ഭ്രമണപഥത്തിൽ ‘ബഹിരാകാശ ആയുധം’..! അമേരിക്കയുടെ തുറന്നുപറച്ചിൽ, ‘ഗോൾഡൻ ഡോമി’ന് പിന്നിലെ പുതിയ നീക്കം

1967ലെ ബഹിരാകാശ കരാർ പ്രകാരം ഭ്രമണപഥത്തിൽ ആയുധങ്ങൾ വിന്യസിക്കുന്നത് നിരോധിച്ചിട്ടുണ്ട്. എന്നാൽ കരാറിന്റെ പരിധിയിൽ വരാത്ത രീതിയിൽ എതിരാളികളുടെ ഉപഗ്രഹങ്ങളെ ലക്ഷ്യമിടാൻ കഴിയുന്ന സാങ്കേതികവിദ്യകൾ അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങൾ വികസിപ്പിച്ചുവരികയാണ്

ഭ്രമണപഥത്തിൽ ‘ബഹിരാകാശ ആയുധം’..! അമേരിക്കയുടെ തുറന്നുപറച്ചിൽ, ‘ഗോൾഡൻ ഡോമി’ന് പിന്നിലെ പുതിയ നീക്കം
ഭ്രമണപഥത്തിൽ ‘ബഹിരാകാശ ആയുധം’..! അമേരിക്കയുടെ തുറന്നുപറച്ചിൽ, ‘ഗോൾഡൻ ഡോമി’ന് പിന്നിലെ പുതിയ നീക്കം

വാഷിങ്ടൺ: ഭൂമിയുടെ ഭ്രമണപഥത്തിൽ ബഹിരാകാശ ആയുധം വിന്യസിച്ചതായി അമേരിക്ക സ്ഥിരീകരിച്ചതോടെ പുതിയ ചർച്ചകൾക്ക് തുടക്കം. ശത്രുക്കളുടെ ആക്രമണങ്ങളിൽ നിന്ന് അമേരിക്കൻ സേനയെ സംരക്ഷിക്കാൻ ഈ ആക്രമണശേഷി ആവശ്യമാണെന്നാണ് യു.എസ്. എയർഫോഴ്സ് സെക്രട്ടറി ട്രോയ് മെയ്ങ്ക് വ്യക്തമാക്കിയത്. എയർ, സ്പേസ് ആൻഡ് സൈബർ കോൺഫറൻസിൽ സംസാരിക്കവെയായിരുന്നു നിർണായക വെളിപ്പെടുത്തൽ. എന്നാൽ ആയുധത്തിന്റെ കൃത്യമായ ശേഷിയെക്കുറിച്ചോ എപ്പോഴാണ് അത് ഭ്രമണപഥത്തിലെത്തിച്ചതെന്നോ അദ്ദേഹം വിശദീകരിച്ചില്ല.

റഷ്യയും ചൈനയും ഭാവിയിലെ സംഘർഷങ്ങളിൽ അമേരിക്കൻ ഉപഗ്രഹങ്ങളെ ആക്രമിക്കാനും പ്രവർത്തനരഹിതമാക്കാനും ശേഷിയുള്ള സംവിധാനങ്ങൾ വികസിപ്പിക്കുന്നുവെന്നാണ് അമേരിക്കയുടെ വാദം. ഇതിനെ നേരിടാൻ ബഹിരാകാശ സൈനിക ശേഷി ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും അമേരിക്ക പറയുന്നു. മിസൈൽ ഭീഷണികളിൽ നിന്ന് അമേരിക്കയെ സംരക്ഷിക്കാൻ ട്രംപ് ഭരണകൂടം മുന്നോട്ടുവയ്ക്കുന്ന ‘ഗോൾഡൻ ഡോം’ പ്രതിരോധ സംവിധാനത്തിന്റെ പ്രധാന ഭാഗമായും ഇത്തരം ബഹിരാകാശ സാങ്കേതികവിദ്യകളെ കാണുന്നു. അതേസമയം, അമേരിക്കയുടെ നീക്കത്തിനെതിരെ ചൈന രംഗത്തെത്തി. ബഹിരാകാശത്ത് ആയുധമത്സരം ഒഴിവാക്കണമെന്നും സൈനിക ശേഷിയും യുദ്ധസജ്ജീകരണങ്ങളും വർധിപ്പിക്കുന്നത് അമേരിക്ക അവസാനിപ്പിക്കണമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.

ALSO READ:ഇറാനെ പിണക്കാൻ വയ്യ, സൗദിയെ തള്ളാനും കഴിയില്ല..! ഹൂതി ആക്രമണത്തിൽ വെട്ടിലായി പാകിസ്ഥാൻ, ഷെഹ്ബാസ് അനുനയ നീക്കത്തിൽ

1967ലെ ബഹിരാകാശ കരാർ പ്രകാരം ഭ്രമണപഥത്തിൽ ആയുധങ്ങൾ വിന്യസിക്കുന്നത് നിരോധിച്ചിട്ടുണ്ട്. എന്നാൽ കരാറിന്റെ പരിധിയിൽ വരാത്ത രീതിയിൽ എതിരാളികളുടെ ഉപഗ്രഹങ്ങളെ ലക്ഷ്യമിടാൻ കഴിയുന്ന സാങ്കേതികവിദ്യകൾ അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങൾ വികസിപ്പിച്ചുവരികയാണ്. 2022ൽ റഷ്യ യുക്രൈൻ ആക്രമിച്ചതിന് പിന്നാലെ യൂറോപ്യൻ ഉപഗ്രഹങ്ങളിൽ നിന്ന് വിവരങ്ങൾ ചോർത്തിയതായി ആരോപിക്കപ്പെട്ട രണ്ട് റഷ്യൻ ഉപഗ്രഹങ്ങളുടെ നീക്കവും പുറത്തുവന്നിരുന്നു. 2024ൽ ഉപഗ്രഹങ്ങളെ ആക്രമിക്കാൻ ശേഷിയുള്ള ഒരു ഉപഗ്രഹം റഷ്യ വിക്ഷേപിച്ചതായും അമേരിക്ക ആരോപിച്ചിരുന്നു. റഷ്യ ഇതിൽ പരസ്യമായി പ്രതികരിച്ചിരുന്നില്ല.

ബഹിരാകാശത്തെ സൈനിക മത്സരം കൂടുതൽ ശക്തമാകുന്നുവെന്ന ആശങ്കയ്ക്കിടെയാണ് അമേരിക്കയുടെ പുതിയ വെളിപ്പെടുത്തൽ. നേരിട്ട് ആയുധം ഉപയോഗിക്കുന്നതിലുപരി ഉപഗ്രഹങ്ങളെ ലക്ഷ്യമിടുന്ന സാങ്കേതികവിദ്യകളുടെ വികസനമാണ് ഇപ്പോൾ രാജ്യങ്ങൾക്കിടയിലെ പ്രധാന മത്സരം. അതിനാൽ ‘ഗോൾഡൻ ഡോം’ ഉൾപ്പെടെയുള്ള അമേരിക്കയുടെ പുതിയ പ്രതിരോധ പദ്ധതികളിൽ ബഹിരാകാശ സാങ്കേതികവിദ്യയ്ക്ക് നൽകുന്ന പ്രാധാന്യം വരുംകാലത്ത് കൂടുതൽ ചർച്ചയാകുമെന്നാണ് വിലയിരുത്തൽ.

Share Email
Top