദ്ധിപ്പിക്കേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ച് എടുത്ത് പറഞ്ഞിരുന്നു. കുറഞ്ഞത് 4% വരെയെങ്കിലും പ്രതിരോധ ചെലവിനായി മാറ്റി വെക്കേണ്ടതുണ്ട് എന്നാണ് റുട്ടെ പറഞ്ഞത്.
Also Read :ഇസ്രയേലിന് ഇനി കഷ്ടകാലം, സർവ്വ സന്നാഹവുമായി ഇറാൻ
ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസിൻ്റെ അഭിപ്രായത്തിൽ പ്രതിരോധ ബജറ്റിലെ നിർദ്ദിഷ്ട വർദ്ധനവ് ജർമ്മനിയിലെ നികുതിദായകർക്ക് ബാധ്യതയായി മാത്രമേ അവസാനിക്കൂ എന്ന് അഭിപ്രായപ്പെട്ടിരുന്നു. രാജ്യത്തിൻ്റെ പ്രതിരോധ ബജറ്റ് കുത്തനെ ഉയർത്താനുള്ള ജർമ്മൻ വൈസ് ചാൻസലർ റോബർട്ട് ഹാബെക്കിൻ്റെ നിർദ്ദേശത്തെ ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസ് നിശിതമായി വിമർശിച്ച സാഹചര്യത്തിലാണ് ട്രംപിൻ്റെ ഏറ്റവും പുതിയ അഭിപ്രായ പ്രകടനങ്ങൾ.