മുഖ്യമന്ത്രിയും കെഎസ്‌യു അധ്യക്ഷനും തമ്മിലുള്ള തർക്കത്തിൽ വഴിതിരിവ്; അലോഷ്യസ് സേവ്യറുമായി കൂടിക്കാഴ്ച നടത്താൻ മുഖ്യമന്ത്രി

നാളെയോ മറ്റന്നാളോ തിരുവനന്തപുരത്ത് വെച്ച് കൂടിക്കാഴ്ച ഉണ്ടായേക്കുമെന്നാണ് സൂചന

മുഖ്യമന്ത്രിയും കെഎസ്‌യു അധ്യക്ഷനും തമ്മിലുള്ള തർക്കത്തിൽ വഴിതിരിവ്; അലോഷ്യസ് സേവ്യറുമായി കൂടിക്കാഴ്ച നടത്താൻ മുഖ്യമന്ത്രി
മുഖ്യമന്ത്രിയും കെഎസ്‌യു അധ്യക്ഷനും തമ്മിലുള്ള തർക്കത്തിൽ വഴിതിരിവ്; അലോഷ്യസ് സേവ്യറുമായി കൂടിക്കാഴ്ച നടത്താൻ മുഖ്യമന്ത്രി

കേരള രാഷ്ട്രീയത്തിൽ വലിയ ചർച്ചയായ പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട മുഖ്യമന്ത്രിയും കെഎസ്‌യുവും തമ്മിലുള്ള തർക്കത്തിൽ ഒടുവിൽ മഞ്ഞുരുകുന്നു. കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്താൻ തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ട് അലോഷ്യസ് സേവ്യറുമായി ഫോണിൽ ബന്ധപ്പെട്ടതോടെയാണ് ഈ നിർണ്ണായക വഴിതിരിവുണ്ടായിരിക്കുന്നത്.

കൂടിക്കാഴ്ചയ്ക്കായി സമയം ആവശ്യപ്പെട്ട് കെഎസ്‌യു സംസ്ഥാന അധ്യക്ഷൻ മുഖ്യമന്ത്രിക്ക് ഔദ്യോഗികമായി കത്ത് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് അനുകൂലമായ നടപടിയുണ്ടായത്. നാളെയോ മറ്റന്നാളോ തിരുവനന്തപുരത്ത് വെച്ച് കൂടിക്കാഴ്ച നടക്കുമെന്നാണ് ലഭിക്കുന്ന സൂചനകൾ. പ്രശ്നം എത്രയും വേഗം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റും മുതിർന്ന നേതാക്കളും മുഖ്യമന്ത്രിക്ക് നിർദ്ദേശം നൽകിയിരുന്നു.

ALSO READ;വെറുതെ സ്വപ്നം കണ്ടിരുന്നിട്ട് കാര്യമില്ല! പണക്കാരായി ജനിച്ചതാണോ മെസ്സിയും യമാലും? കോടീശ്വരന്മാരാകാൻ ഇവരിൽ നിന്ന് പഠിക്കേണ്ട പാഠങ്ങൾ

ഗവൺമെന്റ് പ്ലീഡർമാരായി നിയമിക്കപ്പെട്ടവരിൽ ഒരാൾക്ക് എസ്എഫ്ഐ പശ്ചാത്തലവും മറ്റൊരാൾക്ക് എബിവിപി പശ്ചാത്തലവുമാണെന്ന് ചൂണ്ടിക്കാട്ടി കെഎസ്‌യു രംഗത്തെത്തിയത് പാർട്ടിയിലും മുന്നണിയിലും വലിയ ചേരിപ്പോരിന് കാരണമായിരുന്നു. ഈ വിവാദങ്ങൾക്കാണ് ഇപ്പോൾ താത്കാലിക വിരാമമാകുന്നത്. വരും ദിവസങ്ങളിൽ നടക്കുന്ന കൂടിക്കാഴ്ചയോടെ ഈ പ്രശ്നത്തിന് പൂർണ്ണമായ പരിഹാരം കാണാൻ സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. രാഷ്ട്രീയ കേരളം ഏറെ ഉറ്റുനോക്കുന്ന ഈ കൂടിക്കാഴ്ചയിലെ തീരുമാനങ്ങൾ എന്തൊക്കെയായിരിക്കുമെന്ന് കാത്തിരുന്ന് കാണേണ്ടതുണ്ട്.

Share Email
Top