ജംഷദ്പുർ: അഭിഷേക് നായരുടെ തകർപ്പൻ സെഞ്ചുറിയുടെ കരുത്തിൽ ഝാർഖണ്ഡിനെതിരായ രഞ്ജി ട്രോഫി മത്സരത്തിൽ കേരളം പൊരുതുന്നു. മൂന്നാം ദിനം കളി നിർത്തുമ്പോൾ കേരളം ആറ് വിക്കറ്റ് നഷ്ടത്തിൽ 269 റൺസെന്ന നിലയിലാണ്. ഝാർഖണ്ഡിന്റെ ഒന്നാം ഇന്നിങ്സ് സ്കോറിനെ അപേക്ഷിച്ച് കേരളം ഇപ്പോഴും 318 റൺസ് പിന്നിലാണ്. ഒരു ഘട്ടത്തിൽ രണ്ട് വിക്കറ്റിന് 224 റൺസെന്ന ശക്തമായ നിലയിലായിരുന്ന കേരളത്തിന് അവസാന സെഷനിൽ നാല് വിക്കറ്റുകൾ നഷ്ടമായത് വലിയ തിരിച്ചടിയായി.
ഓപ്പണർമാരായ രോഹൻ കുന്നുമ്മലും അഭിഷേക് നായരും ചേർന്നാണ് കേരളത്തിന് മികച്ച തുടക്കം നൽകിയത്. പതിവ് ശൈലിയിൽ ആക്രമിച്ചു കളിച്ച രോഹൻ 44 റൺസെടുത്ത് പുറത്തായി. കേരളത്തിന്റെ സ്കോർ 83ൽ നിൽക്കെ ഉത്കർഷ് സിങ്ങിന്റെ പന്തിൽ സുഷാന്ത് മിശ്രയ്ക്ക് ക്യാച്ച് നൽകിയാണ് രോഹൻ മടങ്ങിയത്. തുടർന്ന് ക്രീസിലെത്തിയ സച്ചിൻ ബേബിയും അഭിഷേകും ചേർന്ന് 121 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. ഇതിനിടെ ആദിത്യ സിങ്ങിനെ സിക്സറിന് പറത്തി അഭിഷേക് രഞ്ജി ട്രോഫിയിലെ തന്റെ ആദ്യ സെഞ്ചുറിയും പൂർത്തിയാക്കി. 204 റൺസിലെത്തിയപ്പോൾ 35 റൺസെടുത്ത സച്ചിൻ ബേബി ഉത്കർഷ് സിങ്ങിന്റെ പന്തിൽ റോബിൻ മിൻസിന് ക്യാച്ച് നൽകി പുറത്തായി.
Also Read: ഏഴ് ദുരൂഹമരണങ്ങൾ, ഒമ്പതുവർഷത്തെ അന്വേഷണം! കൂടത്തിൽ ജയമാധവൻ നായർ കേസിൽ കാര്യസ്ഥൻ അറസ്റ്റിൽ
കേരളത്തിന്റെ ഇന്നിങ്സിന് കരുത്തായ അഭിഷേക് നായർ 126 റൺസെടുത്താണ് മടങ്ങിയത്. പത്ത് ഫോറും അഞ്ച് സിക്സും ഉൾപ്പെട്ട ഇന്നിങ്സിന് മനീഷിയുടെ മനോഹരമായ റിട്ടേൺ ക്യാച്ചാണ് വിരാമമിട്ടത്. പിന്നാലെ ഒരേ ഓവറിലെ തുടർച്ചയായ പന്തുകളിൽ വിഷ്ണു വിനോദും മുഹമ്മദ് അസറുദ്ദീനും പുറത്തായി. 15 റൺസെടുത്ത വിഷ്ണു വിനോദ് മുഹമ്മദ് കുനൈൻ ഖുറേഷിയുടെ പന്തിൽ എൽ.ബി.ഡബ്ല്യുവിൽ കുടുങ്ങിയപ്പോൾ തൊട്ടടുത്ത പന്തിൽ മുഹമ്മദ് അസറുദ്ദീൻ ക്യാച്ച് നൽകി മടങ്ങി. ഏഴ് റൺസെടുത്ത ജലജ് സക്സേനയും പുറത്തായതോടെ അവസാന സെഷനിൽ കേരളത്തിന് നാല് വിക്കറ്റുകൾ നഷ്ടമായി.
കളി നിർത്തുമ്പോൾ സൽമാൻ നിസാർ 17 റൺസുമായും ആദിത്യ സർവാദെ 13 റൺസുമായും ക്രീസിലുണ്ട്. ഝാർഖണ്ഡിനായി ഉത്കർഷ് സിങ് മൂന്ന് വിക്കറ്റും മുഹമ്മദ് കുനൈൻ ഖുറേഷി രണ്ട് വിക്കറ്റും നേടി. അഭിഷേക് നായരുടെ കന്നി സെഞ്ചുറി കേരളത്തിന് പ്രതീക്ഷ നൽകിയെങ്കിലും അവസാന സെഷനിലെ തകർച്ച ടീമിനെ സമ്മർദത്തിലാക്കി. ശേഷിക്കുന്ന വിക്കറ്റുകൾ കാത്തുസൂക്ഷിച്ച് റൺസ് ഉയർത്തുകയും ഝാർഖണ്ഡിന്റെ ലീഡ് കുറയ്ക്കുകയും ചെയ്യുക എന്നതാണ് ഇനി കേരളത്തിന്റെ പ്രധാന ലക്ഷ്യം.






