ഇന്ത്യൻ മാമ്പഴത്തിനായി അമേരിക്കയിൽ പിടിവലി? മിനിറ്റുകൾക്കുള്ളിൽ വിറ്റുതീർന്ന് ലക്ഷക്കണക്കിന് രൂപയുടെ മാങ്ങകൾ

പുതിയ സ്റ്റോക്ക് എത്തി വെറും ഇരുപത് മിനിറ്റിനുള്ളിൽ തന്നെ പെട്ടികൾ കാലിയാകുന്ന അവസ്ഥയാണെന്ന് സമൂഹമാധ്യമങ്ങളിലെ കുറിപ്പുകൾ വ്യക്തമാക്കുന്നു

ഇന്ത്യൻ മാമ്പഴത്തിനായി അമേരിക്കയിൽ പിടിവലി? മിനിറ്റുകൾക്കുള്ളിൽ വിറ്റുതീർന്ന് ലക്ഷക്കണക്കിന് രൂപയുടെ മാങ്ങകൾ
ഇന്ത്യൻ മാമ്പഴത്തിനായി അമേരിക്കയിൽ പിടിവലി? മിനിറ്റുകൾക്കുള്ളിൽ വിറ്റുതീർന്ന് ലക്ഷക്കണക്കിന് രൂപയുടെ മാങ്ങകൾ

വേനൽക്കാലം എത്തിയതോടെ അമേരിക്കൻ വിപണിയിൽ ഇന്ത്യൻ മാമ്പഴങ്ങൾക്ക് അഭൂതപൂർവമായ ഡിമാൻഡാണ് അനുഭവപ്പെടുന്നത്. ഇന്ത്യൻ മാമ്പഴങ്ങൾക്കായി അമേരിക്കക്കാർ എത്ര പണം നൽകാനും തയ്യാറാണെന്ന് പ്രമുഖ മാധ്യമമായ ‘ദി വോൾ സ്ട്രീറ്റ് ജേണൽ’ റിപ്പോർട്ട് ചെയ്യുന്നു. പുതിയ സ്റ്റോക്ക് എത്തി വെറും ഇരുപത് മിനിറ്റിനുള്ളിൽ തന്നെ പെട്ടികൾ കാലിയാകുന്ന അവസ്ഥയാണെന്ന് സമൂഹമാധ്യമങ്ങളിലെ കുറിപ്പുകൾ വ്യക്തമാക്കുന്നു. അൽഫോൻസോ മാത്രമല്ല, കേസരി മാമ്പഴങ്ങൾക്കും വിദേശ രാജ്യങ്ങളിൽ വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്.

ലോകത്തെ മൊത്തം മാമ്പഴ ഉൽപ്പാദനത്തിന്റെ പകുതിയോളം ഇന്ത്യയിലാണെങ്കിലും, അതിന്റെ ഒരു ശതമാനം മാത്രമേ നിലവിൽ രാജ്യം കയറ്റുമതി ചെയ്യുന്നുള്ളൂ. കീടങ്ങളുടെ സാന്നിധ്യം ഭയന്ന് അമേരിക്ക 18 വർഷത്തോളം ഇന്ത്യൻ മാമ്പഴങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നു. എന്നാൽ 2006-ൽ ഇന്ത്യയും അമേരിക്കയും തമ്മിലുണ്ടാക്കിയ പ്രത്യേക കരാറിലൂടെയാണ് വീണ്ടും കയറ്റുമതി പുനരാരംഭിച്ചത്. എങ്കിലും ‘ഇറേഡിയേഷൻ’ പോലുള്ള കർശനമായ സാങ്കേതിക പരിശോധനകൾക്ക് ശേഷമേ ഇന്ത്യൻ മാമ്പഴങ്ങൾ അമേരിക്കൻ വിപണിയിൽ എത്തിക്കാൻ സാധിക്കൂ.

ഗുണനിലവാരമുള്ള ഇന്ത്യൻ മാമ്പഴങ്ങൾ അമേരിക്കയിൽ ലഭിക്കുക എന്നത് ഇപ്പോഴും പ്രയാസകരമായ കാര്യമാണ്. വിപണിയിൽ ലഭിക്കുന്ന മാമ്പഴങ്ങൾ പലപ്പോഴും ചതഞ്ഞതാണെന്ന പരാതികൾക്കിടയിലും തനതായ രുചി തേടി ആളുകൾ കടകളിലേക്ക് ഇരച്ചെത്തുന്നു. ഇറാൻ, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളും കർശനമായ പരിശോധനകൾക്ക് ശേഷമാണ് ഇന്ത്യൻ മാമ്പഴങ്ങൾ ഇറക്കുമതി ചെയ്യുന്നത്. ലോകമെമ്പാടുമുള്ള രുചിപ്രേമികൾക്കിടയിൽ ഇന്ത്യൻ മാമ്പഴങ്ങൾക്കുള്ള സ്വാധീനം വ്യക്തമാക്കുന്നതാണ് ഇപ്പോഴത്തെ ഈ ഡിമാൻഡ്.

Share Email
Top