കറാച്ചി: ഐസിസി ചാമ്പ്യന്‍സ് ട്രോഫി 2025 വേദി സംബന്ധിച്ച തര്‍ക്കങ്ങള്‍ക്കിടെ പുതിയ ട്വിസ്റ്റ്. ടൂര്‍ണമെന്‍റ് ഏകദിന ഫോര്‍മാറ്റില്‍ നിന്ന് മാറ്റി ടി20 ഫോര്‍മാറ്റില്‍ നടത്താന്‍ ആലോചിക്കുന്നതായി ക്രിക് ബസ് റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം ഇന്ത്യയുടെ മത്സരങ്ങള്‍ ഹൈബ്രിഡ് മോഡലില്‍ നടത്തുന്ന കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. ഈ മാസം അവസാനം ചേരുന്ന ഐസിസി യോഗമായിരിക്കും ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തുക.
ഫെബ്രുവരി 19 മുതല്‍ ചാമ്പ്യന്‍സ് ട്രോഫി പാക്കിസ്ഥാനില്‍ നടത്തുന്നതിന് പിസിബി പ്രാഥമിക ഷെഡ്യൂള്‍ ഐസിസിക്ക് സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ സുരക്ഷാ കാരണങ്ങളാല്‍ പാക്കിസ്ഥാനിലേക്ക് അയക്കില്ലെന്ന് ബിസിസിഐ അറിയിച്ചതോടെയാണ് പ്രതിസന്ധിക്ക് തുടക്കം.
Also Read: യുവേഫ ചാമ്പ്യൻസ് ലീഗ്: മാഞ്ചസ്റ്റർ സിറ്റി യുവന്‍റസിനോട് പരാജയപ്പെട്ടു
അതേസമയം, പാക്കിസ്ഥാനില്‍ കളിക്കില്ലെന്ന ഇന്ത്യയുടെ നിലപാടില്‍ പ്രതിഷേധിച്ച് ചാമ്പ്യൻസ് ട്രോഫിയില്‍ നിന്ന് പിന്‍മാറിയാല്‍ നിയമനടപടികള്‍ക്ക് പുറമെ വന്‍ വരുമാന നഷ്ടവും പാക് ക്രിക്കറ്റ് ബോര്‍ഡ് നേരിടേണ്ടിവരുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അതുകൊണ്ട് തന്നെ നിലവിലെ സാഹചര്യത്തില്‍ ഐസിസി മുന്നോട്ടുവെച്ച ഹൈബ്രിഡ് മോഡല്‍ അംഗീകരിക്കാന്‍ പാക് നിര്‍ബന്ധിതരാവുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.