ട്രംപിന് ഇനി കടുത്ത പരീക്ഷണം!ഇരുസഭകളും ഡെമോക്രാറ്റുകൾക്ക്; ഇംപീച്ച്‌മെന്റ് നീക്കം, ഇറാൻ യുദ്ധം, അമേരിക്കയിൽ ഇനി എന്ത് സംഭവിക്കും?

സെനറ്റിൽ സാധാരണ നിയമനിർമാണ നടപടികൾ മുന്നോട്ടുകൊണ്ടുപോകുന്നതിനും 60 അംഗങ്ങളുടെ പിന്തുണ ആവശ്യമായി വരാവുന്ന സാഹചര്യവുമുണ്ട്

ട്രംപിന് ഇനി കടുത്ത പരീക്ഷണം!ഇരുസഭകളും ഡെമോക്രാറ്റുകൾക്ക്; ഇംപീച്ച്‌മെന്റ് നീക്കം, ഇറാൻ യുദ്ധം,  അമേരിക്കയിൽ ഇനി എന്ത് സംഭവിക്കും?
ട്രംപിന് ഇനി കടുത്ത പരീക്ഷണം!ഇരുസഭകളും ഡെമോക്രാറ്റുകൾക്ക്; ഇംപീച്ച്‌മെന്റ് നീക്കം, ഇറാൻ യുദ്ധം,  അമേരിക്കയിൽ ഇനി എന്ത് സംഭവിക്കും?

അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിൽ ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്ക് കനത്ത തിരിച്ചടി. സെനറ്റിന്റെയും ജനപ്രതിനിധി സഭയുടെയും നിയന്ത്രണം ഡെമോക്രാറ്റുകൾ സ്വന്തമാക്കിയതോടെ ട്രംപ് ഭരണകൂടത്തിന് ഇനി കോൺഗ്രസിൽ ശക്തമായ പ്രതിപക്ഷത്തെ നേരിടേണ്ടിവരും. നിലവിലെ കണക്കുകൾ പ്രകാരം സെനറ്റിൽ ഡെമോക്രാറ്റിക് പക്ഷത്തിന് 54 അംഗങ്ങളും ജനപ്രതിനിധി സഭയിൽ 228 സീറ്റുകളുമുണ്ട്. അന്തിമ ഫലങ്ങൾ പുറത്തുവരാനിരിക്കെയാണ് ഇരുസഭകളിലും ഭൂരിപക്ഷം ഉറപ്പായിരിക്കുന്നത്. 2027 ജനുവരി മൂന്നിന് പുതിയ അംഗങ്ങൾ അധികാരമേൽക്കുന്നതോടെ അമേരിക്കൻ രാഷ്ട്രീയത്തിൽ അധികാര സന്തുലിതാവസ്ഥ മാറും.

ട്രംപ് ഭരണകൂടത്തിന്റെ തീരുമാനങ്ങൾ പരിശോധിക്കാനും ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാനും അന്വേഷണങ്ങൾ നടത്താനും ഡെമോക്രാറ്റുകൾക്ക് ഇനി കൂടുതൽ അവസരമുണ്ടാകും. ട്രംപിന്റെ കുടുംബത്തിന്റെ ബിസിനസ് താൽപ്പര്യങ്ങൾ, ഭരണകൂടത്തിന്റെ അധികാരപ്രയോഗം തുടങ്ങിയ വിഷയങ്ങളിൽ അന്വേഷണം നടത്തുമെന്ന സൂചനകളും ഉയർന്നിട്ടുണ്ട്. പ്രസിഡന്റിനെയും ഉന്നത ഉദ്യോഗസ്ഥരെയും ഇംപീച്ച് ചെയ്യാനുള്ള അധികാരം ജനപ്രതിനിധി സഭയ്ക്കുണ്ടെങ്കിലും, കുറ്റക്കാരനാണെന്ന് കണ്ടെത്തി സ്ഥാനത്തുനിന്ന് നീക്കാൻ സെനറ്റിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ആവശ്യമാണ്. അതിനാൽ ഇംപീച്ച്‌മെന്റ് ചർച്ചകൾ ശക്തമായാലും ട്രംപിന്റെ പുറത്താക്കൽ ഉറപ്പാണെന്ന് പറയാനാകില്ല.

Also Read: അമേരിക്കൻ രാഷ്ട്രീയത്തിൽ പുതിയ ചരിത്രം! മൂന്ന് സംസ്ഥാനങ്ങളിൽ മൂന്ന് വനിതകൾ; കറുത്തവർഗക്കാരി, ലാറ്റിന, നേറ്റീവ് അമേരിക്കൻ വനിതകൾക്ക് അപൂർവ നേട്ടം

അതേസമയം, ഡെമോക്രാറ്റുകൾക്ക് മുന്നിലുള്ള പ്രധാന തടസ്സം ട്രംപിന്റെ വീറ്റോ അധികാരമാണ്. ഇരുസഭകളും പാസാക്കുന്ന ബില്ലുകൾക്ക് പ്രസിഡന്റ് വീറ്റോ പ്രയോഗിക്കാം. അത് മറികടക്കാൻ ഇരുസഭകളിലും മൂന്നിൽ രണ്ട് ഭൂരിപക്ഷം വേണം. സെനറ്റിൽ സാധാരണ നിയമനിർമാണ നടപടികൾ മുന്നോട്ടുകൊണ്ടുപോകുന്നതിനും 60 അംഗങ്ങളുടെ പിന്തുണ ആവശ്യമായി വരാവുന്ന സാഹചര്യവുമുണ്ട്. അതിനാൽ തീരുവകൾ പിൻവലിക്കുക, ജീവിതച്ചെലവ് കുറയ്ക്കുക, ഇറാൻ യുദ്ധം അവസാനിപ്പിക്കുക തുടങ്ങിയ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നടപ്പാക്കുന്നത് ഡെമോക്രാറ്റുകൾക്ക് എളുപ്പമാകില്ല.

ഇറാൻ യുദ്ധത്തിന്റെ ഭാവിയും നിർണായകമാണ്. യുദ്ധത്തിനുള്ള കൂടുതൽ ഫണ്ടിങ് തടയാനും സൈനിക നടപടികളിൽ ഭരണകൂടത്തോട് വിശദീകരണം തേടാനും കോൺഗ്രസിലെ ഭൂരിപക്ഷം ഡെമോക്രാറ്റുകൾക്ക് ഉപയോഗിക്കാം. എന്നാൽ ഇതിനകം അനുവദിച്ച ഫണ്ടുകൾ ഉപയോഗിച്ചുള്ള നടപടികൾ ഉടൻ അവസാനിപ്പിക്കാൻ കഴിയണമെന്നില്ല. ഇതിനിടെ, ഡിസംബർ 11-ന് നിലവിലെ സർക്കാർ ഫണ്ടിങ്ങിന്റെ കാലാവധി അവസാനിക്കുന്നതും വെല്ലുവിളിയാണ്. അതിന് മുമ്പ് പുതിയ ഫണ്ടിങ് ബിൽ പാസാക്കാനായില്ലെങ്കിൽ സർക്കാർ പ്രവർത്തനം വീണ്ടും സ്തംഭിക്കാം. ജനുവരി മൂന്നിന് പുതിയ കോൺഗ്രസ് അധികാരമേൽക്കുന്നതുവരെ ട്രംപിന് മുന്നിലുള്ള രാഷ്ട്രീയ സാഹചര്യവും ഇറാൻ യുദ്ധത്തിലെ തീരുമാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെടും.

Share Email
Top