പ്രമുഖ ഇരുചക്ര വാഹന നിർമ്മാതാക്കളായ കെടിഎം ഇന്ത്യ തങ്ങളുടെ ജനപ്രിയ എൻട്രി ലെവൽ സ്പോർട്സ് ബൈക്കായ ആർസി 160 ന്റെ വില ഏകദേശം 15,000 രൂപ വർദ്ധിപ്പിച്ചു. വില പരിഷ്കരണത്തോടെ ബൈക്കിന്റെ പുതിയ എക്സ്-ഷോറൂം വില 2 ലക്ഷം രൂപയായി ഉയർന്നു. വിപണിയിൽ തങ്ങളുടെ പ്രധാന എതിരാളിയായ യമഹ ആർ 15 വി 4 മായി ബൈക്ക് കടുത്ത മത്സരം തുടരുന്നതിനിടയിലാണ് കമ്പനിയുടെ ഈ പുതിയ തീരുമാനം. നിലവിലെ വില വർദ്ധനവോടെ കെടിഎം ആർസി 160-ന്റെ വില ടോപ്പ് എൻഡ് യമഹ ആർ 15 വി 4-ന് ഒപ്പമെത്തിയിരിക്കുകയാണ്. ഏകദേശം 1.98 ലക്ഷം രൂപ എക്സ്-ഷോറൂം വിലയുള്ള യമഹ ആർ 15, കെടിഎമ്മിനേക്കാൾ 2,000 രൂപയോളം കുറവിലാണ് വിപണിയിലെത്തുന്നത്. കൂടാതെ ടിഎഫ്‌ടി ഇൻസ്ട്രുമെന്റ് ഡിസ്‌പ്ലേ, ട്രാക്ഷൻ കൺട്രോൾ, ക്വിക്ക്ഷിഫ്റ്റർ തുടങ്ങിയ ആധുനിക ഫീച്ചറുകൾ യമഹ നൽകുന്നതിനാൽ, ഈ വില വ്യത്യാസം ഉപഭോക്താക്കളുടെ തീരുമാനങ്ങളെ സ്വാധീനിച്ചേക്കാം.
മറുവശത്ത്, ആർസി 160-ന്റെ വില ഉയർന്നതോടെ കെടിഎമ്മിന്റെ തന്നെ വലിയ മോഡലായ ആർസി 200 -മായി ഉള്ള വിലവ്യത്യാസം 32,000 രൂപയായി കുറഞ്ഞു. 2.32 ലക്ഷം രൂപ എക്സ്-ഷോറൂം വിലയുള്ള ആർസി 200, കുറഞ്ഞ വിലവ്യത്യാസത്തിൽ കൂടുതൽ കരുത്തുറ്റ എഞ്ചിനും മികച്ച പെർഫോമൻസും വാഗ്ദാനം ചെയ്യുന്നതിനാൽ കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കാൻ സാധ്യതയുണ്ട്.
സാങ്കേതിക മികവിലേക്ക് നോക്കിയാൽ, 164.2 സിസി സിംഗിൾ സിലിണ്ടർ ലിക്വിഡ്-കൂൾഡ് എഞ്ചിനാണ് കെടിഎം ആർസി 160-ന് കരുത്ത് പകരുന്നത്. 18.73 ബിഎച്ച്‌പി പവറും 15.5 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന ഈ എഞ്ചിനിൽ 6-സ്പീഡ് ഗിയർബോക്‌സാണ് നൽകിയിരിക്കുന്നത്. ട്രെല്ലിസ് ഫ്രെയിം, ഡ്യുവൽ-ചാനൽ എബിഎസുള്ള ഡിസ്ക് ബ്രേക്കുകൾ, 13.75 ലിറ്റർ ഇന്ധന ടാങ്ക്, ഫുൾ എൽഇഡി ലൈറ്റിംഗ് എന്നിവയടക്കം ഒരു സ്പോർട്ടി ബൈക്കിന് ആവശ്യമായ സകല സവിശേഷതകളും ഈ മോഡൽ ഉറപ്പുനൽകുന്നു.






