ബെംഗളൂരു: പ്രണയം നിരസിച്ചതിന് 20 കാരിയെ യുവാവ് കുത്തിക്കൊന്നു. കര്‍ണാടകയിലെ ഹുബ്ബള്ളിയില്‍ അഞ്ജലി അംബിഗേര എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച പുലര്‍ച്ചെ യുവതി ഉറങ്ങിക്കിടക്കുമ്പോള്‍ പ്രതിയായ ഗിരീഷ് സാവന്ത് (23) മുറിയില്‍ അതിക്രമിച്ച് കയറി കൊലപ്പെടുത്തുകയായിരുന്നു. നേഹ ഹിരേമത് എന്ന വിദ്യാര്‍ഥിയെ സഹപാഠി കുത്തിക്കൊലപ്പെടുത്തിയപോലെ അഞ്ജലിയെ കൊല്ലുമെന്ന് ഗിരീഷ് ഭീഷണിപ്പെടുത്തിയിരുന്നതായി സഹോദരി പറഞ്ഞു.
‘ഗിരീഷ് കുറച്ചുകാലമായി എന്റെ സഹോദരി അഞ്ജലിയെ ശല്യം ചെയ്യുകയായിരുന്നു. അവന്‍ അവളോട് തന്റെ പ്രണയം പറഞ്ഞെങ്കിലും എന്റെ സഹോദരി നിരസിച്ചു. തന്റെ കൂടെ മൈസൂരുവിലേക്ക് ചെല്ലാന്‍ അവന്‍ എന്റെ സഹോദരിയെ നിര്‍ബന്ധിക്കുകയും ചെയ്തുവെന്ന് അഞ്ജലിയുടെ സഹോദരി പറഞ്ഞു. ഭീഷണിയെക്കുറിച്ച് പൊലീസിനെ അറിയിച്ചെങ്കിലും നടപടിയുണ്ടായില്ലെന്നും അവര്‍ ആരോപിച്ചു. അതേസമയം, കൊലപാതകത്തിന് പിന്നിലെ കാരണം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.
‘വീര്‍പുര ഓനി വില്ലേജിന് സമീപമുള്ള അധികാരപരിധിയില്‍ അഞ്ജലി എന്ന പെണ്‍കുട്ടിയുടെ കൊലപാതകം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇന്ന് രാവിലെ അക്രമി അവരുടെ വീടിനുള്ളില്‍ കയറി കുത്തിക്കൊന്നു. ദാരുണമായ സംഭവത്തിന് പിന്നിലെ കാരണം കണ്ടെത്താന്‍ ഞങ്ങള്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൂടുതല്‍ അന്വേഷണം നടത്തുകയാണ്”, ഹുബ്ബള്ളി ധാര്‍വാഡ് എസ്പി ഗോപാല്‍ പറഞ്ഞു. പ്രതികളെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം നടത്തിവരികയാണ്.