ഷാർജ: കനക്കുന്ന വേനൽച്ചൂടിൽ എമിറേറ്റിലെ തീപ്പിടിത്ത സാധ്യതകൾ പൂർണ്ണമായും ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെ സുരക്ഷാ പരിശോധനകൾ കർശനമാക്കി ഷാർജ സിവിൽ ഡിഫൻസ്. ഉയർന്ന താപനില മൂലം ഉണ്ടാകാനിടയുള്ള അപകടങ്ങൾ മുൻകൂട്ടി കണ്ട് പ്രതിരോധ-സുരക്ഷാ മാനദണ്ഡങ്ങൾ കൂടുതൽ ശക്തമാക്കുകയാണ് അധികൃതർ. എമിറേറ്റിലെ വിവിധ വ്യവസായ-വാണിജ്യ സ്ഥാപനങ്ങളിലും കെട്ടിടങ്ങളിലും വ്യാപകമായ പരിശോധനാ കാംപെയ്നുകളാണ് ഇപ്പോൾ നടന്നുവരുന്നത്.
കെട്ടിടങ്ങളും സ്ഥാപനങ്ങളും നിർബന്ധമായും അഗ്നിസുരക്ഷാ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയാണ് ഈ തീവ്ര കാംപെയ്നിലൂടെ ലക്ഷ്യമിടുന്നതെന്ന് ഷാർജ സിവിൽ ഡിഫൻസ് അതോറിറ്റിയിലെ സേഫ്റ്റി ആൻഡ് പ്രിവൻഷൻ ഇൻസ്പെക്ടർ വാറന്റ് ഓഫീസർ മുഹമ്മദ് സെയ്ഫ് അൽ മസ്റൂഇ വ്യക്തമാക്കി.
Also Read: കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ ഷാർജ; ‘അഹ്ൽ അൽ അതർ’ ബോധവത്കരണ കാംപെയ്ന് തുടക്കമായി
അപകടങ്ങൾ ചുവടുവെക്കും മുൻപേ തടയാൻ അത്യാധുനിക സജ്ജീകരണങ്ങളുടെ പ്രവർത്തനക്ഷമതയാണ് പരിശോധനാ സംഘം പ്രധാനമായും വിലയിരുത്തുന്നത്. കെട്ടിടങ്ങളിലെ സ്മോക്ക് ഡിറ്റക്ടറുകൾ, ഫയർ പമ്പുകൾ, ഫയർ എക്സ്റ്റിംഗ്വിഷറുകൾ തുടങ്ങിയ അഗ്നി പ്രതിരോധ സംവിധാനങ്ങൾ കൃത്യമായി പ്രവർത്തിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുന്നുണ്ട്. അടിയന്തര സാഹചര്യങ്ങളിൽ ജനങ്ങളെ സുരക്ഷിതമായി പുറത്തെത്തിക്കാനുള്ള എമർജൻസി എക്സിറ്റുകൾ തടസ്സമില്ലാതെ സൂക്ഷിക്കുന്നുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. സുരക്ഷാ വീഴ്ചകൾ വരുത്തുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും, പൊതുജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ എല്ലാവരും സിവിൽ ഡിഫൻസിന്റെ നിർദേശങ്ങളോട് സഹകരിക്കണമെന്നും അധികൃതർ ഓർമ്മിപ്പിച്ചു.






