34 കോടിയിലധികം രൂപ മൂല്യമുള്ള ഒരു പാറക്കഷ്ണത്തിന്റെ ലേലമാണ് നടക്കാൻ പോകുന്നത്. ലേലത്തില്‍ ആര് ആ അത്യപൂര്‍വ ശില സ്വന്തമാക്കും? ആകാംക്ഷകള്‍ കൊടുമുടിയിലെത്തിച്ച് ഒരു ബഹിരാകാശ പാറക്കഷണം ലേലമേശയിലേക്ക് വരികയാണ്. ഭൂമിയില്‍ നാളിതുവരെ തിരിച്ചറിഞ്ഞ ഏറ്റവും വലിയ ചൊവ്വാ അവശിഷ്ട പാറയാണിത് (Mars Rock).
ഛിന്നഗ്രഹവുമായുള്ള ചൊവ്വയുടെ കൂട്ടിയിടിയുടെ ഫലമായി തെറിച്ച് സഹാറ മരുഭൂമിയില്‍ എത്തപ്പെട്ടതാണ് ഈ ചൊവ്വാ ഉല്‍ക്കാശില എന്നാണ് അനുമാനം. ഈ ബഹിരാകാശ പാറക്കഷണം ജൂലൈ 16ന് ലേലമേശയിലെത്തും. സോത്ത്ബീസാണ് ഇതിന്റെ ലേലം സംഘടിപ്പിക്കുന്നത്.
എന്തുകൊണ്ട് ഇത്രയധികം മൂല്യം?
NWA 16788 എന്നാണ് ലേലമേശയിലെത്തുന്ന ഈ ചൊവ്വാ ഉല്‍ക്കാശിലയ്ക്ക് (Martian Meteorite) നല്‍കിയിരിക്കുന്ന പേര്. നാല് മില്യണ്‍ ഡോളറിലധികം (34 കോടിയിലധികം രൂപ) മൂല്യമാണ് ഈ അപൂര്‍വ ഉല്‍ക്കാശിലയ്ക്ക് കണക്കാക്കുന്നത്.
ഭൂമിയില്‍ ഇതുവരെ തിരിച്ചറിഞ്ഞ 400 മാര്‍ഷ്യന്‍ ഉല്‍ക്കാശിലകളിലൊന്നാണിത്. മാത്രമല്ല, ഭൂമിയില്‍ നിന്ന് നാളിതുവരെ കണ്ടെടുത്ത ഏറ്റവും വലിയ ചൊവ്വാ ഉല്‍ക്കാശില കൂടിയാണിത്. 24.5 കിലോഗ്രാം ഭാരമാണ് ഈ ചൊവ്വാ അവശേഷിപ്പിനുള്ളത്. 2021-ല്‍ മാലിയില്‍ നിന്ന് കണ്ടെത്തിയ ചൊവ്വാ ഉല്‍ക്കാശിലയായ Taoudenni 002-യേക്കാള്‍ ഏകദേശം 70 ശതമാനം വലുതാണ് NWA 16788. മാലിയിലെ ഉള്‍ക്കാശിലയ്ക്ക് 14.51 കിലോഗ്രാമായിരുന്നു ഭാരം.
Also Read: പഠിച്ചു വെച്ചോ.. എഐക്ക് മുന്നിൽ മുട്ടുമടക്കാത്ത ഒരേ ഒരു ജോലി !

കണ്ടെത്തലും ശ്രദ്ധേയം
2023 നവംബറിലാണ് NWA 16788 ചൊവ്വാ ഉല്‍ക്കാശില കണ്ടെത്തിയത്. ഈ പ്രദേശം മുമ്പ് അന്യഗ്രഹ വസ്തുക്കൾ കണ്ടെത്തിയ മേഖലയായിരുന്നില്ല. എന്നാല്‍ അവിടെ ദിനോസറുകളുടെ ഫോസിലുകള്‍ മുമ്പ് തിരിച്ചറിഞ്ഞിട്ടുണ്ടുതാനും. കൗതുകകരമായ ചുവപ്പുനിറമുള്ളതാണ് ഈ ബഹിരാകാശ ശില. ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിച്ചപ്പോൾ ഉണ്ടായ ജ്വാലയുടെ തെളിവുകള്‍ ഈ കല്ലില്‍ കാണാം. ഈ ശില ചൈനയിലെ ഷാങ്ഹായ് ആസ്‌ട്രോണമി മ്യൂസിയത്തിലേക്ക് അയച്ചാണ് ഇതൊരു ചൊവ്വാ ഉല്‍ക്കാശിലയാണെന്ന് ഉറപ്പുവരുത്തിയത്.
ചൊവ്വയുടെ ഒരു ചെറിയ കഷ്ണമെങ്കിലും സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഈ പാറക്കഷണത്തിന്‍റെ ലേലത്തിനായി സമീപിക്കുമെന്നാണ് പ്രതീക്ഷ. ഉല്‍ക്കാശിലകള്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവരും ഗവേഷണ, വിദ്യാഭ്യാസ സ്ഥാപനങ്ങളും ലേലത്തില്‍ സജീവമാകുമെന്ന പ്രതീക്ഷ സംഘാടകര്‍ക്കുണ്ട്. ഈ ചൊവ്വാ ഉല്‍ക്കാശിലയ്ക്ക് എത്ര രൂപ കിട്ടുമെന്ന് ജൂലൈ 16ന് സോത്ത്ബീസ് നടത്തുന്ന ലേലത്തിലറിയാം.