The goal of life is living in agreement with nature
ജീവിതത്തിന്റെ ലക്ഷ്യം പ്രകൃതിയുമായി യോജിച്ച് ജീവിക്കുക എന്നതാണ്...
സാധാരണയായി നമ്മുടെയൊക്കെ വീടിന് ചുറ്റും ചീവീടുകളുടെയും തവളകളുടെയും ശബ്ദമാണ് കേൾക്കാറ്. എന്നാൽ, ആ ശബ്ദങ്ങൾക്ക് പകരം പാമ്പുകളുടെ സൗണ്ട് കേട്ടാലോ..? എങ്ങും പെരുമ്പാമ്പുകൾ നിറഞ്ഞാലോ? കയ്യും കാലുമൊക്കെ തരിക്കുന്നു അല്ലെ..!
എന്നാൽ ഒരു ദുഃസ്വപ്നം പോലെ അത്തരമൊരു ഭീകരമായ അവസ്ഥയിലൂടെ അമേരിക്കൻ സംസ്ഥാനമായ ഫ്ലോറിഡ കടന്നുപോവാൻ തുടങ്ങിയിട്ട് കാലമേറെയായി. സൗത്ത് ഈസ്റ്റ് ഏഷ്യയിൽ നിന്ന് വളർത്തു മൃഗങ്ങളായി കൊണ്ടുവന്ന ബർമീസ് പൈത്തൺ എന്ന ഭീമൻ പാമ്പുകളാണ് ഇവിടെ ഒരു ലക്ഷത്തിനും മൂന്നു ലക്ഷത്തിനും ഇടയിൽ പെറ്റുപെരുകിയിരിക്കുന്നത്. സതേൺ ഫ്ലോറിഡയിലെ എവർഗ്ലേഡ്‌സ് വനപ്രദേശങ്ങളിൽ ഈ പാമ്പുകൾ ആധിപത്യം സ്ഥാപിച്ചതോടെ അവിടുത്തെ പ്രകൃതിയുടെ താളം തന്നെ തെറ്റി. പ്രകൃതിയുടെ മാത്രമല്ല മനുഷ്യ ജീവിതത്തിന്റെ താളവും കൂടിയാണ് തെറ്റിയത്. ഈ ഭീഷണിയെ നേരിടാൻ ഫ്ലോറിഡ ഗവൺമെൻ്റ് കണ്ടെത്തിയ വിചിത്രവും എന്നാൽ പ്രകൃതിദത്തവുമായ പരിഹാരവും, അത് വിജയം കണ്ടോ എന്നതുമാണ് നമ്മൾ ഇനി പറയാൻ പോവുന്ന അവിശ്വസനീയമായ കഥ.
ആദ്യം നമുക്ക് പ്രശ്‌നം വന്ന വഴി ഒന്ന് പോയി നോക്കാം.. അതായത് ബർമീസ് പൈത്തണുകൾ ഫ്ലോറിഡയിൽ എത്തിയതിന് പിന്നിൽ ഒരു കഥയുണ്ട്. 1930-കളിലാണ് ഇവയെ പെറ്റ് ട്രേഡിനായി സൗത്ത് ഈസ്റ്റ് ഏഷ്യയിൽ നിന്ന് ഇങ്ങോട്ടെത്തിക്കുന്നത്. ആറുമീറ്റർ വരെ നീളം വെക്കാനും 100 കിലോഗ്രാം വരെ ഭാരമുണ്ടാകാനും കഴിവുള്ള ഈ പാമ്പുകൾ വളർന്നു വലുതായപ്പോൾ, ഇവയെ പരിപാലിക്കാൻ കഴിയാതെ ഉടമസ്ഥർ കാട്ടിലേക്ക് തുറന്നുവിടുകയായിരുന്നു.
തണുപ്പില്ലാത്ത വിൻ്റർ സീസണും, ഇഷ്ടം പോലെ ഭക്ഷണവുമുള്ള എവർഗ്ലൈഡ്‌സ്, ഈ പാമ്പുകൾക്ക് സുഖമായി പെറ്റുപെരുകാൻ അനുയോജ്യമായ സ്ഥലമായി മാറി. 2000-മായപ്പോഴേക്കും ബർമീസ് പൈത്തൺ ഈ പ്രദേശങ്ങളിലെ പുതിയ ‘ടോപ്പ് പ്രെഡേറ്റർ’ (പ്രധാന വേട്ടക്കാരൻ) ആയി മാറി. അതോടെ, ഈ മനോഹരമായ വനപ്രദേശങ്ങൾ പാമ്പുകളുടെ നിയന്ത്രണത്തിലായി.
പൈത്തണുകളുടെ എണ്ണം വർധിച്ചതോടെ ഫ്ലോറിഡയുടെ പ്രകൃതിയുടെ ബാലൻസ് പൂർണ്ണമായും തകർന്നു. 2003 മുതൽ 2011 വരെ നടന്ന പഠനങ്ങളിൽ തദ്ദേശീയ മൃഗങ്ങളുടെ എണ്ണത്തിൽ ഞെട്ടിക്കുന്ന കുറവാണ് രേഖപ്പെടുത്തിയത്.

റാക്കൂൺ (99%), ഒപ്പോസം (98.9%), ബോബ് ക്യാറ്റ് (90%) എന്നിവയുടെ എണ്ണം ഗണ്യമായി കുറഞ്ഞു. മാർഷ് റാബിറ്റുകൾ, കുറുക്കന്മാർ, ചെറിയ മാനുകൾ എന്നിവ പോലും പലയിടത്തും ഇല്ലാതായി. തദ്ദേശീയ മൃഗങ്ങളെ തിന്ന് ജീവിച്ചിരുന്ന ഇരപിടിയൻ പക്ഷികളായ കഴുകന്മാർക്കും മൂങ്ങകൾക്കും ഭക്ഷണം കിട്ടാതായി. വേട്ടയാടുന്ന ജീവികൾ കുറഞ്ഞപ്പോൾ എലികളുടെ എണ്ണം കുത്തനെ കൂടുകയും, ഇത് മനുഷ്യർക്ക് രോഗങ്ങൾ വരാനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്തു.
മറ്റു മൃഗങ്ങൾ ഒഴിഞ്ഞുപോയ ഇടങ്ങളിലേക്ക് വിഷപ്പാമ്പുകൾ എത്തുകയും പാമ്പുകടിയേറ്റ കേസുകൾ വർധിക്കുകയും ചെയ്തു. വാസ്തവത്തിൽ ജനങ്ങൾക്ക് വീടിന് പുറത്തിറങ്ങാൻ പോലും ഭയമായി.
Also Read: സാധാരണക്കാരന് അറിയാത്ത ‘അസാധാരണ സിമന്റ്’ രഹസ്യങ്ങൾ..! വെറുമൊരു പൊടിയല്ല, ഇത് ഒരു കെമിക്കൽ ബോംബ്
അങ്ങനെ പ്രശ്നം കൈവിട്ടു പോയി എന്ന് കണ്ടപ്പോൾ ചില ഗവേഷകർ ഒരു പ്ലാനുമായി മുന്നോട്ട് വന്നു, ‘പാമ്പിനെക്കൊണ്ട് പാമ്പിനെ വേട്ടയാടുക’ എന്ന വിചിത്രമായ തീരുമാനമായിരുന്നു ആ പ്ലാൻ. അതിനായി തിരഞ്ഞെടുത്ത ‘ഹീറോ’ ഫ്ലോറിഡയിൽ മുൻപ് ഉണ്ടായിരുന്ന ഈസ്റ്റേൺ ഇൻഡിഗോ സ്നേക്കുകൾ ആയിരുന്നു.
വാസ്തവത്തിൽ ഇൻഡിഗോ പാമ്പുകൾക്ക് വിഷമില്ല, ഇവ മനുഷ്യരെ ആക്രമിക്കാറുമില്ല. എന്നാൽ, എട്ടടിയോളം നീളമുള്ള ഇവയ്ക്ക് വിഷപ്പാമ്പുകളുടെ വിഷത്തിനെതിരെ ഇമ്മ്യൂണിറ്റി ഉണ്ട്..! കൂടാതെ റാറ്റിൽ സ്നേക്കുകൾ, കോപ്പർ ഹെഡസുകൾ, കോറൽ സ്നേക്കുകൾ പോലുള്ള അപകടകാരികളായ വിഷപ്പാമ്പുകളെ ഇൻഡിഗോ സ്നേക്കുകൾ വേട്ടയാടാറുമുണ്ട്. പ്രകൃതിയുടെ ബാലൻസ് നിലനിർത്താൻ ഈ പാമ്പിന് സ്വാഭാവികമായ കഴിവുണ്ടെന്ന് ഗവേഷകർ തിരിച്ചറിഞ്ഞതോടെയാണ് ഇങ്ങനെ ഒരു സാഹസത്തിന് അവർ മുതിർന്നത്.

മരം മുറിക്കലിനും കൃഷിയിടങ്ങൾക്കും വേണ്ടി വനങ്ങൾ വെട്ടി മാറ്റിയതോടെ, ഈ ഇൻഡിഗോ സ്നേക്കുകളുടെ എണ്ണത്തിൽ വലിയ കുറവ് സംഭവിച്ചിരുന്നു. 1978-ഓടെ ഇവ വംശനാശഭീഷണി നേരിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിക്കുക വരെ ചെയ്തിരുന്നു.
എന്നാൽ പുതിയ തീരുമാനമെല്ലാം എടുത്തതോടെ, 2006 മുതൽ കൺസർവേഷൻ സെൻ്ററുകൾ ഈ പാമ്പുകളുടെ മുട്ടകൾ വിരിയിച്ച് വളർത്താൻ തുടങ്ങി. 2017-ലാണ് ആദ്യമായി ഇവയെ കാടുകളിലേക്ക് തുറന്നുവിടാൻ ആരംഭിച്ചത്. 2024-ൽ മാത്രം 41 പാമ്പുകളെ (20 പെൺ, 21 ആൺ) പൈൻ വനങ്ങളിലേക്ക് വിട്ടു.
തുറന്നുവിട്ട ഇൻഡിഗോ സ്നേക്കുകൾ പുതിയ സാഹചര്യവുമായി പെട്ടെന്ന് പൊരുത്തപ്പെടുകയും വേട്ടയാടാൻ തുടങ്ങുകയും ചെയ്തു. ഇവ പതിയെ വിഷപ്പാമ്പുകളുടെ എണ്ണം കുറച്ചു, ഇത് കൃഷിയിടങ്ങളും മറ്റ് പ്രദേശങ്ങളും കൂടുതൽ സുരക്ഷിതമാക്കി. വിളകൾ നശിപ്പിക്കുന്ന എലികളെയും ഇൻഡിഗോകൾ വേട്ടയാടി നിയന്ത്രിച്ചു. ഇതിനെല്ലാം പുറമേ, കുഞ്ഞുങ്ങളായുള്ള ബർമീസ് പൈത്തണുകളെയും ഇൻഡിഗോ സ്നേക്കുകൾ വേട്ടയാടാൻ തുടങ്ങി. ഇതോടെ ബർമീസ് പൈത്തണുകളുടെ വളർച്ചയ്ക്ക് വലിയ തിരിച്ചടിയായി.
ഇന്ന് 200-ൽ അധികം ഇൻഡിഗോ സ്നേക്കുകൾ ഫ്ലോറിഡയിലെ കാടുകളിൽ സ്വൈര്യവിഹാരം നടത്തുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ. ഇൻഡിഗോ സ്നേക്കുകളുടെ തിരിച്ചുവരവ് ഫ്ലോറിഡയിലെ എക്കോസിസ്റ്റത്തിന് വലിയ ആശ്വാസമാണ് നൽകിയത്. ഇത് അലബാമ ഉൾപ്പെടെയുള്ള മറ്റ് സംസ്ഥാനങ്ങൾക്കും ഒരു പ്രചോദനമായി.

മറ്റൊരു കഥ കൂടി ഉണ്ട്.. അതെന്താണെന്നു വെച്ചാൽ, വനത്തിൽ ഒളിച്ചിരിക്കുന്ന പൈത്തണുകളെ കണ്ടെത്തുക അസാധ്യമായതിനാൽ, വിഷമില്ലാത്ത ‘ചാര പാമ്പുകളെ’ (Spy Snakes) രംഗത്തിറക്കി. ഇവയുടെ ദേഹത്ത് റേഡിയോ ട്രാക്കിംഗ് ചിപ്പുകൾ ഘടിപ്പിച്ചു. പ്രധാനമായും ആൺ പൈത്തണുകളെയാണ് ഈ ദൗത്യത്തിനായി ഉപയോഗിച്ചത്.
Also Read: ഹബീബി, കം ടു ദുബായ്..! എമിറാത്തികളുടെ മനുഷ്യനിർമിത ദ്വീപുകൾ കാണാനായി മാത്രം ലക്ഷങ്ങൾ, കാര്യമുണ്ട്
ഈ ‘സ്പൈ കാമുകൻ’ പാമ്പുകൾ വനത്തിനുള്ളിൽ മറഞ്ഞിരിക്കുന്ന വലിയ പെൺ പൈത്തണുകളെ തേടിപ്പിടിച്ച് ഇണ ചേരാൻ ശ്രമിക്കും. ഈ ‘സ്പൈ’ പാമ്പുകളെ പിന്തുടർന്ന് എത്തുന്ന സ്ഥലങ്ങൾ (കൂടാരങ്ങൾ) ട്രാക്കിംഗ് ചിപ്പുകൾ വഴി ശാസ്ത്രജ്ഞർക്ക് കൃത്യമായി കണ്ടെത്താനാകും.
ഒരിക്കൽ കൂടാരം കണ്ടെത്തിയാൽ, ശാസ്ത്രജ്ഞരെത്തി അവിടെ കൂട്ടം ചേർന്ന എല്ലാ പൈത്തണുകളെയും പിടികൂടി നീക്കം ചെയ്യും. ഈ വിചിത്രമായ ‘പ്രണയ ട്രാപ്പ്’ അത്യധികം ഫലപ്രദമാണെന്ന് തെളിഞ്ഞു. ഒറ്റയടിക്ക് നിരവധി പാമ്പുകളെ നീക്കം ചെയ്യാൻ ഇതിലൂടെ സാധിച്ചു. പൈത്തൺ ഭീഷണി നേരിടാൻ ലോകം കണ്ട ഏറ്റവും ‘ഫൺ’ മാർഗ്ഗമായി ഇത് മാറിക്കഴിഞ്ഞു!
എങ്കിലും, സ്വന്തം വായയേക്കാൾ നാലിരട്ടി വലിപ്പമുള്ള ഇരകളെ വിഴുങ്ങാൻ കഴിവുള്ള, വലിയ ബർമീസ് പൈത്തണുകൾ ഇപ്പോഴും ഫ്ലോറിഡയിലെ പ്രധാന വേട്ടക്കാർ തന്നെയാണെന്നതാണ് മറച്ചു വെക്കാൻ കഴിയാത്ത മറ്റൊരു വാസ്തവം. എങ്കിലും, പ്രകൃതിയുടെ ഈ ‘രക്ഷകരെ’ ഉപയോഗിച്ചുള്ള വിചിത്രമായ ഈ പരിഹാരത്തിലൂടെ ഫ്ലോറിഡ ഗവൺമെൻ്റ് തങ്ങളുടെ എക്കോസിസ്റ്റം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ ഇപ്പോഴും വിജയകരമായി തുടരുകയാണ്, അതെ ഈ കഥ തുടരുകയാണ്…











