ഫോക്‌സ്‌വാഗൺ ഇന്ത്യ തങ്ങളുടെ പ്രിയപ്പെട്ട പ്രീമിയം സെഡാനായ വിർട്ടസിന്റെ നാലാം വാർഷികം വമ്പിച്ച ഓഫറുകളോടെ ആഘോഷിക്കുന്നു. 2022-ൽ MQB A0 IN പ്ലാറ്റ്‌ഫോമിൽ പുറത്തിറങ്ങിയ വിർട്ടസ്, ചുരുങ്ങിയ കാലയളവിനുള്ളിൽ ഇന്ത്യൻ വിപണിയിലെ ഏറ്റവും സുരക്ഷിതവും സ്റ്റൈലിഷുമായ പ്രീമിയം എക്‌സിക്യൂട്ടീവ് സി-സെഗ്മെന്റ് സെഡാനായി മാറി. ഈ വിജയകരമായ നാല് വർഷത്തെ നാഴികക്കല്ല് പ്രമാണിച്ച് പുതിയ വാങ്ങുന്നവർക്കും നിലവിലുള്ള ഉപഭോക്താക്കൾക്കുമായി പ്രത്യേക വാർഷിക ആനുകൂല്യങ്ങളുടെ ഒരു ശ്രേണിയാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.
വിർട്ടസ് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്കായി നിരവധി ആകർഷകമായ ഫിനാൻസ് പാക്കേജുകളാണ് ഫോക്‌സ്‌വാഗൺ ഒരുക്കിയിരിക്കുന്നത്. ബൈ നൗ, പേ ലേറ്റർ, ഇപ്പോൾ വാഹനം വാങ്ങി പിന്നീട് പണം അടയ്ക്കാനുള്ള പ്രത്യേക സ്കീമുകൾ, ലോയൽറ്റി ആനുകൂല്യങ്ങൾ, പ്രൊഫഷണലുകളായ ഡോക്ടർമാർ, ചാർട്ടേഡ് അക്കൗണ്ടന്റുമാർ എന്നിവർക്കായി കമ്പനി പ്രത്യേക തരം ആനുകൂല്യങ്ങൾ നീക്കിവെച്ചിട്ടുണ്ട്. വിർട്ടസിന് ഇന്ത്യൻ വിപണിയിൽ ലഭിച്ച വമ്പൻ ജനപ്രീതിയെക്കുറിച്ച് കമ്പനി പുറത്തുവിട്ട കണക്കുകൾ കൗതുകമുണർത്തുന്നതാണ്. ഇന്ത്യയിൽ ശരാശരി ഓരോ 24 മിനിറ്റിലും ഒരു ഫോക്‌സ്‌വാഗൺ വിർട്ടസ് വീതം വിറ്റഴിയുന്നുണ്ടെന്ന് കമ്പനി വ്യക്തമാക്കി. ഇന്ത്യയിലെ പെർഫോമൻസ് പ്രേമികൾ കാറിന്റെ ‘ജിടി’ വേരിയന്റുകൾക്കും ഓട്ടോമാറ്റിക് ട്രാൻസ്മിഷനുകൾക്കുമാണ് കൂടുതൽ മുൻഗണന നൽകുന്നത്. നിലവിൽ 10.70 ലക്ഷം രൂപ മുതൽ (എക്സ്-ഷോറൂം) വിർട്ടസ് വിപണിയിൽ ലഭ്യമാണ്.
Also Read: ആഗോള വിപണി കീഴടക്കി ടിവിഎസ്; 70 ലക്ഷം വിൽപ്പനയുമായി അപ്പാച്ചെ, നാഴികക്കല്ലായി RR 310
രണ്ട് എൻജിൻ ഓപ്ഷനുകളിലാണ് ഈ സെഡാൻ എത്തുന്നത്. 1.0 ലിറ്റർ 3-സിലിണ്ടർ TSI എൻജിൻ മാനുവൽ, ഓട്ടോമാറ്റിക് ഓപ്ഷനുകളിൽ ലഭ്യമാണ്. 1.5 ലിറ്റർ 4-സിലിണ്ടർ TSI എൻജിൻ കൂടുതൽ കരുത്തുറ്റ ഈ എൻജിൻ 6-സ്പീഡ് മാനുവൽ, 7-സ്പീഡ് DSG ഓട്ടോമാറ്റിക് ഗിയർബോക്‌സുകളുമായി വരുന്നു. “വിർട്ടസിന്റെ നാല് വർഷത്തെ ആഘോഷം ഫോക്‌സ്‌വാഗൺ ഇന്ത്യയെ സംബന്ധിച്ച് അഭിമാനകരമായ നാഴികക്കല്ലാണ്. ഞങ്ങളുടെ ഉപഭോക്താക്കൾ ബ്രാൻഡിൽ അർപ്പിച്ച വിശ്വാസത്തെയാണ് ഇത് കാണിക്കുന്നത്,” എന്ന് ഫോക്‌സ്‌വാഗൺ ഇന്ത്യയുടെ ബ്രാൻഡ് ഡയറക്ടർ നിതിൻ കോഹ്‌ലി പറഞ്ഞു. ഈ യാത്രയിൽ പങ്കാളികളായ ഓരോരുത്തർക്കും നന്ദി അറിയിക്കുന്നതിനൊപ്പം പുതിയ ഉപഭോക്താക്കളെ ഫോക്‌സ്‌വാഗൺ കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നതിനുമുള്ള മികച്ച അവസരമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വാർഷികത്തിന്റെ ഭാഗമായി രാജ്യത്തുടനീളമുള്ള ഫോക്‌സ്‌വാഗൺ ഡീലർഷിപ്പുകളിൽ പ്രത്യേക ആഘോഷങ്ങളും വ്യക്തിഗതമാക്കിയ ഫിനാൻസ് ഓഫറുകളും ഒരുക്കിയിട്ടുണ്ട്.






