സൂര്യനിൽ നിന്ന് അതിശക്തമായ നാല് സൗരജ്വാലകൾ പുറപ്പെട്ടതായി നാസയുടെ സോളാർ ഡൈനാമിക്സ് ഒബ്സർവേറ്ററി സ്ഥിരീകരിച്ചു. ഇതിൽ ഫെബ്രുവരി രണ്ടിന് രേഖപ്പെടുത്തിയ X8.1 ക്ലാസ് ജ്വാലയാണ് 2026-ലെ ഏറ്റവും ശക്തമായ സ്ഫോടനമായി കണക്കാക്കപ്പെടുന്നത്. പതിറ്റാണ്ടുകൾക്കിടയിലെ തന്നെ ഏറ്റവും വലിയ സൗരപ്രവർത്തനങ്ങളിൽ ഒന്നാണിതെന്നും 1996-ന് ശേഷമുള്ള ഏറ്റവും മികച്ച 20 സൗരജ്വാലകളിൽ ഇത് ഉൾപ്പെടുന്നുവെന്നും സ്പേസ് വെതർ ലൈവ് റിപ്പോർട്ട് ചെയ്യുന്നു. ഭൂമിയിലെ ആശയവിനിമയ സംവിധാനങ്ങളെയും പവർ ഗ്രിഡുകളെയും ബാധിച്ചേക്കാവുന്ന തരത്തിലുള്ള തീവ്രത ഈ ജ്വാലകൾക്കുണ്ട്.
ഫെബ്രുവരി ഒന്നിനും രണ്ടിനുമായാണ് ഈ പ്രതിഭാസങ്ങൾ അരങ്ങേറിയത്. ആദ്യത്തെ മൂന്ന് ജ്വാലകൾ ഫെബ്രുവരി ഒന്നിന് വ്യത്യസ്ത സമയങ്ങളിലായി സൂര്യൻ പുറപ്പെടുവിച്ചു. ഇതിൽ ഏറ്റവും ഭീമാകാരമായ രണ്ടാമത്തെ ജ്വാല (X8.1) ഞായറാഴ്ച രാത്രിയോടെയാണ് ഉച്ചസ്ഥായിയിലെത്തിയത്. നാലാമത്തെ ജ്വാല ഫെബ്രുവരി രണ്ടിന് ഉച്ചയ്ക്ക് രേഖപ്പെടുത്തി. ഭൂമിയിലെ റേഡിയോ തരംഗങ്ങളെയും ഉപഗ്രഹ പ്രവർത്തനങ്ങളെയും തടസ്സപ്പെടുത്താൻ ശേഷിയുള്ളതാണ് ഈ ‘X’ ക്ലാസ് വിഭാഗത്തിൽപ്പെട്ട സൗരജ്വാലകൾ.
Also Read: മനുഷ്യശരീരത്തിലെ രഹസ്യങ്ങൾ ഇനി എഐ പറയും: ഡിഎൻഎ പരിശോധിച്ച് രോഗസാധ്യത മുൻകൂട്ടി പ്രവചിക്കാൻ ഗൂഗിൾ എഐ
ഭൂമിയുടെ ശക്തമായ കാന്തികമണ്ഡലവും അന്തരീക്ഷവും ദോഷകരമായ വികിരണങ്ങളിൽ നിന്ന് നമ്മെ സംരക്ഷിക്കുന്നതിനാൽ, ഈ സൗരജ്വാലകൾ മനുഷ്യർക്ക് നേരിട്ട് ശാരീരികമായ അപകടങ്ങൾ ഉണ്ടാക്കില്ല. എന്നാൽ സാങ്കേതിക വിദ്യയെ ഇത് സാരമായി ബാധിച്ചേക്കാം. ഭൂമിയുടെ സൂര്യപ്രകാശം ലഭിക്കുന്ന ഭാഗങ്ങളിൽ ഉയർന്ന ഫ്രീക്വൻസി (HF) ആശയവിനിമയ ബാൻഡുകളിൽ പെട്ടെന്ന് സിഗ്നൽ നഷ്ടപ്പെടാനോ തടസ്സങ്ങൾ അനുഭവപ്പെടാനോ സാധ്യതയുണ്ടെന്ന് നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്‌മോസ്ഫെറിക് അഡ്മിനിസ്‌ട്രേഷൻ (NOAA) മുന്നറിയിപ്പ് നൽകുന്നു.
റേഡിയോ സിഗ്നലുകൾ ഉപയോഗിക്കുന്നവർക്ക് മിനിറ്റുകൾ മുതൽ രണ്ട് മണിക്കൂർ വരെ സമ്പർക്കം നഷ്ടപ്പെട്ടേക്കാം. കൂടാതെ, അതിശക്തമായ ഭൂകാന്തിക കൊടുങ്കാറ്റുകൾ രൂപപ്പെട്ടാൽ ഉയർന്ന വോൾട്ടേജ് ട്രാൻസ്‌ഫോർമറുകൾക്ക് കേടുപാടുകൾ സംഭവിക്കാനും അതുവഴി പവർ ഗ്രിഡുകൾ തകരാറിലായി വൈദ്യുതി തടസ്സപ്പെടാനും സാധ്യതയുണ്ട്. ജിപിഎസ് (GPS), നാവിഗേഷൻ സംവിധാനങ്ങൾ, ഉപഗ്രഹ ആശയവിനിമയം എന്നിവയിൽ വലിയ തോതിലുള്ള തടസ്സങ്ങൾ ഉണ്ടാകാൻ ഈ സൗരജ്വാലകൾ കാരണമാകുമെന്നും ഗവേഷകർ നിരീക്ഷിക്കുന്നു.






