കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) സ്ഥാപകൻ അഭിജീത് ദിപ്കെയുടെ ഭാവിയിൽ കടുത്ത പ്രതിസന്ധികൾ വരാനിരിക്കുന്നുവെന്നും അടുത്ത വർഷം അദ്ദേഹത്തിന് ജയിൽവാസം വരെ ഉണ്ടായേക്കാമെന്നും പ്രശസ്ത ജ്യോതിഷിയുടെ പുതിയ പ്രവചനം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നു. നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഡൽഹി ജന്തർമന്തറിൽ വൻ സമരത്തിന് നേതൃത്വം നൽകി ശ്രദ്ധേയനായ അഭിജീതിനെക്കുറിച്ചുള്ള ഈ പ്രവചനം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്.
സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വീഡിയോയിലാണ് ജ്യോതിഷി ഈ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുന്നത്. ചില ആളുകളുടെ ജീവിതം കുമിളകൾ പോലെ പെട്ടെന്ന് ഉയരുകയും പിന്നീട് പൊട്ടിത്തകർന്നു പോവുകയും ചെയ്യുമെന്ന് വ്യക്തമാക്കിയ ജ്യോതിഷി, അഭിജീതിനെ സംബന്ധിച്ച് അടുത്ത വർഷം അതീവ ദുഷ്കരമായിരിക്കുമെന്നും മുന്നറിയിപ്പ് നൽകുന്നു. അദ്ദേഹത്തിന്റെ പേഴ്സണൽ ഇയർ നമ്പർ മാറുന്നതും ഗ്രഹങ്ങളുടെ സ്വാധീനവും കാരണം അടുത്ത വർഷം ഫെബ്രുവരി 6-ന് ശേഷം വലിയ തോതിലുള്ള മാനസിക സംഘർഷങ്ങളും പ്രശ്നങ്ങളും തലപ്പൊക്കുമെന്നും പ്രവചനത്തിൽ പറയുന്നുണ്ട്.
ന്യൂമറോളജി പ്രകാരം പേരിന്റെ സ്പെല്ലിംഗ് മാറ്റാൻ ജ്യോതിഷി ഉപദേശിച്ചിട്ടുണ്ടെങ്കിലും, ഈ പ്രവചനത്തിന് അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. യുവാക്കൾക്കിടയിൽ വലിയ തരംഗം സൃഷ്ടിച്ച ഒരു നേതാവിന് വരുംകാലങ്ങളിൽ രാഷ്ട്രീയമായി നേരിടേണ്ടി വന്നേക്കാവുന്ന വെല്ലുവിളികളെക്കുറിച്ചുള്ള ഈ ചർച്ചകൾ ഇപ്പോൾ രാഷ്ട്രീയ നിരീക്ഷകരുടെയും ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്.






