തിരുവനന്തപുരം: കാവിക്കൊടിയുമായി നിൽക്കുന്ന ഭാരതാംബയെ രാജ്ഭവനിൽ പ്രതിഷ്ഠിക്കുന്ന ഗവർണർ ഇന്ത്യാ മഹാരാജ്യത്തേയും അതിന്റെ ഭരണഘടനയേയും അപമാനിക്കുകയാണ് ചെയ്യുന്നതെന്ന് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല. ഗവർണർ എന്നത് ഭരണഘടനാപരമായ ഒരു സ്ഥാനമാണ്. രാജ്ഭവൻ ഒരു ഭരണസിരാകേന്ദ്രവും. ഈ സ്ഥാനങ്ങളിൽ ഇരിക്കുമ്പോൾ കാണിക്കേണ്ട ചില മര്യാദകളുണ്ടെന്നും ആ മര്യാദകളുടെ ലംഘനമാണ് ഇപ്പോൾ കേരളത്തിലെ ഗവർണർ കാണിക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ഗവർണർ പിന്തുടരുന്ന രാഷ്ട്രീയ സംഘടനയുടെ പതാകയും ബിംബങ്ങളും രാജ്യത്തിന്റേതാണ് എന്ന രീതിയിൽ അവതരിപ്പിക്കുന്നത് തീരെ അനുചിതമായ പ്രവർത്തിയാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. കാവിക്കൊടിയേന്തിയ ഭാരതാംബ എന്ന ചിത്രം സംഘപരിവാറിന്റേതാണെന്നും അത് ഇന്ത്യൻ ഭരണഘടന അംഗീകരിച്ച ഒരു ബിംബമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read: വിവാദ പരാമർശം; ബിജെപി നേതാവിനെതിരെ പരാതി നല്‍കി കോൺഗ്രസ്
പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഷ്ട്രപതി ദ്രൗപതി മുർമുവും സ്വന്തം ഓഫീസുകളിലും ഔദ്യോഗിക വസതിയിലും ഇന്ത്യൻ ദേശീയ പതാകയല്ലാതെ കാവിക്കൊടിയല്ല ഉപയോഗിക്കുന്നത് എന്നത് കണ്ട് പഠിക്കാനുള്ള സാമാന്യ ബോധം ഭരണപരമായ സ്ഥാനങ്ങളിൽ ഇരിക്കുന്നവർക്ക് ഉണ്ടാകുന്നത് നല്ലതാണ്. ഇത്തരം അനുചിതമായ പ്രവർത്തികൾ കേരളത്തിൽ നടപ്പാക്കുന്നത് അവസാനിപ്പിച്ച് രാജ്യത്തേയും അതിന്റെ ഭരണഘടനയേയും ബഹുമാനിക്കാൻ ഗവർണർ ശ്രമിക്കേണ്ടതുണ്ട്. ഇല്ലെങ്കിൽ കേരള ജനതയിൽ നിന്ന് ശക്തമായ എതിർപ്പ് നേരിടേണ്ടി വരുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.