രണ്വീർ സിംഗ് നായകനായ ‘ധുരന്ദർ’ എന്ന ചിത്രത്തിന് ഗൾഫ് രാജ്യങ്ങളായ ബഹ്‌റൈൻ, കുവൈത്ത്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യു.എ.ഇ. എന്നിവിടങ്ങളിൽ പ്രദർശനവിലക്ക് ഏർപ്പെടുത്തി. പാകിസ്ഥാൻ വിരുദ്ധ പരാമർശങ്ങൾ ചിത്രത്തിൽ ഉണ്ടെന്ന റിപ്പോർട്ടുകളെ തുടർന്നാണ് വിലക്ക്. വലിയ പ്രതീക്ഷയോടെ കാത്തിരുന്നതും മികച്ച പ്രതികരണം ലഭിച്ചതുമായ സിനിമയാണിത്. ബോളിവുഡ് ചിത്രങ്ങൾക്ക് നിരവധി പ്രേക്ഷകരുള്ള ഗൾഫ് രാജ്യങ്ങളിലെ ഈ പ്രദർശനവിലക്ക്, സിനിമയ്ക്ക് സാമ്പത്തികപരമായി വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയിരിക്കുന്നത്. നേരത്തെ ‘ഫൈറ്റർ’, ‘സ്‌കൈ ഫോഴ്സ്’, ‘ദി ഡിപ്ലോമാറ്റ്’, ‘ആർട്ടിക്കിൾ 370’, ‘കശ്മീർ ഫയൽസ്’ തുടങ്ങിയ ചിത്രങ്ങൾക്കും ഇതേ കാരണത്താൽ ഗൾഫ് രാജ്യങ്ങളിൽ വിലക്ക് നേരിട്ടിരുന്നു. ഇതിൽ ഹൃത്വിക് റോഷൻ-ദീപിക പദുക്കോൺ ചിത്രം ‘ഫൈറ്റർ’ യു.എ.ഇയിൽ റിലീസ് ചെയ്തെങ്കിലും പിന്നീട് ചില ദൃശ്യങ്ങൾ നീക്കം ചെയ്യാൻ ആവശ്യപ്പെടുകയുണ്ടായി.
റിലീസ് ചെയ്ത് ഒരാഴ്ച പിന്നിടുമ്പോൾ രൺവീർ സിംഗ് ചിത്രം ‘ധുരന്ദർ’ ആഗോളതലത്തിൽ നിന്ന് 317 കോടി രൂപ നേടി. ഇതിൽ ഇന്ത്യയിൽ നിന്ന് 258 കോടിയും ഓവർസീസിൽ നിന്ന് 59 കോടിയുമാണ് സിനിമയുടെ സമ്പാദ്യം. വരും ദിവസങ്ങളിലും ചിത്രത്തിൻ്റെ കളക്ഷൻ ഉയരുമെന്നാണ് പ്രതീക്ഷ. അതേസമയം, ചിത്രത്തിലെ നായികയായ സാറ അർജുന്റെ പ്രായത്തെ ചൊല്ലി സോഷ്യൽ മീഡിയയിൽ വലിയ വിവാദങ്ങൾ ഉയർന്നിരുന്നു. 40 വയസ്സുള്ള രൺവീറിൻ്റെ നായികയായി 20 വയസ്സുള്ള സാറയെ കാസ്റ്റ് ചെയ്തതിനെ പലരും ചോദ്യം ചെയ്തു. ഗാനരംഗങ്ങളിലെ ഇരുവരും തമ്മിലുള്ള റൊമാൻസ് രംഗങ്ങൾക്കെതിരെയും വിമർശനം ഉയരുകയുണ്ടായി. ഇരുവരും തമ്മിൽ കെമിസ്ട്രി ഇല്ലെന്നും, മറ്റ് നായികമാരെ പരിഗണിക്കാമായിരുന്നു എന്നുമാണ് സോഷ്യൽ മീഡിയ കമൻ്റുകൾ.
Also Read: ‘റേച്ചൽ’ ചിത്രത്തിൻ്റെ റിലീസ് മാറ്റിവെച്ചു; ചിത്രം ഉടൻ തിയേറ്ററുകളിലെത്തും
ജിയോ സ്റ്റുഡിയോസ്, ബി62 സ്റ്റുഡിയോസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ രൺവീർ സിംഗിനെ കൂടാതെ സഞ്ജയ് ദത്ത്, അക്ഷയ് ഖന്ന, ആർ. മാധവൻ, അർജുൻ രാംപാൽ തുടങ്ങിയ താരങ്ങളും നിർണ്ണായക വേഷങ്ങളിൽ എത്തുന്നുണ്ട്. ‘ഉറി: ദ സർജിക്കൽ സ്ട്രൈക്ക്’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ആദിത്യ ധർ ആണ് ഈ സിനിമ സംവിധാനം ചെയ്യുന്നത്. ഹനുമാൻ കൈൻഡ്, ജാസ്മിൻ സാൻഡ്ലാസ് എന്നിവരുടെ ഗാനവും ചിത്രത്തിൻ്റെ അനൗൺസ്‌മെൻ്റ് വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.






