ലോകത്തെ ഏറ്റവും പ്രശസ്തവും ജനപ്രിയവുമായ മുസ്‌ലിം സൗഹൃദ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയിൽ യു.എ.ഇ. വീണ്ടും അഭിമാനകരമായ നേട്ടം കൈവരിച്ചു. മാസ്റ്റർകാർഡും ക്രെസന്റ് റേറ്റിങ്ങും സംയുക്തമായി പുറത്തിറക്കിയ ‘ഗ്ലോബൽ മുസ്‌ലിം ട്രാവൽ ഇൻഡക്സ് 2026’ റിപ്പോർട്ട് പ്രകാരം ആഗോളതലത്തിൽ ആറാം സ്ഥാനത്താണ് യു.എ.ഇ. സഞ്ചാരികൾക്ക് ഏറ്റവും മികച്ച സേവനം നൽകുന്ന 27 രാജ്യങ്ങളുടെ ‘ട്രെയ്ൽ ബ്ലേസേഴ്‌സ്’ പട്ടികയിൽ 100-ൽ 75 പോയിന്റ് നേടിയാണ് യു.എ.ഇ.യുടെ ഈ മുന്നേറ്റം.
ഹലാൽ ഭക്ഷണ ലഭ്യതയിലും പ്രാർഥനാ സൗകര്യങ്ങളിലും 100-ൽ 100 മാർക്കും യു.എ.ഇ. സ്വന്തമാക്കി. മികച്ച വിമാനയാത്ര കണക്ടിവിറ്റി, അത്യാധുനിക വിമാനത്താവളങ്ങൾ, കാര്യക്ഷമമായ പൊതുഗതാഗത സംവിധാനങ്ങൾ, ലളിതമായ വിസ നടപടികൾ എന്നിവ സഞ്ചാരികളെ ആകർഷിക്കുന്നതിൽ നിർണ്ണായകമായി. യാത്രാ ആസൂത്രണത്തിന് 80 ശതമാനം സഞ്ചാരികളും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ.) ടൂളുകളാണ് ഉപയോഗിക്കുന്നത്. വിവരങ്ങൾ ഡിജിറ്റലായി ലഭ്യമാക്കുന്നതിൽ യു.എ.ഇ. ഏറെ മുന്നിലാണ്. ഇംഗ്ലീഷ്, അറബിക് ഭാഷകളിൽ മികച്ച ഡിജിറ്റൽ പിന്തുണ നൽകാൻ യു.എ.ഇ.യ്ക്ക് സാധിക്കുന്നു. ആഗോള സാഹചര്യങ്ങൾ മാറുന്നതോടെ സുരക്ഷിതവും യാത്രാ തടസ്സങ്ങൾ കുറഞ്ഞതുമായ ‘ഹോം-കോണ്ടിനെന്റ്’ എന്ന പുതിയ യാത്രാരീതിയിലേക്ക് സഞ്ചാരികൾ മാറുകയാണ്. ഈ മാറ്റത്തെ കൃത്യമായി ഉൾക്കൊള്ളാൻ യു.എ.ഇ.യ്ക്ക് കഴിഞ്ഞു.
2026-ൽ മുസ്‌ലിം സഞ്ചാരികളുടെ എണ്ണം 20.8 കോടിയായി ഉയരുമെന്നും 2030-ഓടെ ഇത് 26.2 കോടിയാകുമെന്നുമാണ് റിപ്പോർട്ടിലെ പ്രവചനം. ഈ മേഖലയിലെ വാർഷിക ചെലവ് 31,000 കോടി ഡോളറിലെത്തും. ആധുനിക സാങ്കേതികവിദ്യയും അടിസ്ഥാന സൗകര്യങ്ങളും കോർത്തിണക്കിയുള്ള യു.എ.ഇ.യുടെ ഈ വിനോദസഞ്ചാര മാതൃക വരും വർഷങ്ങളിൽ കൂടുതൽ സഞ്ചാരികളെ ആകർഷിക്കുമെന്നത് തീർച്ചയാണ്. സേവന ലഭ്യതയോടൊപ്പം തന്നെ അവ ഡിജിറ്റൽ സംവിധാനങ്ങളിൽ എളുപ്പത്തിൽ കണ്ടെത്താൻ കഴിയുക എന്നത് പ്രധാനമാണെന്ന് റിപ്പോർട്ട് ഓർമ്മിപ്പിക്കുന്നു.






