നിശബ്ദനായ കൊലയാളി! വായ്പുണ്ണും കഴുത്തിലെ മുഴകളും നിസ്സാരമായി തള്ളല്ലേ; തലയിലെയും വായയിലെയും കാൻസർ ലക്ഷണങ്ങൾ അറിയാം

തലയെയും കഴുത്തിനെയും ബാധിക്കുന്ന കാൻസറുകൾ ഉണ്ടെങ്കിൽ വളരെ നേരത്തെതന്നെ ശരീരം വ്യക്തമായ മാറ്റങ്ങൾ പ്രകടമാക്കും

നിശബ്ദനായ കൊലയാളി!  വായ്പുണ്ണും കഴുത്തിലെ മുഴകളും നിസ്സാരമായി തള്ളല്ലേ; തലയിലെയും വായയിലെയും കാൻസർ ലക്ഷണങ്ങൾ അറിയാം
നിശബ്ദനായ കൊലയാളി!  വായ്പുണ്ണും കഴുത്തിലെ മുഴകളും നിസ്സാരമായി തള്ളല്ലേ; തലയിലെയും വായയിലെയും കാൻസർ ലക്ഷണങ്ങൾ അറിയാം

ഴുത്തിലെയും തലയിലെയും കാൻസറുകൾ, വായിലെ കാൻസർ എന്നിവ പലപ്പോഴും തിരിച്ചറിയാൻ ഏറെ വൈകുന്നത് അതിന്റെ പ്രാരംഭലക്ഷണങ്ങളെ അവഗണിക്കുന്നത് മൂലമാണ്. ഈ കാൻസറുകൾ ഫലപ്രദമായി ചികിത്സിച്ചു മാറ്റാൻ സാധിക്കുന്നവയാണെങ്കിലും, രോഗലക്ഷണങ്ങൾ നേരത്തെ തിരിച്ചറിയാത്തത് പലപ്പോഴും തിരിച്ചടിയാകാറുണ്ട്. ശരീരത്തിലുണ്ടാകുന്ന ചെറിയ മാറ്റങ്ങൾ പോലും സമയബന്ധിതമായി കണ്ടെത്താൻ, ദിവസവും വെറും മുപ്പതു സെക്കന്റ് കണ്ണാടിയുടെ മുൻപിൽ നിന്ന് സ്വയം പരിശോധന നടത്തിയാൽ മതിയാകും. എന്നാൽ ഒരുങ്ങാൻ മാത്രം കണ്ണാടിയുടെ മുന്നിൽ നിൽക്കുന്നവരാണ് മിക്കവരും എന്നതിനാൽ വായ, നാക്ക്, കഴുത്ത് തുടങ്ങിയ ഭാഗങ്ങൾ പരിശോധിക്കുന്നവർ വളരെ കുറവാണ്.

തലയെയും കഴുത്തിനെയും ബാധിക്കുന്ന കാൻസറുകൾ ഉണ്ടെങ്കിൽ വളരെ നേരത്തെതന്നെ ശരീരം വ്യക്തമായ മാറ്റങ്ങൾ പ്രകടമാക്കും. വാപ്പുണ്ണ്, ചെറിയ മുഴകൾ ഇവയെല്ലാം മാസങ്ങൾക്കു മുൻപേ പല രോഗികളും ശ്രദ്ധിച്ചിട്ടുണ്ടാകുമെങ്കിലും, അവ തനിയേ മാറിക്കൊള്ളും എന്നു കരുതി പലരും ചികിത്സ തേടാൻ തയാറാകാറില്ല. എന്നാൽ വൈദ്യപരിശോധന വൈകുമ്പോൾ രോഗം പലപ്പോഴും അവസാന ഘട്ടത്തിലേക്ക് എത്തിയിട്ടുണ്ടാകും. എന്നാൽ നേരത്തെ തന്നെ രോഗനിർണയം നടത്തുന്നതു വഴി സംസാരിക്കാനും ഭക്ഷണം ഇറക്കാനുമുള്ള ബുദ്ധിമുട്ടുകൾ ഒഴിവാക്കാനും കൃത്യമായ ചികിത്സയിലൂടെ രോഗം ഭേദമാക്കാനും സാധിക്കും.

Also Read:ഇന്ത്യൻ അടുക്കളകളിലെ കടുക് എണ്ണ അമേരിക്കയിലും യൂറോപ്പിലും നിരോധിക്കാൻ കാരണം; യൂറൂസിക് ആസിഡിന്റെ ദോഷവശങ്ങൾ

ഈ മാറ്റങ്ങൾ സ്വയം തിരിച്ചറിയാൻ സഹായിക്കുന്ന ‘മിറർ ടെസ്റ്റ്’ വളരെ ലളിതമാണ്. ആദ്യം മുഖത്തേക്ക് നോക്കി വീക്കമോ മുൻപ് കാണാത്ത തരത്തിലുള്ള രൂപമാറ്റമോ ഉണ്ടോ എന്ന് പരിശോധിക്കുക. തുടർന്ന് വായ തുറന്ന ശേഷം ചുണ്ടുകൾ, മോണകൾ, കഴുത്ത്, നാവ് എന്നിവ വളരെ ശ്രദ്ധയോടെ നോക്കണം. പ്രത്യേകിച്ച് നാവ് ഉയർത്തിയ ശേഷം അതിന്റെ വശങ്ങളും അടിഭാഗവും പരിശോധിക്കണം, കാരണം ഇത്തരം സ്ഥലങ്ങളിലാണ് ഓറൽ കാൻസർ സാധാരണയായി ആരംഭിക്കുന്നത്. രണ്ടാഴ്ചയിലധികം നീണ്ടുനിൽക്കുന്ന വായ്പുണ്ണ്, ചുവന്നതോ വെളുത്തതോ ആയ പാടുകൾ, രക്തസ്രാവം, അസാധാരണ മുഴകൾ എന്നിവയുണ്ടോ എന്നും നിർബന്ധമായും പരിശോധിക്കേണ്ടതാണ്.

ഇതിനുപുറമേ, വായയുടെ പുറകുഭാഗം പരിശോധിക്കുന്നതിനായി ‘ആ’ എന്ന ശബ്ദത്തോടെ വായ തുറന്നശേഷം എന്തെങ്കിലും നീരോ വീക്കമോ അസാധാരണ വളർച്ചയോ ഉണ്ടോ എന്ന് നോക്കുക. തുടർന്ന് കഴുത്തിന്റെ ഇരുവശങ്ങളും തൊട്ടുനോക്കി പരിശോധിക്കുക. ഉറപ്പുള്ളതും എന്നാൽ വേദനയില്ലാത്തതുമായ മുഴകൾ രണ്ടോ മൂന്നോ ആഴ്ചയിലധികം നീണ്ടുനിൽക്കുന്നുണ്ടെങ്കിൽ പ്രത്യേകം ശ്രദ്ധിക്കണം. ഓർക്കുക, ഈ സ്വയം പരിശോധനയിലൂടെ കാൻസർ സ്വയം നിർണയിക്കാനാവില്ലെങ്കിലും, ശരീരത്തിലുണ്ടാകുന്ന ചെറിയ മാറ്റങ്ങൾ തിരിച്ചറിഞ്ഞ് ശരിയായ വൈദ്യപരിശോധനയ്ക്ക് വേഗത്തിൽ വിധേയരാകാൻ ഇത് ഏറെ സഹായിക്കും.

NB: ഈ വാർത്തയിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രം പ്രതീകാത്മകമാണ്. (AI SOURCES)

Share Email
Top