‘ഗപ്പി’, ‘അമ്പിളി’ എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ജോൺ പോൾ ജോർജ് സംവിധാനം ചെയ്ത “ആശാൻ” എന്ന ചിത്രത്തിന്റെ പ്രിവ്യൂ ഷോ കൊച്ചിയിൽ നടന്നു. ചിത്രത്തിന് ലഭിച്ച ഗംഭീര പ്രതികരണം സിനിമാ പ്രേമികൾക്കിടയിൽ വലിയ പ്രതീക്ഷയാണ് നൽകുന്നത്. ഫെബ്രുവരി 5-ന് ചിത്രം ആഗോളതലത്തിൽ റിലീസ് ചെയ്യും. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് ആണ് ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്.
40 വർഷത്തെ കരിയറിൽ 550-ലേറെ ചിത്രങ്ങളിൽ അഭിനയിച്ച ഇന്ദ്രൻസ്, തന്റെ ആദ്യ സമ്പൂർണ്ണ കൊമേഴ്‌സ്യൽ ചിത്രത്തിൽ നായകനായി എത്തുന്നു എന്നതാണ് ‘ആശാന്റെ’ പ്രധാന ആകർഷണം. ചിത്രത്തിൽ അദ്ദേഹം പാടുകയും ചെയ്തിട്ടുണ്ട്. സിനിമാ ലോകത്തെ അണിയറ രഹസ്യങ്ങളും തമാശകളും പ്രമേയമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഇന്ദ്രൻസിനൊപ്പം ജോമോൻ ജ്യോതിറിന്റെ കരിയറിലെ മികച്ച പ്രകടനവും പ്രിവ്യൂവിൽ ശ്രദ്ധിക്കപ്പെട്ടു.
Also Read: തമിഴകത്ത് ‘ബിഗ് എം’; ധനുഷ്-രാജ്‌കുമാർ പെരിയസാമി ചിത്രത്തിൽ മമ്മൂട്ടിയും!
ഷോബി തിലകൻ, ബിബിൻ പെരുമ്പിള്ളി, അബിൻ ബിനോ എന്നിവർക്കൊപ്പം നൂറിലധികം പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ചിത്രത്തിന്റെ കേരളത്തിലെ ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞു. മെഗാസ്റ്റാർ മമ്മൂട്ടി ട്രെയ്‌ലർ ലോഞ്ച് ചടങ്ങിൽ ചിത്രത്തെ അത്ഭുത സിനിമ എന്ന് വിശേഷിപ്പിച്ചിരുന്നു. രസകരമായ കോമഡികളും ഹൃദയസ്പർശിയായ മുഹൂർത്തങ്ങളും കോർത്തിണക്കിയ ചിത്രം ഒരു ഗംഭീര എന്റർടൈനർ ആകുമെന്നാണ് പ്രിവ്യൂ കണ്ടവരുടെ അഭിപ്രായം.






