CMDRF

ഒരുവയസുകാരിയെ നിലത്തടിച്ച് കൊന്ന് അമ്മയുടെ കാമുകന്‍

ഒരുവയസുകാരിയെ നിലത്തടിച്ച് കൊന്ന് അമ്മയുടെ കാമുകന്‍
ഒരുവയസുകാരിയെ നിലത്തടിച്ച് കൊന്ന് അമ്മയുടെ കാമുകന്‍

ഭോപാല്‍: രാത്രി നിര്‍ത്താതെ കരഞ്ഞെന്ന് ആരോപിച്ച് പെണ്‍കുഞ്ഞിനെ അമ്മയുടെ കാമുകന്‍ കൊലപ്പെടുത്തി. മധ്യപ്രദേശിലെ ശിവ്പുരി ജില്ലയിലാണ് കൊടും ക്രൂരത. ഒരു വയസുകാരിയായ പെണ്‍കുഞ്ഞ് രാത്രി കരഞ്ഞതോടെ പ്രകോപിതനായ യുവാവ് കുട്ടിയെ കാലിലില്‍ പിടിച്ച് നിലത്തടിച്ചും ശ്വാസം മുട്ടിച്ചും കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ ടീകാംഗഢ് സ്വദേശിനി ജയന്തി(35)യുടെ കാമുകനായ 25 കാരന്‍ ഭയ്യാലാലി(25)നെതിരേ പൊലീസ് കേസെടുത്തു. സംഭവത്തിന് പിന്നാലെ ഇയാള്‍ ഒളിവില്‍ പോയി.

തിങ്കളാഴ്ച അര്‍ദ്ധ രാത്രിയോടെയാണ് ഭയ്യാലാല്‍ കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് പറയുന്നത്. ടീകാംഗഢ് സ്വദേശിനി ജയന്തിയും സുലാര്‍ ഖുര്‍ദ് സ്വദേശിയുമായ ഭയ്യാലാലും മധ്യപ്രദേശിലെ ശിവ്പുരി ജില്ലയില്‍ സുലാര്‍ ഖുര്‍ദില്‍ താമസിച്ച് വരികയായിരുന്നു. ഭര്‍ത്താവിനും മൂന്നുമക്കള്‍ക്കുമൊപ്പം ബെംഗളൂരുവിലായിരുന്ന ജയന്തി 20 ദിവസം മുമ്പാണ് കാമുകനൊപ്പം ശിവ്പുരിയിലെത്തിയതെന്ന് പൊലീസ് പറഞ്ഞു. കാമുകനായ ഭയ്യാലാലും ജയന്തിയും ബെംഗളൂരുവില്‍ കൂലിപ്പണിക്കാരായിരുന്നു. ഇവിടെ വെച്ചാണ് ഇരുവരും അടുപ്പത്തിലായത്.

ഒടുവില്‍ ഭര്‍ത്താവിനെയും മൂത്ത രണ്ട് മക്കളെയും ഉപേക്ഷിച്ച് ജയന്തി ഇളയകുഞ്ഞുമായി കാമുകനൊപ്പം ഒളിച്ചോടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവ ദിവസം രാത്രി കുഞ്ഞ് നിര്‍ത്താതെ കരച്ചിലായി. കരച്ചില്‍ നിര്‍ത്താന്‍ ജയന്തി ശ്രമിച്ചെങ്കിലും കുട്ടി കരച്ചില്‍ തുടര്‍ന്നു. ഇതോടെ പ്രകോപിതനായ ഭയ്യാലാല്‍ ഒരു വയസുള്ള കുഞ്ഞിനെ കാലില്‍ പിടിച്ചുയര്‍ത്തി തറയിലേക്ക് അടിച്ചു. തലയില്‍ ഗുരുതരമായി പരിക്കേറ്റ് കുഞ്ഞിന്റെ മൂക്കില്‍ നിന്നടക്കം ചോര ഒഴുകി. ബോധം പോയ കുഞ്ഞിനെ പ്രതി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ചൊവ്വാഴ്ച പുലര്‍ച്ചയോടെ വീട്ടില്‍ നിന്നും രക്ഷപ്പെടുകയായിരുന്നു.

കുഞ്ഞ് മരിച്ചെന്ന് ഉറപ്പായിട്ടും ജയന്തി ആളെ വിളിച്ച് കൂട്ടുകയോ പൊലീസിനെ സമീപിക്കുകയോ ചെയ്തില്ല. കാമുകന്‍ വീടി വിടുന്നത് വരെ കുഞ്ഞിന്റെ മൃതദേഹം നെഞ്ചോട് ചേര്‍ത്ത് ഇരിക്കുകയായിരുന്നു അമ്മയായ ജയന്തിയെന്ന് പൊലീസ് പറഞ്ഞു. ഭയ്യാലാല്‍ വീട്ടില്‍ നിന്നും പോയതിന് പിന്നാലെയാണ് ജയന്തി കുഞ്ഞിന്റെ മൃതദേഹവുമായി പൊലീസ് സ്റ്റേഷനിലെത്തിയത്. സംഭവത്തില്‍ അന്വേഷണം തുടങ്ങിയതായും പ്രതിയെ ഉടനെ തന്നെ പിടികൂടുമെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചു.

Top