ചണ്ഡിഗഡ്: തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പഞ്ചാബിൽ വീണ്ടും രാഷ്ട്രീയ കൊലപാതകം. ആംആദ്മി പാർട്ടി സർപഞ്ച് അശ്വനി കുമാറിനെ ബൈക്കിലെത്തിയ സംഘം വെടിവെച്ചുകൊന്നു. തൺ തരൺ ജില്ലയിലെ ടൂട്ട് ഗ്രാമത്തിലെ സർപഞ്ചായ അശ്വനി കുമാർ ചൊവ്വാഴ്ച പ്രാദേശിക വിപണിയിലേക്ക് പോകുന്നതിനിടെയാണ് ആക്രമണമുണ്ടായത്. വെടിവെപ്പിൽ അദ്ദേഹത്തിന്റെ സഹായി ചാംകൗർ സിംഗിനും ഗുരുതരമായി പരിക്കേറ്റു. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ സംസ്ഥാനത്ത് സമാനമായ രീതിയിൽ നടക്കുന്ന മൂന്നാമത്തെ കൊലപാതകമാണിത്.
മകനും അക്കൗണ്ടന്റിനും ഡ്രൈവർക്കുമൊപ്പം ഇന്നോവ കാറിൽ സഞ്ചരിക്കുകയായിരുന്നു അശ്വനി കുമാർ. ഇതിനിടെ മോട്ടോർസൈക്കിളിലെത്തിയ അക്രമികൾ വാഹനത്തിന് സമീപമെത്തി തുരുതുരെ വെടിയുതിർക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അശ്വനി കുമാറിനെ ഉടൻ പാട്ടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. പരിക്കേറ്റ ചാംകൗർ സിംഗ് നിലവിൽ ചികിത്സയിലാണ്. വെടിവെപ്പിന് പിന്നാലെ അക്രമികൾ മോട്ടോർസൈക്കിളിൽ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. പ്രതികളെ തിരിച്ചറിയാനും കൊലപാതകത്തിന് പിന്നിലെ യഥാർഥ കാരണം കണ്ടെത്താനുമുള്ള അന്വേഷണം ശക്തമാക്കിയതായി അന്വേഷണ ഉദ്യോഗസ്ഥൻ അറിയിച്ചു.
മൂന്ന് ദിവസത്തിനിടെ നടക്കുന്ന മൂന്നാമത്തെ സമാന കൊലപാതകമാണ് സംഭവത്തെ കൂടുതൽ ഗൗരവമുള്ളതാക്കുന്നത്. ശനിയാഴ്ച ലുധിയാനയിലെ മനേവാൾ ഗ്രാമത്തിലെ മുൻ സർപഞ്ച് നവ്തേജ് സിംഗ് വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. വീട്ടിലേക്ക് മടങ്ങുകയായിരുന്ന അദ്ദേഹത്തിന്റെ ഇന്നോവ കാർ തടഞ്ഞുനിർത്തിയ ശേഷം ബൈക്കിലെത്തിയ രണ്ടുപേർ കുറഞ്ഞത് പത്ത് റൗണ്ട് വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിന്റെ ദൃശ്യങ്ങൾ കാറിന്റെ ഡാഷ്ക്യാമിൽ പതിഞ്ഞിട്ടുണ്ട്. അതേ ദിവസം അമൃത്സറിൽ പഞ്ചാബി ഇൻഫ്ലുവൻസറും മേക്കപ്പ് ആർട്ടിസ്റ്റുമായ മാഡ് സന്ധുവും ബൈക്കിലെത്തിയ രണ്ടുപേരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു. LGBTQ+ സമൂഹത്തിലെ അംഗമായിരുന്ന സന്ധുവിന്റെ കൊലപാതകത്തിന്റെ ഉത്തരവാദിത്വം പഞ്ചാബിനെ നശിപ്പിച്ചുവെന്ന് ആരോപിച്ച് ചിലർ ഒരു ഗുണ്ടാസംഘാംഗത്തിന്റെ സാമൂഹികമാധ്യമ അക്കൗണ്ട് വഴി ഏറ്റെടുത്തിരുന്നു.
മധുസൂദൻ എന്നായിരുന്നു സന്ധുവിന്റെ യഥാർഥ പേര്. മേക്കപ്പ്, സിനിമാ മേഖല, ലിംഗവിഷയങ്ങൾ എന്നിവയെക്കുറിച്ച് സംസാരിക്കാൻ അദ്ദേഹം പോഡ്കാസ്റ്റുകളിൽ പങ്കെടുക്കാറുണ്ടായിരുന്നു. സാമൂഹികമാധ്യമങ്ങളിൽ നിരന്തരം അധിക്ഷേപങ്ങളും നേരിട്ടിരുന്നു. ഏതാനും മാസങ്ങൾക്കുള്ളിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പഞ്ചാബിൽ തുടർച്ചയായുണ്ടാകുന്ന കൊലപാതകങ്ങൾ സംസ്ഥാനത്തെ ക്രമസമാധാന നിലയെക്കുറിച്ച് വലിയ ചോദ്യങ്ങളാണ് ഉയർത്തുന്നത്. അശ്വനി കുമാർ ഉൾപ്പെടെയുള്ളവരുടെ കൊലപാതകങ്ങൾക്ക് പിന്നിലെ കാരണവും പ്രതികളും പുറത്തുവരുന്നതോടെ മാത്രമേ സംഭവങ്ങളുടെ യഥാർഥ ചിത്രം വ്യക്തമാകൂ.






