മലയാള സിനിമയിലെ പുതിയ പരീക്ഷണ ചിത്രങ്ങളെ പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിക്കുന്ന കാലഘട്ടത്തിൽ, ജനപ്രിയ നായകൻ ദിലീപിനെ കേന്ദ്രകഥാപാത്രമാക്കി അണിയറയിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണ് ‘നീക്കം’. പ്രശസ്ത സംവിധായകൻ ഷാജി കൈലാസിന്റെ മകൻ ജഗൻ ഷാജി കൈലാസ് ആദ്യമായി സംവിധാനം ചെയ്യുന്ന ഈ ചിത്രം പതിവ് വാണിജ്യ ചേരുവകൾ പൂർണ്ണമായും ഒഴിവാക്കിയാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. ചിത്രത്തിൽ നായികയോ തല്ലിപ്പൊളി ഫൈറ്റുകളോ ഇല്ലെന്നും, പാട്ടുകൾ പോലും പശ്ചാത്തലത്തിൽ വളരെ കുറച്ച് മാത്രമേ ഉണ്ടാവുകയുള്ളൂവെന്നും സംവിധായകൻ ജഗൻ ഷാജി കൈലാസ് ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തി. മീശ പിരിച്ചു നിൽക്കുന്ന നായക സങ്കൽപ്പങ്ങൾക്ക് അപ്പുറം യാഥാർത്ഥ്യത്തോട് അടുത്ത നിൽക്കുന്ന ഒരു കംപ്ലീറ്റ് ഇൻവെസ്റ്റിഗേഷൻ ത്രില്ലറായിരിക്കും ‘നീക്കം’.
ചിത്രത്തിന്റെ ഡബ്ബിങ് ജോലികൾ ഇതിനോടകം പൂർത്തിയായിക്കഴിഞ്ഞു. അവസാനഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്ന സിനിമ വരാനിരിക്കുന്ന ക്രിസ്മസ് റിലീസായി തിയേറ്ററുകളിൽ എത്തിക്കാനാണ് അണിയറ പ്രവർത്തകർ ലക്ഷ്യമിടുന്നത്. ആദ്യ സിനിമയിലെ ഔട്ട്പുട്ടിൽ താൻ നൂറ് ശതമാനം തൃപ്തനാണെന്നും സംവിധായകൻ കൂട്ടിച്ചേർത്തു. എന്നാൽ, സാമ്പത്തിക തർക്കങ്ങളെ തുടർന്ന് ചിത്രത്തിന്റെ റിലീസ് മദ്രാസ് ഹൈക്കോടതി താൽക്കാലികമായി തടഞ്ഞത് വാർത്തകളിൽ ഇടം നേടിയിരുന്നു. നിർമ്മാണ കരാറുമായി ബന്ധപ്പെട്ട വെറും ഒരു അഗ്രിമെന്റ് പ്രശ്നം മാത്രമാണിതെന്നും മധ്യസ്ഥതയിലൂടെ ഈ സാമ്പത്തിക പ്രതിസന്ധി ഉടൻ തന്നെ പരിഹരിക്കുമെന്നും ജഗൻ വ്യക്തമാക്കി.
Also Read: ‘അമ്മ’യിൽ നിയമപോരാട്ടം മുറുകുന്നു; ഹർജിയിൽ കക്ഷിചേരാനുള്ള അൻസിബയുടെ അപേക്ഷയെ എതിർത്ത് ശ്വേതാ മേനോൻ!
ദിലീപിന്റെ കരിയറിലെ 152-ാമത് ചിത്രമെന്ന പ്രത്യേകതയും ‘നീക്ക’ത്തിനുണ്ട്. സൂപ്പർഹിറ്റ് ചിത്രം ‘ഉദാഹരണം സുജാത’യ്ക്ക് ശേഷം സന്ദീപ് സേനൻ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ അശോകൻ, ബിനു പപ്പു, കലാഭവൻ ഷാജോൺ, സിദ്ദിഖ്, വീണ നന്ദകുമാർ, ബിലാസ് ചന്ദ്രഹാസൻ, ശാരി, രമ്യ സുരേഷ് തുടങ്ങിയ വൻ താരനിരയാണ് ദിലീപിനൊപ്പം അണിനിരക്കുന്നത്. വാണിജ്യ സിനിമകളുടെ അതിർവരമ്പുകൾ ലംഘിച്ച് ദിലീപ് നടത്തുന്ന ഈ വേറിട്ട ഇൻവെസ്റ്റിഗേഷൻ പരീക്ഷണം കാണാൻ വലിയ പ്രതീക്ഷയോടെയാണ് സിനിമാലോകം കാത്തിരിക്കുന്നത്.





