നെഞ്ചത്തടിച്ച് എല്ലാം പോയേ എന്ന് നിലവിളിക്കാനേ ഇനി അമേരിക്കയ്ക്ക് സാധിക്കൂ എന്ന തരത്തിലേക്ക് കാര്യങ്ങൾ നീങ്ങുകയാണ്. കാരണം, ഇറാനെതിരായ യുദ്ധം ആരംഭിച്ച നിമിഷം മുതൽ അമേരിക്കയുടെ തന്ത്രപരമായ കണ്ടകശനി തുടങ്ങിയിരിക്കുകയാണ്.ഭൂപടത്തിൽ തങ്ങളെ വെല്ലുവിളിക്കാൻ ആരുമില്ലെന്ന് അഹങ്കരിച്ച ഒരു സാമ്രാജ്യത്തിന്റെ ആയുധപ്പുരകൾ ഒരൊറ്റ പോരാട്ട ഭൂമിയിൽ ശൂന്യമാക്കപ്പെടുന്നു! ഇസ്രയേലിനോടുള്ള സൗഹൃദത്തിന്റെ പുറത്തുള്ള ആയുധം കൊടുക്കലല്ല ഇത്, മറിച്ച് പിടിച്ചുനിൽക്കാൻ വേണ്ടി അമേരിക്ക നടത്തുന്ന അവസാനത്തെ കൈവിട്ട കളിയാണ്. ആഗോള സൈനിക മേധാവിത്വത്തിന്റെ അന്ത്യം കുറിച്ചുകൊണ്ട്, അമേരിക്കൻ അജയ്യതയുടെ കോട്ടകൾ തകർന്നടിയുന്ന ചരിത്രപരമായ ക്ലൈമാക്സിനാണ് ലോകം ഇപ്പോൾ സാക്ഷ്യം വഹിക്കുന്നത്!
ഇറാനും ഇസ്രയേലും തമ്മിലുള്ള ഏറ്റുമുട്ടൽ ഒരു സാധാരണ മിസൈൽ പോരാട്ടമല്ലായിരുന്നു. അത് അമേരിക്കൻ സൈനിക ആധിപത്യത്തിന്റെ അടിത്തറ തന്നെ കുലുക്കിയ യുദ്ധമായി മാറി. കാരണം ഇറാൻ നടത്തിയ ആക്രമണങ്ങൾക്ക് മറുപടി നൽകാൻ ഇസ്രയേൽ മാത്രം മതിയായിരുന്നില്ല. യുദ്ധത്തിന്റെ ആദ്യ ദിവസങ്ങളിൽ തന്നെ ഇസ്രയേലിന്റെ പ്രതിരോധ സംവിധാനങ്ങൾ കടുത്ത സമ്മർദ്ദത്തിലായി. ഇറാന്റെ അതിവേഗ ബാലിസ്റ്റിക് മിസൈലുകളും ഹൈപ്പർസോണിക് സ്വഭാവമുള്ള ആയുധങ്ങളും ഇസ്രയേലിന്റെ പല സുരക്ഷാ പാളികളും തകർത്തുകയറാൻ തുടങ്ങി. അപ്പോഴാണ് അമേരിക്ക യുദ്ധത്തിൽ നേരിട്ട് ചാടേണ്ടി വന്നത്. എന്നാൽ അത് ഒരു “സഹായം” മാത്രമായിരുന്നില്ല. മറിച്ച് ഇസ്രയേലിന്റെ യുദ്ധം അമേരിക്ക തന്നെ ഏറ്റെടുത്ത അവസ്ഥയായിരുന്നു.
പെന്റഗൺ കണക്കുകൾ പ്രകാരം, യുദ്ധത്തിനിടെ ഇസ്രയേലിനേക്കാൾ കൂടുതൽ മിസൈൽ ഇന്റർസെപ്റ്ററുകൾ അമേരിക്കയാണ് വിക്ഷേപിച്ചത്. THAAD പോലുള്ള അത്യാധുനിക സംവിധാനങ്ങളിൽ ഉപയോഗിക്കുന്ന 200-ലധികം ഇന്റർസെപ്റ്ററുകൾ അമേരിക്ക വിന്യസിച്ചു. അത് അമേരിക്കയുടെ ആഗോള ശേഖരത്തിന്റെ പകുതിയോളം വരുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. കിഴക്കൻ മെഡിറ്ററേനിയനിൽ നിന്നുള്ള അമേരിക്കൻ നാവിക കപ്പലുകൾ SM-3, SM-6 പോലുള്ള വിലകൂടിയ മിസൈലുകൾ തുടർച്ചയായി പ്രയോഗിച്ചു. അതേസമയം ഇസ്രയേൽ ഉപയോഗിച്ച ആരോ ഇന്റർസെപ്റ്ററുകളും ഡേവിഡ്‌സ് സ്ലിംഗ് സംവിധാനങ്ങളും താരതമ്യേന വളരെ കുറവായിരുന്നു. ലോകം പുറത്തുനിന്ന് കണ്ടത് “ഇസ്രയേൽ പ്രതിരോധം” ആയിരുന്നെങ്കിൽ, യഥാർത്ഥത്തിൽ നടന്നത് അമേരിക്കയുടെ ആയുധശേഖരം തീർക്കുന്ന ഒരു വമ്പൻ ക്ഷയയുദ്ധമായിരുന്നു.
ഇതിലെ ഏറ്റവും വലിയ ഞെട്ടൽ മറ്റൊന്നാണ്. അമേരിക്കയുടെ ആയുധ നിർമ്മാണ വ്യവസായത്തിന് ഈ നഷ്ടം വേഗത്തിൽ പുനഃസ്ഥാപിക്കാൻ കഴിയില്ല. THAAD ഇന്റർസെപ്റ്ററുകൾ പോലുള്ള അത്യാധുനിക ആയുധങ്ങൾ നിർമ്മിക്കാൻ വർഷങ്ങൾ വേണം. ഒരു മിസൈൽ ഉപയോഗിക്കുന്നത് ചില സെക്കൻഡുകൾ മാത്രം. പക്ഷേ അതിന് പകരം പുതിയൊന്ന് നിർമ്മിക്കാൻ ചിലപ്പോൾ ഒരു വർഷം വരെ വേണ്ടിവരും. അതുകൊണ്ടാണ് അമേരിക്കൻ സൈനിക വൃത്തങ്ങൾ തന്നെ ഇപ്പോൾ ആശങ്കപ്പെടുന്നത്. “യുദ്ധം വീണ്ടും തുടങ്ങിയാൽ എന്ത് ചെയ്യും?” എന്ന ചോദ്യം അമേരിക്കയിൽ തുറന്നടിച്ച് ഉയരുകയാണ്. കാരണം ഇറാനെതിരെ നടത്തിയ ഈ വമ്പൻ പ്രതിരോധ ഓപ്പറേഷനു ശേഷം അമേരിക്കയുടെ തന്ത്രപരമായ കരുതൽ ശേഖരങ്ങൾ ഭീഷണികരമായി കുറഞ്ഞിരിക്കുകയാണ്.

ഇതാണ് ഇറാന്റെ യഥാർത്ഥ വിജയം. ഇസ്രയേലിനെ പൂർണമായി തകർക്കുക മാത്രമല്ലായിരുന്നു അവരുടെ ലക്ഷ്യം. മറിച്ച് അമേരിക്കയെ തന്നെ സാമ്പത്തികവും സൈനികവുമായ ഒരു ക്ഷയയുദ്ധത്തിലേക്ക് വലിച്ചിഴക്കുക എന്നതായിരുന്നു. അതിൽ അവർ വലിയ രീതിയിൽ വിജയിച്ചുവെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിലയിരുത്തലുകൾ സൂചിപ്പിക്കുന്നത്. ഒരു അമേരിക്കൻ ഉദ്യോഗസ്ഥൻ പറഞ്ഞ വാക്കുകൾ അതിന്റെ ഭീകരത വ്യക്തമാക്കുന്നു “ഇസ്രയേലിന് സ്വന്തം യുദ്ധങ്ങൾ ജയിക്കാൻ കഴിയില്ല, പക്ഷേ ലോകം അത് തിരിച്ചറിയുന്നില്ല.” ആ ഒരു വാചകത്തിൽ മുഴുവൻ യാഥാർത്ഥ്യവും ഒളിഞ്ഞിരിക്കുന്നു. അമേരിക്കയുടെ പിന്തുണ ഇല്ലാതെ ഇസ്രയേൽ ദീർഘകാല യുദ്ധം തുടരാൻ പോലും പ്രാപ്തമല്ലെന്ന തിരിച്ചറിവാണ് ഇപ്പോൾ ലോക രാഷ്ട്രീയത്തിന്റെ കേന്ദ്രവിഷയമാകുന്നത്.
ഇതോടെ മറ്റൊരു വലിയ ചോദ്യം ഉയരുന്നു. അമേരിക്കയ്ക്ക് ഇനി ഒരേസമയം ഒന്നിലധികം യുദ്ധങ്ങൾ കൈകാര്യം ചെയ്യാനാകുമോ? ചൈന-തായ്‌വാൻ പ്രതിസന്ധി, റഷ്യ-നാറ്റോ സംഘർഷം, കൊറിയൻ ഉപദ്വീപിലെ അനിശ്ചിതാവസ്ഥ, ഇതെല്ലാം ഒരുമിച്ച് പൊട്ടിത്തെറിച്ചാൽ അമേരിക്ക എന്ത് ചെയ്യും? ഇറാനെതിരെ മാത്രം നടത്തിയ ഈ പരിമിത യുദ്ധം പോലും അമേരിക്കയുടെ മിസൈൽ ശേഖരങ്ങളെ അപകടകരമായി ക്ഷയിപ്പിച്ചിരിക്കുകയാണ്. അതുകൊണ്ടുതന്നെ ക്യാപിറ്റോൾ ഹില്ലിൽ നിന്നുതന്നെ ആശങ്കകൾ ഉയരുന്നു. “ഇനി എങ്ങനെ ഈ വ്യോമ പ്രതിരോധ ആയുധങ്ങൾ പുനർനിർമ്മിക്കും?” എന്ന് സെനറ്റർമാർ തുറന്നുപറയുന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ മാറിയിരിക്കുന്നു.
ട്രംപ് ഭരണകൂടം ആയുധ നിർമ്മാണ കമ്പനികളുമായി പുതിയ കരാറുകൾ ഒപ്പുവെച്ചിട്ടുണ്ടെങ്കിലും, അതിന്റെ ഫലം ലഭിക്കാൻ വർഷങ്ങൾ വേണ്ടിവരും. അതുവരെ അമേരിക്കയുടെ സൈനിക കരുത്തിൽ ഒരു വലിയ പൊള്ളൽ തുടരും. ഇതാണ് ഇറാൻ ലോകത്തിനു മുന്നിൽ തെളിയിച്ച ഏറ്റവും വലിയ സത്യം അമേരിക്കയെ നേരിട്ട് തകർക്കേണ്ടതില്ല. അവരെ ക്ഷയിപ്പിച്ചാൽ മതി. ആ തന്ത്രമാണ് ഇപ്പോൾ വിജയത്തിലേക്ക് നീങ്ങുന്നതായി പല വിശകലന വിദഗ്ധരും വിലയിരുത്തുന്നത്.
ഇതോടെ പശ്ചിമേഷ്യയിലെ ശക്തിസമവാക്യങ്ങൾ പൂർണമായി മാറുകയാണ്. ഒരിക്കൽ “അമേരിക്ക ഉണ്ടെങ്കിൽ ആരെയും തോൽപ്പിക്കാം” എന്ന ആത്മവിശ്വാസത്തിലായിരുന്ന ഇസ്രയേൽ ഇപ്പോൾ മറ്റൊരു യാഥാർത്ഥ്യത്തെ നേരിടുകയാണ്. അമേരിക്കയുടെ ആയുധശേഖരം അനന്തമല്ല. അവരുടെ സാമ്പത്തിക ശേഷിക്കും പരിധിയുണ്ട്. ഏറ്റവും പ്രധാനമായി, ഒരു ദീർഘകാല യുദ്ധം അമേരിക്കൻ ജനത പോലും ഇനി അംഗീകരിക്കാൻ തയ്യാറല്ല. അങ്ങനെ നോക്കുമ്പോൾ ഇറാന്റെ മിസൈലുകൾ ആക്രമിച്ചത് ടെൽ അവീവിനെയല്ല; മറിച്ച് അമേരിക്കൻ ആധിപത്യത്തിന്റെ അഹങ്കാരത്തെയായിരുന്നു.
ഇപ്പോൾ അമേരിക്കയുടെ യഥാർത്ഥ ഭയം ഇറാൻ വീണ്ടും ആക്രമിക്കുമോ എന്നതല്ല. മറിച്ച് അടുത്ത യുദ്ധം പൊട്ടിപ്പുറപ്പെട്ടാൽ അതിനെ നേരിടാൻ തങ്ങൾക്ക് മതിയായ ആയുധങ്ങൾ ഉണ്ടാകുമോയെന്നതാണ്. ഇസ്രയേലിനെ രക്ഷിക്കാൻ നോക്കി, സ്വന്തം കീശ കാലിയാകുന്നത് തിരിച്ചറിയാത്ത അവസ്ഥയിലാണ് നിലവിൽ അമേരിക്ക നീങ്ങിക്കൊണ്ടിരിക്കുന്നത്. റോമാ സാമ്രാജ്യം മുതൽ ബ്രിട്ടീഷ് രാജവംശം വരെ ചരിത്രത്തിൽ തകർന്നു വീണത് ഒരൊറ്റ ദിവസം കൊണ്ടല്ല, ഇതുപോലുള്ള തന്ത്രപരമായ പതർച്ചകളിലൂടെയാണ്. ഭൂപടത്തിൽ ഇനി അമേരിക്കയുടെ ഗർജ്ജനം കേൾക്കില്ല, മറിച്ച് നിലനിൽപ്പിനായുള്ള അവരുടെ നിലവിളിയാകും ലോകം കേൾക്കുക. വൻശക്തികളുടെ പട്ടിക തിരുത്തിയെഴുതപ്പെടുന്ന, ഒരു പുതിയ ലോകക്രമത്തിന്റെ ക്ലൈമാക്സ് സീനാണ് ഇപ്പോൾ അരങ്ങേറുന്നത്. കളി മാറി, ഇനി അമേരിക്കയുടെ നെഞ്ചിടിപ്പ് കൂടും!
വീഡിയോ കാണാം…






