അസമിൽ ട്രാക്ടർ ടയർ കഴുത്തിൽ കുടുങ്ങിയ നിലയിൽ കാട്ടാനയെ കണ്ടെത്തി

മനുഷ്യ-വന്യജീവി സംഘർഷങ്ങൾ പതിവായ ഈ പ്രദേശത്ത് ടയർ കഴുത്തിൽ കുടുങ്ങിയ നിലയിൽ ആനയെ കണ്ടത് പ്രദേശവാസികളിൽ വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്

അസമിൽ ട്രാക്ടർ ടയർ കഴുത്തിൽ കുടുങ്ങിയ നിലയിൽ കാട്ടാനയെ കണ്ടെത്തി
അസമിൽ ട്രാക്ടർ ടയർ കഴുത്തിൽ കുടുങ്ങിയ നിലയിൽ കാട്ടാനയെ കണ്ടെത്തി

അസമിലെ ഗോലാഘട്ട് ജില്ലയിൽ തേയിലത്തോട്ടത്തിൽ ട്രാക്ടറിന്റെ ടയർ കഴുത്തിൽ കുടുങ്ങിയ നിലയിൽ കാട്ടാനയെ കണ്ടെത്തി. നുമാലിഗഢിന് സമീപം ബോകിയലിലെ തേയിലത്തോട്ടത്തിലൂടെ ഭക്ഷണം തേടി നടക്കവെയാണ് നാട്ടുകാർ ആനയെ ആദ്യം കണ്ടത്. മനുഷ്യ-വന്യജീവി സംഘർഷങ്ങൾ പതിവായ ഈ പ്രദേശത്ത് ടയർ കഴുത്തിൽ കുടുങ്ങിയ നിലയിൽ ആനയെ കണ്ടത് പ്രദേശവാസികളിൽ വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. സംഭവത്തിന്റെ ദൃശ്യങ്ങൾ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.

വനമേഖലയിലൂടെ സഞ്ചരിക്കുന്നതിനിടയിൽ ആന തുമ്പിക്കൈ ഉപയോഗിച്ച് ഉപേക്ഷിക്കപ്പെട്ട ട്രാക്ടർ ടയർ എടുത്തതാകാമെന്നും, പിന്നീട് ഇത് കഴുത്തിലേക്ക് വഴുതിവീണതാകാമെന്നുമാണ് വനംവകുപ്പ് അധികൃതരുടെ പ്രാഥമിക നിഗമനം. ആനയെ കണ്ട ഉടൻ തന്നെ നാട്ടുകാർ വിവരം വനംവകുപ്പിനെ അറിയിക്കുകയായിരുന്നു. തുടർന്ന് വനംവകുപ്പ് സംഘം സ്ഥലത്തെത്തി ആനയുടെ നീക്കങ്ങൾ കർശനമായി നിരീക്ഷിച്ചു വരികയാണ്. ആന ഇതിനകം തന്നെ അസ്വസ്ഥമായ അവസ്ഥയിലായതിനാൽ ആരും അതിനടുത്തേക്ക് പോകുകയോ പ്രകോപിപ്പിക്കുകയോ ചെയ്യരുതെന്ന് കർശന നിർദേശം നൽകിയിട്ടുണ്ട്.

നിലവിൽ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പ്രത്യേക സംഘം ആനയെ നിരീക്ഷിച്ചു വരികയാണ്. ആനയുടെ ആരോഗ്യസ്ഥിതി പൂർണ്ണമായി വിലയിരുത്തിയ ശേഷം, വിദഗ്ദ്ധരുടെ സഹായത്തോടെ കഴുത്തിൽ കുടുങ്ങിയിരിക്കുന്ന ടയർ സുരക്ഷിതമായി നീക്കം ചെയ്യാനുള്ള അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

Share Email
Top