അനസ്തേഷ്യ നൽകിയതിന് പിന്നാലെ ഗുരുതരാവസ്ഥയിലായ ഒന്നര വയസുകാരൻ മരിച്ചു

എട്ടു വർഷത്തെ കാത്തിരിപ്പിന് ശേഷം ലഭിച്ച പൊന്നോമനയുടെ വിയോഗം നാടിനെയാകെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്

അനസ്തേഷ്യ നൽകിയതിന് പിന്നാലെ ഗുരുതരാവസ്ഥയിലായ ഒന്നര വയസുകാരൻ മരിച്ചു
അനസ്തേഷ്യ നൽകിയതിന് പിന്നാലെ ഗുരുതരാവസ്ഥയിലായ ഒന്നര വയസുകാരൻ മരിച്ചു

പയ്യന്നൂർ: കണ്ണൂർ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ സ്റ്റിച്ച് ഇടുന്നതിനായി അനസ്തേഷ്യ നൽകിയതിന് പിന്നാലെ ഗുരുതരാവസ്ഥയിലായ ഒന്നര വയസുകാരൻ വിടവാങ്ങി. എരമം സ്വദേശികളായ സൂരജ് – വിജിഷ ദമ്പതികളുടെ ഏകമകൻ ദേവാൻഷ് ശൗര്യയാണ് മരിച്ചത്. എട്ടു വർഷത്തെ കാത്തിരിപ്പിന് ശേഷം ലഭിച്ച പൊന്നോമനയുടെ വിയോഗം നാടിനെയാകെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്.

കഴിഞ്ഞ ജൂലൈ അഞ്ചിനാണ് സംഭവം. കളിക്കുന്നതിനിടെ വീണ് ചുണ്ടിലും താടിയിലും ചെറിയ മുറിവേറ്റതിനെ തുടർന്നാണ് ദേവാൻഷ് ശൗര്യയെ പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ എത്തിച്ചത്. മുറിവ് തുന്നിക്കെട്ടുന്നതിനായി ഡോക്ടർമാർ അനസ്തേഷ്യ നൽകാൻ നിർദ്ദേശിക്കുകയായിരുന്നു. എന്നാൽ അനസ്തേഷ്യ നൽകിയതിന് പിന്നാലെ കുട്ടി അബോധാവസ്ഥയിലാവുകയും തുടർന്ന് ആരോഗ്യനില അതീവ ഗുരുതരമായി മാറുകയും ചെയ്തു.

Also Read: ജനപ്രീതി ഇടിഞ്ഞ് വി ഡി സർക്കാർ, ഇപ്പോൾ തിരഞ്ഞെടുപ്പ് നടന്നാൽ ഇടതുപക്ഷം ഭരണം പിടിക്കും

ഉടനടി വിദഗ്ധ ചികിത്സയ്ക്കായി കുട്ടിയെ കണ്ണൂരിലെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അനസ്തേഷ്യ നൽകിയതിലുണ്ടായ ഗുരുതരമായ വീഴ്ചയാണ് കുട്ടിയുടെ മരണത്തിന് കാരണമായതെന്നാണ് കുടുംബത്തിന്റെ പരാതി. സംഭവത്തിൽ ആശുപത്രി അധികൃതർക്കും അനസ്തേഷ്യ നൽകിയ ഡോക്ടർ അഞ്ജലി പൊതുവാളിനുമെതിരെ കുടുംബം പോലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഡോക്ടർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

അതേസമയം, അനസ്തേഷ്യ നൽകിയപ്പോൾ കുട്ടിക്ക് പെട്ടെന്ന് ഹൃദയസ്തംഭനം ഉണ്ടായതാണെന്നും എല്ലാവിധ അടിയന്തര ചികിത്സകളും നൽകിയിരുന്നതായും ആശുപത്രി അധികൃതർ വിശദീകരിക്കുന്നു. ആശുപത്രിയിൽ ചികിത്സാ പിഴവുണ്ടായെന്നാരോപിച്ച് നേരത്തെ വിവിധ യുവജന സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. സംഭവത്തിൽ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് നാട്ടുകാരും കുടുംബാംഗങ്ങളും രംഗത്തുണ്ട്.

Share Email
Top