ന്യൂഡൽഹിയിൽ നടക്കുന്ന ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ യുവതാരം ആയുഷ് ഷെട്ടിക്ക് അതികഠിനമായ തുടക്കമാണ് ലഭിച്ചിരിക്കുന്നത്. ചാമ്പ്യൻഷിപ്പിലെ ആദ്യ മത്സരത്തിൽ തന്നെ ലോക ഒന്നാം നമ്പർ താരവും നിലവിലെ ലോകജേതാവുമായ ചൈനയുടെ ഷി യുഖിയാണ് ആയുഷിന്റെ എതിരാളി. ലോക ഇരുപത്തിമൂന്നാം നമ്പറുകാരനായ ആയുഷിന് കരിയറിലെ തന്നെ ഏറ്റവും വലിയ വെല്ലുവിളികളിലൊന്നാണിത്. ഇതിനുമുമ്പ് ഇരുവരും മൂന്ന് തവണ ഏറ്റുമുട്ടിയിട്ടുണ്ടെങ്കിലും മൂന്ന് പ്രാവശ്യവും വിജയം ഷി യുഖിക്കൊപ്പമായിരുന്നു. ഈ ടൂർണമെന്റിൽ കിരീടം നേടാൻ ഏറ്റവും കൂടുതൽ സാധ്യത കൽപിക്കപ്പെടുന്ന താരങ്ങളിൽ ഒരാളാണ് യുഖി. അതേസമയം ബാഡ്മിന്റൺ ഏഷ്യാ ചാമ്പ്യൻഷിപ്പിൽ കിരീടം ചൂടിയ ആയുഷിന് പരിക്കുമൂലം പിന്നീട് തന്റെ പഴയ ഫോം നിലനിർത്താൻ സാധിച്ചിരുന്നില്ല.
ആദ്യ മത്സരം തന്നെ ലോകചാമ്പ്യനുമായി ആയതുകൊണ്ട് വലിയ സമ്മർദമുണ്ടെന്ന് ആയുഷ് തുറന്നുപറയുന്നു. എങ്കിലും അതിനുവേണ്ടി കഠിനമായ പരിശീലനവും മികച്ച പ്രകടനവും പുറത്തെടുക്കാനുള്ള തയ്യാറെടുപ്പിലാണ് താരം. നാട്ടിൽ കാണികളുടെ പിന്തുണയോടെ കളിക്കുന്നതിന്റെ വലിയ ആവേശവും ആയുഷിനുണ്ട്. ഓഗസ്റ്റ് 17 മുതൽ 23 വരെ ന്യൂഡൽഹിയിലെ ഇന്ദിരാഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലാണ് ലോക ചാമ്പ്യൻഷിപ്പ് നടക്കുന്നത്. കൃത്യം പതിനേഴ് വർഷത്തിനുശേഷമാണ് ഇന്ത്യ ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന് ആതിഥേയത്വം വഹിക്കുന്നത് എന്നത് ടൂർണമെന്റിന്റെ മാറ്റ് കൂട്ടുന്നുണ്ട്.
ALSO READ;ഫസ്റ്റ് പാകിസ്ഥാൻ തന്നെ..! ടി20യിൽ ഏറ്റവും വേഗത്തിൽ 7,000 റൺസ് തികച്ച 5 മികച്ച ബാറ്റ്‌സ്മാൻമാർ
ആയുഷിന് പുറമെ മറ്റ് ഇന്ത്യൻ താരങ്ങളും വലിയ പ്രതീക്ഷയോടെയാണ് കോർട്ടിലിറങ്ങുന്നത്. പുരുഷന്മാരുടെ സിംഗിൾസിൽ ലക്ഷ്യ സെന്നാണ് ഇന്ത്യയുടെ മറ്റൊരു പ്രധാന മെഡൽ പ്രതീക്ഷ. വനിതാ സിംഗിൾസിൽ മുൻ ലോക ചാമ്പ്യനും ഇരട്ട ഒളിമ്പിക് മെഡൽ ജേതാവുമായ പി.വി. സിന്ധുവും, പുരുഷന്മാരുടെ ഡബിൾസിൽ സാത്വിക്‌സായിരാജ് രാങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യവും, മിക്സഡ് ഡബിൾസിൽ ധ്രുവ് കപില-തനിഷ കാസ്‌ട്രോ സഖ്യവും രാജ്യത്തിനായി പോരാടാൻ ഇറങ്ങുന്നുണ്ട്.
ലോക ചാമ്പ്യൻമാരെ നേരിടുക എന്നത് ചെറിയ കാര്യമല്ലെങ്കിലും, സ്വന്തം നാട്ടിലെ കാണികളുടെ മുന്നിൽ വെച്ച് കരിയറിലെ ഏറ്റവും വലിയ അട്ടിമറിക്ക് ആയുഷ് ഷെട്ടിക്കും ഇന്ത്യൻ സംഘത്തിനും സാധിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.






