പതിറ്റാണ്ടുകളായി ആഗോള വ്യോമയാന വിപണിയെ അടക്കിഭരിച്ചിരുന്ന ബോയിംഗ്, എയർബസ് പോലുള്ള പാശ്ചാത്യ ഭീമന്മാരുടെ കുത്തകയെ ചോദ്യം ചെയ്തുകൊണ്ട്, ഇന്ത്യയും റഷ്യയും തങ്ങളുടെ തന്ത്രപരമായ ബന്ധത്തിൽ ഒരു പുതിയ അദ്ധ്യായം തുറന്നിരിക്കുകയാണ്. റഷ്യയുടെ യുണൈറ്റഡ് എയർക്രാഫ്റ്റ് കോർപ്പറേഷനുമായി ചേർന്ന് സുഖോയ് സൂപ്പർജെറ്റ് 100 അഥവാ SJ-100 പാസഞ്ചർ ജെറ്റ് വിമാനം ഇന്ത്യയിൽ നിർമ്മിക്കാനുള്ള ധാരണാപത്രത്തിൽ ഒപ്പുവെച്ചിരിക്കുകയാണ് ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ്. ഇത് കേവലം ഒരു വാണിജ്യ ഇടപാടല്ല, മറിച്ച് ആഗോള വ്യോമയാന രംഗത്തെ അധികാര സമവാക്യങ്ങളിൽ ഒരു മാറ്റം കൊണ്ടുവരാനുള്ള ശക്തമായ ശ്രമമാണ്. പ്രതിരോധ രംഗത്ത് പതിറ്റാണ്ടുകളായി നിലനിൽക്കുന്ന സഹകരണത്തെ, ഇരു രാജ്യങ്ങളും ഒരു പൂർണ്ണ പാസഞ്ചർ വിമാനത്തിന്റെ സംയുക്ത നിർമ്മാണത്തിലേക്ക് വ്യാപിപ്പിച്ചത് ചരിത്രപരമായ ഒരു നാഴികക്കല്ലാണ്.
ഈ നീക്കത്തിലൂടെ ഇന്ത്യ ലക്ഷ്യമിടുന്നത് സ്വയംപര്യാപ്തത ആണ്. നിലവിൽ ലോകത്തിലെ മൂന്നാമത്തെ വലിയതും ഏറ്റവും വേഗത്തിൽ വളരുന്നതുമായ സിവിൽ ഏവിയേഷൻ വിപണിയാണ് ഇന്ത്യയുടേത്. പ്രാദേശിക കണക്റ്റിവിറ്റിക്ക് ഊന്നൽ നൽകുന്ന ‘ഉഡാൻ’ പദ്ധതിയുടെ പശ്ചാത്തലത്തിൽ, അടുത്ത ദശകത്തിൽ രാജ്യത്തിന് ഏകദേശം 200-ൽ അധികം റീജിയണൽ ജെറ്റുകൾ ആവശ്യമുണ്ട്. വിദേശ ആശ്രിതത്വം കുറച്ച്, ഈ വിമാനങ്ങൾ ആഭ്യന്തരമായി നിർമ്മിക്കാനുള്ള അവസരമാണ് ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡിന് SJ-100 കരാറിലൂടെ ലഭിച്ചിരിക്കുന്നത്. ഇതിലൂടെ രാജ്യത്ത് തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുകയും സാങ്കേതിക കൈമാറ്റം വഴി ഇന്ത്യയുടെ എയറോസ്പേസ് എഞ്ചിനീയറിംഗ് ശേഷി വർധിക്കുകയും ചെയ്യും. AVRO HS-748 വിമാനത്തിന്റെ നിർമ്മാണം 1988-ൽ അവസാനിച്ച ശേഷം ഇന്ത്യയിൽ നിർമ്മിക്കുന്ന ഒരു സമ്പൂർണ്ണ യാത്രാവിമാനം എന്ന പദവിയും SJ-100ന് സ്വന്തമാകും.

മറുവശത്ത്, റഷ്യക്ക് ഈ കരാർ നിലവിലെ പാശ്ചാത്യ ഉപരോധങ്ങളെ മറികടക്കാനുള്ള ഒരു സുപ്രധാന ആയുധമാണ്. SJ-100-ന്റെ മുൻ പതിപ്പുകൾക്ക് SaM146 എഞ്ചിനുകൾ ഉൾപ്പെടെ 50-60% വരെ പാശ്ചാത്യ ഘടകങ്ങൾ ആവശ്യമായിരുന്നത് ഉപരോധം വന്നതോടെ വലിയ വെല്ലുവിളിയായി. ഭാഗങ്ങളുടെ ക്ഷാമം കാരണം 2023-ൽ പോലും വിമാനങ്ങൾ പ്രവർത്തിപ്പിക്കാൻ റഷ്യൻ ഓപ്പറേറ്റർമാർ ബുദ്ധിമുട്ടിയിരുന്നു. ഈ പ്രതിസന്ധി മറികടക്കാനായാണ് റഷ്യൻ കമ്പനി PD-8 എന്ന തദ്ദേശീയ എഞ്ചിനും, റഷ്യൻ സാങ്കേതികവിദ്യകളും ഉപയോഗിച്ച് വിമാനത്തെ ‘റഷ്യൻ വൽക്കരിച്ചത്’. യൂറോപ്യൻ യൂണിയൻ സർട്ടിഫിക്കേഷൻ നഷ്ടപ്പെട്ട SJ-100-ന്, ലോകത്തിലെ പ്രധാന വിപണിയായ ഇന്ത്യയിൽ ഉത്പാദനം ആരംഭിക്കാൻ കഴിയുന്നത് റഷ്യയുടെ എയറോസ്പേസ് പദ്ധതികൾക്ക് വലിയ പിന്തുണ നൽകും. 2026-ഓടെ വിതരണം ആരംഭിക്കാൻ ഉദ്ദേശിക്കുന്ന ഈ ഇറക്കുമതിക്ക് പകരമുള്ള SJ-100, റഷ്യൻ വിമാന വ്യവസായത്തിന്റെ തിരിച്ചുവരവിനുള്ള ഒരു ചുവടുവയ്പ്പാണ്.
തന്ത്രപരമായി നോക്കിയാൽ, അമേരിക്ക, യൂറോപ്യൻ യൂണിയൻ എന്നിവ ഉപരോധം ഏർപ്പെടുത്തിയ യുണൈറ്റഡ് എയർക്രാഫ്റ്റ് കോർപ്പറേഷനുമായി ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് കരാറിൽ ഏർപ്പെട്ടത് പാശ്ചാത്യ രാജ്യങ്ങളുടെ ഏകപക്ഷീയമായ നടപടികളെ ഇന്ത്യ അംഗീകരിക്കുന്നില്ല എന്ന ശക്തമായ രാഷ്ട്രീയ സന്ദേശം കൂടിയാണ് നൽകുന്നത്. ഇത്, ബഹുമുഖ ലോകക്രമം സ്ഥാപിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് വിലയിരുത്തപ്പെടുന്നതും. അതേസമയം, പ്രതിരോധ മേഖലയിൽ മുൻപ് FGFA, MTA, Ka-226T ഹെലികോപ്റ്റർ പദ്ധതികൾ ഉൾപ്പെടെയുള്ള പല സംയുക്ത സംരംഭങ്ങളും പരാജയപ്പെട്ട ചരിത്രം നിലനിൽക്കെ, ഈ പുതിയ സിവിൽ ഏവിയേഷൻ സഹകരണത്തിന്റെ വിജയത്തിനായി ഇന്ത്യയും റഷ്യയും കൂടുതൽ ശ്രമിക്കേണ്ടതുണ്ട്. എങ്കിലും, അന്താരാഷ്ട്രതലത്തിൽ നേരിടേണ്ടി വരുന്ന സാങ്കേതിക പ്രശ്‌നങ്ങൾ, എഞ്ചിൻ ലഭ്യത, സുരക്ഷാ സർട്ടിഫിക്കേഷനുകൾ എന്നിവയുടെ വെല്ലുവിളികൾ നിലനിൽക്കുമ്പോൾ പോലും, ഈ സഹകരണം ബോയിംഗ്-എയർബസ് കുത്തകയ്ക്ക് ഒരു പ്രായോഗികമായ ബദൽ നൽകാനുള്ള ഒരു നിർണായക നീക്കമായി തന്നെ തുടരും.

SJ-100 പാസഞ്ചർ ജെറ്റിന്റെ സംയുക്ത നിർമ്മാണത്തിനായുള്ള പുതിയ കരാറിന് പുറമെ, ഇന്ത്യയും റഷ്യയും തമ്മിലുള്ള പ്രതിരോധ സാങ്കേതിക സഹകരണം പതിറ്റാണ്ടുകളുടെ പഴക്കമുള്ളതും സങ്കീർണ്ണവുമായതാണ്. ഇന്ത്യൻ വ്യോമസേനയുടെ നട്ടെല്ലായി നിലനിർത്തുന്നതിൽ നിർണായക പങ്ക് വഹിച്ച ലൈസൻസ്ഡ് നിർമ്മാണ പദ്ധതികൾ ഈ ബന്ധത്തിന്റെ അടിസ്ഥാനമാണ്. ഉദാഹരണത്തിന്, ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ്, റഷ്യൻ വ്യവസായങ്ങളുമായി സഹകരിച്ച് മികോയാൻ മിഗ്-21, മിഗ്-27 എന്നീ വിമാനങ്ങളും, നിലവിൽ ഇന്ത്യൻ വ്യോമസേനയുടെ പ്രധാന പോരാളി വിമാനമായ സുഖോയ് Su-30MKI വിമാനവും ഇന്ത്യയിൽ നിർമ്മിച്ചു.
എങ്കിലും, സംയുക്തമായി പുതിയ സാങ്കേതികവിദ്യകൾ വികസിപ്പിക്കാനുള്ള ശ്രമങ്ങൾ പലപ്പോഴും പരാജയപ്പെടുകയോ തടസ്സപ്പെടുകയോ ചെയ്തിട്ടുണ്ട്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് അഞ്ചാം തലമുറ ഫൈറ്റർ എയർക്രാഫ്റ്റ് പദ്ധതിയാണ്. റഷ്യ സ്വന്തമായി ഈ പദ്ധതി മുന്നോട്ട് കൊണ്ടുപോവുകയും അത് പിന്നീട് Su-57 ‘Felon’ എന്ന വിമാനമായി യാഥാർത്ഥ്യമാവുകയും ചെയ്തു. രസകരമെന്ന് പറയട്ടെ, ഈ വിമാനം ഇപ്പോൾ ‘മേക്ക് ഇൻ ഇന്ത്യ’ പദ്ധതിക്ക് കീഴിൽ ഇന്ത്യയ്ക്ക് സംയുക്ത നിർമ്മാണത്തിനായി വീണ്ടും വാഗ്ദാനം ചെയ്യപ്പെടുന്നുണ്ട്.
ഈ പദ്ധതികളെല്ലാം സൂചിപ്പിക്കുന്നത്, ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധം ആഴത്തിലുള്ളതാണെന്നാണ്. ഈ പശ്ചാത്തലത്തിലാണ്, SJ-100 വിമാനത്തിന്റെ സംയുക്ത നിർമ്മാണം, മുൻകാല പ്രതിസന്ധികളെ മറികടന്ന് സിവിൽ ഏവിയേഷൻ രംഗത്തെ സഹകരണത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതിൽ നിർണായകമാകുന്നത്.
വികസ്വര രാജ്യങ്ങളുടെ വിമാന വിപണിയെ ഏറെക്കാലമായി അടക്കിഭരിച്ചിരുന്ന പാശ്ചാത്യ വ്യോമയാന ഭീമന്മാരുടെ കുത്തകയെ ചോദ്യം ചെയ്തുകൊണ്ട്, ഇന്ത്യയും റഷ്യയും സംയുക്തമായി ഒപ്പുവെച്ചിരിക്കുന്ന ഈ സുപ്രധാന കരാർ, ആഗോള വ്യോമയാന രംഗത്തെ അധികാര സമവാക്യങ്ങളിൽ ഒരു പുതിയ വഴിത്തിരിവാകും. അമേരിക്കൻ നിയന്ത്രണത്തിലുള്ള ഏക ദ്രുവ ലോകത്തിന്റെ തകർന്നുകൊണ്ടിരിക്കുന്ന അടിത്തറ ഒന്നുകൂടി തകർത്തുകൊണ്ട്, SJ-100 ഇന്ത്യൻ ആകാശങ്ങളിൽ സ്വയം പര്യാപ്തതയുടെ പുതിയ വീഥികൾ തീർക്കുന്നത് അധികം വൈകാതെ നമുക്ക് കാണാം. ഇനി ഏകധ്രുവ ലോകം എന്നൊന്നില്ല, തെക്കുദിക്കുന്ന പുതിയ ലോകക്രമത്തിന്റെ ശോഭയിൽ, അതിന് വളരെ പെട്ടെന്ന് തന്നെ മങ്ങൽ സംഭവിച്ചുകഴിഞ്ഞു.
EXPRESS VIEW
വീഡിയോ കാണാം;












