നെഞ്ചുവേദനയില്ലെങ്കിൽ ഹൃദയത്തിന് യാതൊരു പ്രശ്നവുമില്ലെന്ന് കരുതുന്നുണ്ടോ? എങ്കിൽ ആ ധാരണ തിരുത്തേണ്ടിയിരിക്കുന്നു. ഹൃദ്രോഗങ്ങൾ പലപ്പോഴും യാതൊരു വ്യക്തമായ ലക്ഷണങ്ങളും പ്രകടിപ്പിക്കാതെയാണ് ഗുരുതരമായ അപകടാവസ്ഥയിലേക്ക് എത്തിച്ചേരുന്നത്. ലോകത്ത് ഓരോ വർഷവും 1.79 കോടി ആളുകളുടെ മരണത്തിന് കാരണമാകുന്നത് ഹൃദയത്തെയും രക്തക്കുഴലുകളെയും ബാധിക്കുന്ന രോഗങ്ങളാണെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ വ്യക്തമാക്കുന്നത്. അതിനാൽത്തന്നെ ഹൃദയാഘാതത്തിന്റെയും പക്ഷാഘാതത്തിന്റെയും മുൻകൂർ ലക്ഷണങ്ങൾ കൃത്യമായി തിരിച്ചറിയേണ്ടത് ജീവൻ രക്ഷിക്കാൻ നിർണായകമാണ്.
ലോകത്ത് ഏറ്റവുമധികം ആളുകളുടെ ജീവവെക്കുന്ന പ്രധാന രോഗവിഭാഗമാണ് ഹൃദയസംബന്ധമായ അസുഖങ്ങൾ. ഹൃദയപേശികളെ മാത്രമല്ല, ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് രക്തം എത്തിക്കുന്ന ധമനികളെയും ഈ പ്രശ്നങ്ങൾ ബാധിക്കാറുണ്ട്. ഉയർന്ന രക്തസമ്മർദം, കൊളസ്ട്രോൾ, പ്രമേഹം, പുകവലി, വ്യായാമക്കുറവ്, അനാരോഗ്യകരമായ ഭക്ഷണശീലങ്ങൾ തുടങ്ങിയവ ഹൃദ്രോഗസാധ്യത ഗണ്യമായി വർധിപ്പിക്കുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്കുപ്രകാരം ഹൃദ്രോഗങ്ങൾ മൂലം മരണപ്പെടുന്നവരിൽ മൂന്നിലൊന്ന് ആളുകളും 70 വയസ്സിന് താഴെയുള്ളവരാണ്. ഇതിൽത്തന്നെ ഹൃദയാഘാതവും പക്ഷാഘാതവുമാണ് വലിയൊരു പങ്കു മരണങ്ങൾക്കും കാരണമാകുന്നത്. എന്നാൽ രോഗം നേരത്തേ കണ്ടെത്തി അപകടസാധ്യതകൾ നിയന്ത്രിച്ചാൽ ഭൂരിഭാഗം ദുരന്തങ്ങളും ഒഴിവാക്കാനാകും.
ഹൃദയാഘാതത്തിന്റെ പ്രധാന ലക്ഷണങ്ങൾ
ഹൃദയത്തിലേക്ക് രക്തമെത്തിക്കുന്ന ധമനികളിൽ തടസ്സമുണ്ടാകുമ്പോൾ പേശികൾക്ക് ആവശ്യത്തിന് ഓക്സിജൻ ലഭിക്കാതെ വരികയും ഇത് ഹൃദയാഘാതത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. ഇത്തരം സാഹചര്യങ്ങളിൽ താഴെ പറയുന്ന ലക്ഷണങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം.
നെഞ്ചിന്റെ മധ്യഭാഗത്ത് കനത്ത വേദനയോ വലിയ സമ്മർദമോ അസ്വസ്ഥതയോ അനുഭവപ്പെടുക.
കൈകളിലേക്കോ, തോളിലേക്കോ, പുറകിലേക്കോ, കഴുത്തിലേക്കോ, താടിയെല്ലിലേക്കോ വേദന വ്യാപിക്കുക.
ശ്വാസംമുട്ടൽ അനുഭവപ്പെടുക.
ഓക്കാനം, ഛർദി, തലകറക്കം എന്നിവ ഉണ്ടാകുക.
ശരീരം തണുത്തു വിയർക്കുക.
എന്നാൽ എല്ലാവരിലും ഹൃദയാഘാതം ഒരേ രീതിയിലായിരിക്കണമെന്നില്ല. സ്ത്രീകളിൽ സാധാരണ നെഞ്ചുവേദനയ്ക്കൊപ്പം കടുത്ത ശ്വാസംമുട്ടൽ, ഓക്കാനം, പുറംവേദന, താടിയെല്ലിലെ വേദന തുടങ്ങിയ ലക്ഷണങ്ങളാണ് പ്രധാനമായും കണ്ടുവരുന്നത്. ചിലരിലാകട്ടെ, വ്യക്തമായ നെഞ്ചുവേദനയില്ലാതെയും നിശബ്ദമായി ഹൃദയാഘാതം സംഭവിക്കാറുണ്ട്.
പക്ഷാഘാതത്തിന്റെ ലക്ഷണങ്ങൾ
തലച്ചോറിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെടുകയോ രക്തക്കുഴൽ പൊട്ടുകയോ ചെയ്യുമ്പോഴാണ് പക്ഷാഘാതം സംഭവിക്കുന്നത്. മുഖത്തിന്റെ ഒരു വശം കോടിപ്പോകുക, ഒരു കൈയ്ക്കോ കാലിനോ പെട്ടെന്ന് ബലക്കുറവോ മരവിപ്പോ അനുഭവപ്പെടുക, സംസാരിക്കാൻ ബുദ്ധിമുട്ടുണ്ടാകുക അല്ലെങ്കിൽ സംസാരം അവ്യക്തമാകുക, പെട്ടെന്ന് കാഴ്ചയ്ക്ക് തടസ്സമുണ്ടാകുക, നടക്കാൻ ബുദ്ധിമുട്ട്, തലകറക്കം, ശരീരത്തിന്റെ ബാലൻസ് നഷ്ടപ്പെടൽ, കാരണമറിയാത്ത കഠിനമായ തലവേദനയോ ബോധക്ഷയമോ ഉണ്ടാകുക എന്നിവയാണ് ഇതിന്റെ പ്രധാന മുന്നറിയിപ്പുകൾ. ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ അവ തനിയെ മാറുമെന്ന് കരുതി സമയം കളയാതെ ഉടൻ തന്നെ അടിയന്തര വൈദ്യസഹായം തേടേണ്ടതാണ്. ലക്ഷണങ്ങൾ കുറച്ചുസമയത്തിനകം അപ്രത്യക്ഷമായാലും ഡോക്ടറെ കണ്ട് പരിശോധന നടത്തേണ്ടത് അത്യാവശ്യമാണ്.
ലക്ഷണങ്ങളില്ലെങ്കിലും അപകടസാധ്യതയുണ്ടാകാം
രക്തക്കുഴലുകളിൽ കൊഴുപ്പും മറ്റ് വസ്തുക്കളും അടിഞ്ഞുകൂടി രക്തപ്രവാഹം മന്ദീഭവിക്കുന്ന അവസ്ഥ വർഷങ്ങളോളം യാതൊരു ലക്ഷണങ്ങളും പുറത്തു കാണിക്കാതെ തുടരാം. പലപ്പോഴും ഹൃദയാഘാതമോ പക്ഷാഘാതമോ ഉണ്ടാവുമ്പോഴാണ് രോഗം ആദ്യമായി തിരിച്ചറിയുന്നത് തന്നെ. ഉയർന്ന രക്തസമ്മർദം, രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിക്കുക, ഉയർന്ന കൊളസ്ട്രോൾ, അമിതവണ്ണം എന്നിവയാണ് ഹൃദ്രോഗസാധ്യതയുടെ പ്രധാന സൂചനകൾ. അതിനാൽ പ്രകടമായ ലക്ഷണങ്ങൾ ഇല്ലെങ്കിൽപ്പോലും കൃത്യമായ ആരോഗ്യപരിശോധനകൾ നടത്തുകയും ഡോക്ടറുടെ നിർദേശപ്രകാരം അപകടസാധ്യതകൾ നിയന്ത്രിക്കുകയും വേണം.
ഹൃദയത്തെ സംരക്ഷിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ
ഹൃദയസംബന്ധമായ രോഗങ്ങളുടെ സാധ്യതകൾ ഒരുപരിധി വരെ പ്രതിരോധിക്കാൻ ദൈനംദിന ജീവിതശൈലിയിൽ ചില മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്.
ഭക്ഷണത്തിലെ ഉപ്പിന്റെ ഉപയോഗം കർശനമായി നിയന്ത്രിക്കുക. പാക്കറ്റ് ഭക്ഷണങ്ങളിലും സംസ്കരിച്ച ഭക്ഷണങ്ങളിലും അടങ്ങിയിരിക്കുന്ന ഉപ്പിന്റെ അളവും പ്രത്യേകം ശ്രദ്ധിക്കണം.
സമീകൃതാഹാരത്തിന്റെ ഭാഗമായി പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, ആവശ്യമായ പ്രോട്ടീൻ എന്നിവ ഡയറ്റിൽ ഉൾപ്പെടുത്തുക. പൂരിത കൊഴുപ്പും അമിത പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കുക.
ആരോഗ്യസ്ഥിതിക്ക് അനുയോജ്യമായ വ്യായാമങ്ങൾ ശീലമാക്കുക. ദീർഘനേരം ഒരേ ഇരുപ്പിൽ തുടരുന്ന രീതി ഒഴിവാക്കാൻ ശ്രദ്ധിക്കുക.
പുകവലിയും പുകയില ഉൽപ്പന്നങ്ങളുടെ ഉപയോഗവും പൂർണ്ണമായി ഉപേക്ഷിക്കുക.
രക്തസമ്മർദം, രക്തത്തിലെ പഞ്ചസാര, കൊളസ്ട്രോൾ എന്നിവ കൃത്യമായ ഇടവേളകളിൽ പരിശോധിക്കുക. പ്രമേഹമോ ഉയർന്ന രക്തസമ്മർദമോ ഉള്ളവർ ഡോക്ടറുടെ നിർദേശപ്രകാരം കൃത്യമായ ചികിത്സയും നിരീക്ഷണവും തുടരേണ്ടതാണ്.
ഹൃദയാഘാതത്തിന്റെയോ പക്ഷാഘാതത്തിന്റെയോ ലക്ഷണങ്ങൾ കണ്ടാൽ ഒട്ടും വൈകാതെ അടിയന്തര വൈദ്യസഹായം തേടുക. സ്വയം രോഗനിർണയം നടത്തുകയോ സ്വയം ചികിത്സിച്ച് സമയം കളയുകയോ ചെയ്യുന്നത് ജീവന് തന്നെ ആപത്താണ്. ഹൃദയസംബന്ധമായ രോഗങ്ങൾ ഗുരുതരമാണെങ്കിലും, അപകടസാധ്യതകൾ നേരത്തേ തിരിച്ചറിയുന്നതിലൂടെയും ആരോഗ്യകരമായ ജീവിതശൈലിയിലൂടെയും ഇവയെ ഒരു പരിധി വരെ പ്രതിരോധിക്കാൻ സാധിക്കും.
NB: ഈ വാർത്തയിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രം പ്രതീകാത്മകമാണ്. (AI SOURCES)






