പരീക്ഷാ തട്ടിപ്പുകളുടെ പരമ്പര! യുജിസി നെറ്റിലും വമ്പൻ അഴിമതിയെന്ന് രാഹുൽ ഗാന്ധി; കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനം

ലക്ഷക്കണക്കിന് വിദ്യാർഥികളുടെ കഠിനാധ്വാനത്തെ സർക്കാർ അവഗണിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു

പരീക്ഷാ തട്ടിപ്പുകളുടെ പരമ്പര! യുജിസി നെറ്റിലും വമ്പൻ അഴിമതിയെന്ന് രാഹുൽ ഗാന്ധി; കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനം
പരീക്ഷാ തട്ടിപ്പുകളുടെ പരമ്പര! യുജിസി നെറ്റിലും വമ്പൻ അഴിമതിയെന്ന് രാഹുൽ ഗാന്ധി; കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനം

യുജിസി നെറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ചോദ്യപേപ്പർ ചോർച്ചാ വിവാദത്തിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രംഗത്ത്. നീറ്റ് പരീക്ഷാ വിവാദത്തിന് പിന്നാലെ ഉണ്ടായ ഈ സംഭവം അങ്ങേയറ്റം ഞെട്ടിക്കുന്നതാണെന്ന് രാഹുൽ ഗാന്ധി എക്സിലൂടെ പ്രതികരിച്ചു. ലക്ഷക്കണക്കിന് വിദ്യാർഥികളുടെ കഠിനാധ്വാനത്തെ സർക്കാർ അവഗണിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

യുജിസി നെറ്റ് സോഷ്യോളജി പരീക്ഷയ്ക്ക് മുൻപ് 100 പേജുള്ള പിഡിഎഫ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നതായും, ഇതിലെ 90 ശതമാനത്തിലധികം ചോദ്യങ്ങളും യഥാർഥ പരീക്ഷയിൽ ആവർത്തിച്ചതായും രാഹുൽ ചൂണ്ടിക്കാട്ടി. ബിഹാർ, യുപി, ഹരിയാണ, ഡൽഹി, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ ഈ ചോദ്യപേപ്പർ 2.25 ലക്ഷം രൂപയ്ക്ക് വിറ്റുവെന്നും വരാനിരിക്കുന്ന മറ്റ് മത്സരപ്പരീക്ഷകളുടെ ചോദ്യപേപ്പറുകളും ഇതേ ശൃംഘല വിൽക്കാൻ ശ്രമിക്കുന്നതായും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയിൽ നിന്നോ വിദ്യാഭ്യാസ മന്ത്രിയിൽ നിന്നോ നീതി പ്രതീക്ഷിക്കുന്നത് വ്യർഥമാണെന്നും, വിദ്യാർഥികളുടെ കൂട്ടായ ശബ്ദത്തിലൂടെ മാത്രമേ രാജ്യത്ത് മാറ്റം കൊണ്ടുവരാൻ സാധിക്കൂ എന്നും രാഹുൽ കൂട്ടിച്ചേർത്തു.

Also Read:റീൽസ് ചിത്രീകരിക്കുന്നതിനെ ചൊല്ലി വഴക്ക്; അമ്മയുടെ ഉപദേശത്തിൽ മനംനൊന്ത് കൗമാരക്കാരി കനാലിൽ ചാടി ജീവനൊടുക്കി

അതേസമയം, ആരോപണങ്ങൾ നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻ.ടി.എ.) പൂർണ്ണമായും നിഷേധിച്ചു. പരീക്ഷ നടന്ന് ആറു ദിവസത്തിന് ശേഷമാണ് ചോദ്യപേപ്പർ പുറത്തുവന്നതെന്നും അതിനാൽ ചോർച്ച നടന്നിട്ടില്ലെന്നുമാണ് എൻ.ടി.എയുടെ വാദം. നൂറ് ചോദ്യങ്ങളടങ്ങിയ പേപ്പറിൽ 96 എണ്ണം പരീക്ഷയിൽ ആവർത്തിച്ചു എന്ന ആരോപണം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായെങ്കിലും, ഔദ്യോഗികമായി പരീക്ഷാ നടത്തിപ്പുകാർ ഇത് തള്ളിക്കളയുകയാണ് ചെയ്തത്.

Share Email
Top