ഇറാൻ ഇസ്രയേലിനെ ആക്രമിക്കുന്നതിന് മുൻപുളള ടെസ്റ്റ് ഡോസാണ് ആഗസ്റ്റ് 25 ന് നടന്നിരിക്കുന്നത്. 2006 ന് ശേഷം ഹിസ്ബുള്ള നടത്തിയ ഏറ്റവും തീവ്രമായ ആക്രമണമാണ് ഇസ്രയേലിനു നേരെ നടന്നതെന്നാണ് പ്രമുഖ ബ്രിട്ടീഷ് മാധ്യമമായ ബി.ബി.സി പോലും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിന് സമാനമായ ആക്രമണം യുക്രെയിനു നേരെ റഷ്യയും നടത്തിയിട്ടുണ്ട്. രണ്ട് ആക്രമണങ്ങളിലും വൻ നാശനഷ്ടമാണ് അമേരിക്കൻ ചേരിക്ക് ഉണ്ടായിരിക്കുന്നത്.
ദക്ഷിണ ലെബനൻ അതിർത്തിയോട് ചേർന്നുള്ള മേഖലയിൽ നൂറോളം യുദ്ധ വിമാനങ്ങൾ ആയിരക്കണക്കിന് റോക്കറ്റുകൾ തകർത്തതായി ഇസ്രയേൽ സൈന്യം അവകാശപ്പെടുന്നുണ്ടെങ്കിലും യാഥാർത്ഥ്യം അതിനും അപ്പുറമാണെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഇസ്രയേലിനെതിരെ ആദ്യഘട്ട തിരിച്ചടി പൂർത്തിയാക്കിയതായി വ്യക്തമാക്കിയ ഹിസ്ബുള്ള ഇനിയും ആക്രമണം നടത്തുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം, ഹിസ്ബുള്ളയുടെ റോക്കറ്റ് ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇസ്രയേലിൽ 48 മണിക്കൂർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. വിനോദ സഞ്ചാരകേന്ദ്രങ്ങളും പൊതു ഇടങ്ങളും അടച്ചിട്ടിട്ടുണ്ട്. ഹിസ്ബുള്ള കമാൻഡറുടെ കൊലപാതകത്തിന് മറുപടിയായാണ് ഈ ആക്രമണമെന്നാണ് ഹിസ്ബുള്ള വ്യക്തമാക്കിയിരിക്കുന്നത്. 320 റോക്കറ്റുകളും ഡ്രോണുകളും ഹിസ്ബുള്ള കമാൻഡറുടെ കൊലപാതകത്തിന് പകരമായി ഇസ്രയേലിലേക്ക് തൊടുത്തുവിട്ടതായാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇരുരാജ്യങ്ങളും യുദ്ധത്തിലേക്ക് എത്തുമോയെന്ന ഭീതി നിലനിൽക്കുന്നതിനിടയിലാണ് മിന്നൽ ആക്രമണം ഉണ്ടായിരിക്കുന്നത്. ഗാസയിലെ ഇസ്രയേൽ ആക്രമണം ആരംഭിച്ചതിന് പിന്നാലെ നിത്യേന എന്ന രീതിയിൽ… ഇസ്രയേൽ- ലെബനൻ അതിർത്തിയിൽ ആക്രമണങ്ങൾ പതിവാണെങ്കിലും ഇത്തരമൊരു കടുത്ത തിരിച്ചടി പശ്ചിമേഷ്യയെ ഞെട്ടിക്കുന്നതാണ്.
പലസ്തീന് പിന്തുണ പ്രഖ്യാപിച്ചാണ് ഹിസ്ബുള്ള ഈ ആക്രമണവും നടത്തിയിരിക്കുന്നത്. ഹമാസ്-ഹിസ്ബുള്ള സംഘടനകളെ ഭീകരവാദ സംഘടനയായി ഇസ്രയേലും ബ്രിട്ടനും ഉൾപ്പെടെ നിരവധി രാജ്യങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ഒക്ടോബറിന് ശേഷം 560 ലേറെ പേരാണ് ലെബനനിൽ കൊല്ലപ്പെട്ടതെന്നാണ് ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നത്. ഇതിൽ… ഹിസ്ബുള്ള തീവ്രവാദികളും 26 സാധാരണക്കാരും 23 സൈനികരുമുണ്ടെന്നാണ് അധികൃതർ വിശദീകരിക്കുന്നത്. എന്നാൽ, ഇസ്രയേലിന്റെ ഭാഗത്തുള്ള നഷ്ടം എത്രയാണെന്ന് നാണക്കേട് മൂലം അവർ ഇതുവരെ പുറത്തുവിട്ടിട്ടില്ല. അമേരിക്കൻ പടക്കപ്പലുകൾ ഇസ്രയേലിനെ സഹായിക്കാൻ അതിർത്തിയിൽ തമ്പടിച്ച ഘട്ടത്തിൽ തന്നെയാണ് ഹിസ്ബുള്ള ഇത്തരം ഒരു ആക്രമണം നടത്തിയതെന്നത് അമേരിക്കയെയും ഞെട്ടിച്ചിട്ടുണ്ട്.
ഇസ്രയേലിലേക്ക് ഹിസ്ബുള്ള നടത്തിയ ആക്രമണവും, റഷ്യൻ സൈന്യം യുക്രൈയിൻ തലസ്ഥാനത്ത് നടത്തിയ ആക്രമണവും മുൻകൂട്ടി ആസൂത്രണം ചെയ്യപ്പെട്ട ആക്രമണമാണോ എന്ന സംശയവും അമേരിക്കയ്ക്ക് നിലവിലുണ്ട്.
യുക്രെയ്‌നിലുടനീളം റഷ്യ നടത്തിയ വൻ ആക്രമണത്തെ തുടർന്ന് നിരവധിപ്പേരാണ് കൊല്ലപ്പെട്ടിരിക്കുന്നത്. വൈദ്യുതി-ജലവിതരണവും തകർക്കപ്പെട്ടിട്ടുണ്ട്. രാജ്യത്തിന്റെ പകുതിയിലധികം പ്രദേശങ്ങളും ആക്രമണത്തിനിരയായതായ റിപ്പോർട്ടുകളാണ് ഇവിടെ നിന്നും പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. കിയവ് ഉൾപ്പെടെ നിരവധി നഗരങ്ങളിൽ വലിയ സ്‌ഫോടനങ്ങൾ നടന്നതായാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നിർണായകമായ സ്ഥലങ്ങൾ ആക്രമിക്കാൻ ഉയർന്ന നിലവാരമുള്ളതും കൃത്യതയുള്ളതുമായ ആയുധങ്ങൾ ഉപയോഗിച്ചതായി റഷ്യയും വ്യക്തമാക്കിയിട്ടുണ്ട്. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ യുക്രെയിനിൽ ഉടനീളം ഒരു എയർ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. നഗരനിവാസികളെകൊണ്ട് മെട്രോ സ്റ്റേഷനുകളും തിങ്ങിനിറഞ്ഞിരിക്കുകയാണ്. ഇതാണ് യുക്രെയിൻ തലസ്ഥാനത്തെ നിലവിലെ അവസ്ഥ.
യുക്രെയ്നിലുടനീളം വ്യാവസായിക മേഖലകൾ ലക്ഷ്യമിട്ട് നടക്കുന്ന ദീർഘദൂര റഷ്യൻ വ്യോമാക്രമണം റഷ്യ… സൈനിക നടപടിയിൽ വരുത്തിയ മാറ്റത്തിന്റെ നേർചിത്രമാണ്. അമേരിക്കൻ ആയുധങ്ങൾ ഉപയോഗിച്ച് യുക്രൈയിൻ സേന റഷ്യൻ അതിർത്തിയിൽ കടന്നുകയറിയതിലുള്ള തിരിച്ചടി കൂടിയാണിത്. ഇങ്ങനെ കടന്നുകയറിയ 6000- ത്തോളം യുക്രെയിൻ സൈനികരെ റഷ്യൻ സൈന്യം ഇതിനകം തന്നെ കൊന്നൊടുക്കിയിട്ടുണ്ട്. ഇതിൽ അമേരിക്കൻ കൂലിപടയാളികളും ഉൾപ്പെടും.
Also read: ലെബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം നടത്തി ഇസ്രയേൽ സൈന്യം
രണ്ട് മേഖലയിൽ ആണെങ്കിലും ഒരേസമയം റഷ്യയും ഹിസ്ബുള്ളയും ആക്രമിക്കുന്നത് അമേരിക്കൻ ചേരിയിലുളള രാജ്യങ്ങളെയാണ്. ഈ അവസരം മുതലെടുത്ത് ഇറാൻ ഇസ്രയേലിനെ ആക്രമിച്ചാൽ അമേരിക്കയാണ് ശരിക്കും പെട്ടുപോകുക. നിലവിൽ അമേരിക്കയുടെ ആയുധ കലവറ കാലിയായി കൊണ്ടിരിക്കുകയാണെന്ന റിപ്പോർട്ടുകൾ കൂടി പുറത്തുവരുന്ന സാഹചര്യത്തിൽ അമേരിക്ക വലിയ സമ്മർദ്ദത്തിലാണ് ഉള്ളത്. ഇറാനെ… അമേരിക്ക ആക്രമിക്കുന്ന ഒരു സാഹചര്യമുണ്ടായാൽ റഷ്യയും, ചൈനയും അവരുടെ സഖ്യകക്ഷികളും ഇടപെടുമെന്ന അഭ്യൂഹവും മേഖലയിൽ ശക്തമാണ്. അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികളും അതിനുള്ള സാധ്യത തള്ളിക്കളയുന്നില്ല. ഇറാൻ നിയന്ത്രിക്കുന്ന ഹിസ്ബുള്ള ഇസ്രയേലിലേക്ക് നടത്തിയ ആക്രമണം ഇറാന്റെയും റഷ്യയുടെയും അറിവോടെ തന്നെയാണെന്നാണ് സി.ഐ.എ കരുതുന്നത്. അതുകൊണ്ട് തന്നെ കൂടുതൽ രൂക്ഷമായ ആക്രമണങ്ങൾക്ക് ഇനിയും സാധ്യത ഉണ്ടെന്ന് തന്നെയാണ് അമേരിക്ക കരുതുന്നത്. ഹിസ്ബുള്ളയ്ക്ക് പിന്നാലെ ഇറാന്റെ പിന്തുണയുള്ള യെമനിലെ ഹൂതി വിഭാഗവും, ഇറാഖിലെ പ്രതിരോധ സേനയും ഇസ്രയേലിന് എതിരെ കടുത്ത ആക്രമണങ്ങൾക്ക് തയ്യാറെടുക്കുന്നതായാണ് അമേരിക്കൻ ഏജൻസികൾ സംശയിക്കുന്നത്.
EXPRESS VIEW