മുംബൈ: ഇംഗ്ലണ്ടിനെതിരായ അഞ്ചാം ട്വന്റി20യിലെ തകർപ്പൻ ബാറ്റിങ്ങിലൂടെ ഒരു പിടി റെക്കോർഡുകൾ സ്വന്തം പേരിലാക്കി യുവ ഇന്ത്യൻ താരം അഭിഷേക് ശർമ. പരമ്പരയിലെ അവസാന മത്സരത്തിൽ 54 പന്തുകളിൽനിന്ന് 135 റൺസാണ് അഭിഷേക് അടിച്ചെടുത്തത്.13 സിക്സുകളും ഏഴ് ഫോറുകളും താരം നേടി. ട്വന്റി20 ക്രിക്കറ്റില്‍ ഒരു ഇന്ത്യൻ താരത്തിന്റെ ഉയർന്ന സ്കോറെന്ന റെക്കോർഡ് ഇതോടെ അഭിഷേക് ശര്‍മയുടെ പേരിലായി. ആഭ്യന്തര ക്രിക്കറ്റിൽ പഞ്ചാബ് ടീമിലെ അഭിഷേകിന്റെ സഹതാരം ശുഭ്മൻ ഗില്ലിന്റെ റെക്കോർഡാണ് തകർത്തത്. 2023 ൽ ന്യൂസീലന്‍ഡിനെതിരെ ഗിൽ പുറത്താകാതെ 126 റൺസെടുത്തിരുന്നു.
അതേസമയം, ട്വന്റി20യിലെ ഒരു ഇന്നിങ്സിൽ കൂടുതൽ സിക്സ് നേടിയ ഇന്ത്യൻ താരവും അഭിഷേകാണ്. പവർപ്ലേ ഓവറുകളിൽ 17 പന്തിലാണ് അഭിഷേക് അർധ സെഞ്ച്വറി പിന്നിട്ടത്. ഇന്ത്യൻ മണ്ണിൽ ഒരു താരത്തിന്റെ വേഗമേറിയ അർധ സെഞ്ച്വറിയാണിത്. മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 6.3 ഓവറിലാണ് 100 പിന്നിട്ടത്. ട്വന്റി20 ചരിത്രത്തിൽ വേഗമേറിയ 100 ആണിത്. 2023ൽ 10.2 ഓവറിൽ ബംഗ്ലദേശിനെതിരെ 100 പിന്നിട്ടതായിരുന്നു ഇന്ത്യയുടെ ഇതിന് മുന്‍പുള്ള മികച്ച നേട്ടം.
Also Read: അഭിമാനമായി ജോഷിത; ക്രിക്കറ്റ് ലോകകപ്പ് നേടുന്ന ആദ്യ മലയാളിവനിത
37 പന്തിൽ സെഞ്ച്വറി തികച്ച അഭിഷേക്, ഇന്ത്യൻ താരത്തിന്റെ വേഗമേറിയ രണ്ടാം സെഞ്ച്വറിയെന്ന നേട്ടവും സ്വന്തമാക്കി. 35 പന്തിൽ സെഞ്ച്വറി നേടിയ രോഹിത് ശർമയുടെ റെക്കോർഡ് സുരക്ഷിതമാണ്. പവർ പ്ലേ ഓവറുകളിൽ കൂടുതൽ റൺസ് നേടുന്ന ഇന്ത്യൻ താരമെന്ന റെക്കോർഡും അഭിഷേക് ശർമയുടെ പേരിലായി. ഇംഗ്ലണ്ടിനെതിരായ പവർപ്ലേ ഓവറുകളിൽ 58 റൺസാണ് ഇന്ത്യൻ താരം നേടിയത്. 2023 ൽ ഓസ്ട്രേലിയയ്ക്കെതിരെ 53 റൺസെടുത്ത യശസ്വി ജയ്സ്വാളിന്റെ റെക്കോർഡാണ് അഭിഷേക് മറികടന്നത്.