അഫ്ഗാനെ അടിച്ചുതകർത്ത് അഭിഷേക്! 13.4 ഓവറിൽ ഇന്ത്യയ്ക്ക് ജയം, സഞ്ജുവിന് വീണ്ടും നിരാശ

തുടക്കത്തിൽ തന്നെ ജസ്പ്രീത് ബുംറ രണ്ടാം പന്തിൽ റഹ്‌മാനുള്ള ഗുർബാസിനെ പൂജ്യത്തിന് പുറത്താക്കി. നാലാം ഓവറിൽ ക്യാപ്റ്റൻ ഇബ്രാഹിം സദ്രാൻ 11 റൺസിന് റണ്ണൗട്ടായി

അഫ്ഗാനെ അടിച്ചുതകർത്ത് അഭിഷേക്! 13.4 ഓവറിൽ ഇന്ത്യയ്ക്ക് ജയം, സഞ്ജുവിന് വീണ്ടും നിരാശ
അഫ്ഗാനെ അടിച്ചുതകർത്ത് അഭിഷേക്! 13.4 ഓവറിൽ ഇന്ത്യയ്ക്ക് ജയം, സഞ്ജുവിന് വീണ്ടും നിരാശ

ന്യൂഡൽഹി: 157 റൺസ് വിജയലക്ഷ്യം, പക്ഷേ മറുപടി ബാറ്റിങ്ങിൽ ഇന്ത്യയ്ക്ക് വേണ്ടിവന്നത് വെറും 13.4 ഓവർ മാത്രം. അഫ്ഗാൻ ബൗളർമാരെ അടിച്ചൊതുക്കി അഭിഷേക് ശർമ തകർത്തടിച്ചതോടെ ആദ്യ ടി20യിൽ ഇന്ത്യയ്ക്ക് മൂന്ന് വിക്കറ്റ് ജയം. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 1-0ന് മുന്നിലെത്തി. മത്സരത്തിൽ സഞ്ജു സാംസൺ വീണ്ടും നിരാശപ്പെടുത്തി; എട്ട് പന്തിൽ 10 റൺസെടുത്താണ് താരം പുറത്തായത്.

അഭിഷേകിന്റെ വെടിക്കെട്ട് ഇന്നിങ്സാണ് ഇന്ത്യയുടെ ജയം അനായാസമാക്കിയത്. വെറും 32 പന്തിൽ ഏഴ് സിക്‌സും ഏഴ് ഫോറുമടക്കം 82 റൺസാണ് താരം നേടിയത്. രണ്ടാം വിക്കറ്റിൽ ഇഷാൻ കിഷനൊപ്പം 53 പന്തിൽ 121 റൺസിന്റെ കൂട്ടുകെട്ടും അഭിഷേക് പടുത്തുയർത്തി. ഇഷാൻ 33 പന്തിൽ ഒരു സിക്‌സും അഞ്ച് ഫോറുമടക്കം 42 റൺസെടുത്തു. ക്യാപ്റ്റൻ ശ്രേയസ് അയ്യർ എട്ട് റൺസോടെയും തിലക് വർമ മൂന്ന് റൺസോടെയും പുറത്താകാതെ നിന്നു. അഫ്ഗാനായി മുഹമ്മദ് നബി രണ്ട് വിക്കറ്റ് വീഴ്ത്തി.

ALSO READ:ടോസ് ഇന്ത്യയ്ക്ക്, പക്ഷേ ആദ്യ ഇലവനിൽ വൈഭവില്ല..! അഫ്ഗാനെതിരെ സഞ്ജു ഓപ്പണർ, ബുംറ തിരിച്ചെത്തി

അഞ്ചിന് 43 റൺസെന്ന നിലയിൽ തകർന്ന അഫ്ഗാനെ ഒമർസായി–നബി കൂട്ടുകെട്ടാണ് മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത അഫ്ഗാൻ 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 156 റൺസെടുത്തു. 44 പന്തിൽ നാല് സിക്‌സും നാല് ഫോറുമടക്കം 64 റൺസുമായി അസ്മത്തുള്ള ഒമർസായി പുറത്താകാതെ നിന്നു. 27 പന്തിൽ രണ്ട് സിക്‌സും രണ്ട് ഫോറുമടക്കം 33 റൺസെടുത്ത മുഹമ്മദ് നബിക്കൊപ്പം 56 പന്തിൽ 83 റൺസാണ് ഒമർസായി കൂട്ടിച്ചേർത്തത്. എന്നാൽ 17-ാം ഓവറിൽ നബിയെ സ്ലോ ബോളിൽ അർഷ്ദീപ് പുറത്താക്കിയതോടെ കൂട്ടുകെട്ട് പൊളിഞ്ഞു.

തുടക്കത്തിൽ തന്നെ ജസ്പ്രീത് ബുംറ രണ്ടാം പന്തിൽ റഹ്‌മാനുള്ള ഗുർബാസിനെ പൂജ്യത്തിന് പുറത്താക്കി. നാലാം ഓവറിൽ ക്യാപ്റ്റൻ ഇബ്രാഹിം സദ്രാൻ 11 റൺസിന് റണ്ണൗട്ടായി. അഞ്ചാം ഓവറിൽ സെദിക്കുള്ള അടലിനെ 13 റൺസിന് അർഷ്ദീപ് പുറത്താക്കി. ഗുൽബാദിൻ നയ്ബും ഡാർവിഷ് റസൂലിയും രണ്ട് റൺസ് വീതം നേടി മടങ്ങിയതോടെ അഫ്ഗാൻ അഞ്ചിന് 43 എന്ന നിലയിലായി. പിന്നീട് റാഷിദ് ഖാനെ ഒരു റൺസിന് അർഷ്ദീപും നൂർ അഹമ്മദിനെ പൂജ്യത്തിന് ശ്രേയസ് അയ്യർ റണ്ണൗട്ടാക്കുകയും ചെയ്തു. അവസാന ഓവറിൽ ഒമർസായിയും മുജീബുർ റഹ്‌മാനും ചേർന്ന് 21 റൺസ് നേടിയതോടെയാണ് അഫ്ഗാൻ 150 കടന്നത്. ഇന്ത്യയ്ക്കായി നാല് ഓവറിൽ 19 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് നേടിയ അർഷ്ദീപാണ് ബൗളിങ്ങിൽ തിളങ്ങിയത്. ബുംറ, അക്ഷർ പട്ടേൽ, വരുൺ ചക്രവർത്തി എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

Share Email
Top