ചൂടോടെ കഴിക്കുന്ന ഭക്ഷണങ്ങൾക്ക് പ്രത്യേക രുചിയാണെങ്കിലും, ബാക്കിവന്ന് ഫ്രിഡ്ജിൽ സൂക്ഷിച്ച ശേഷം പിറ്റേദിവസം കഴിക്കുമ്പോൾ ചില വിഭവങ്ങൾക്ക് രുചി ഇരട്ടിയായതായി തോന്നാറില്ലേ? സ്റ്റ്യൂ, ഗ്രേവി, ബിരിയാണി, മസാലക്കറികൾ എന്നിവയിലെല്ലാം ഈ അനുഭവം നമുക്ക് ഉണ്ടാകാറുണ്ട്. ഇതിനു പിന്നിലെ രഹസ്യമെന്താണെന്ന് വ്യക്തമാക്കുകയാണ് ഫുഡ് ഹിസ്റ്ററി വിദഗ്ധനായ അലോക് സിങ്.
ഇന്ത്യയിലും ലോകത്തുടനീളവുമുള്ള പാചകരീതികളുടെ പ്രധാന പ്രത്യേകതയാണിത്. പുതുതായി തയ്യാറാക്കുന്ന വിഭവം തണുത്തതിനുശേഷം ഫ്രിഡ്ജിൽ സൂക്ഷിക്കുമ്പോൾ, അതില അടങ്ങിയിരിക്കുന്ന ചേരുവകൾ പരസ്പരം കൂടുതൽ ലയിക്കുകയും ആഴത്തിൽ ഇറങ്ങുകയും ചെയ്യുന്നു. കറികളിലെ പച്ചക്കറികളിൽ നിന്നും മാംസത്തിൽ നിന്നുമുള്ള നീര്, ചേർത്തുവെച്ച മസാലകൾ, എണ്ണ, മറ്റ് രുചിക്കൂട്ടുകൾ എന്നിവ വിഭവവുമായി പൂർണ്ണമായി ഒന്നിക്കുന്നത് പിറ്റേദിവസം മികച്ച അനുഭവം നൽകും.
Also Read:മുട്ട പുഴുങ്ങുമ്പോൾ ഇനി തോട് ഒട്ടിപ്പിടിക്കില്ല; നാരങ്ങാനീരുണ്ടെങ്കിൽ കാര്യം എളുപ്പം!
കൂടാതെ, പിറ്റേദിവസം ഈ ഭക്ഷണങ്ങൾ വീണ്ടും ചൂടാക്കുമ്പോൾ ഇതിലുള്ള ഇഞ്ചി, വെളുത്തുള്ളി, സവാള, വിവിധ മസാലകൾ എന്നിവയിൽ നിന്നുള്ള സുഗന്ധദ്രവ്യങ്ങളും പോഷകങ്ങളും ഒന്നുകൂടി പുറത്തേക്ക് വരുന്നു. ഇത് വിഭവത്തിന് മികച്ച മണവും രുചിയും നൽകുന്നു. പയറുവർഗങ്ങൾ അടങ്ങിയ കറികളാണെങ്കിൽ അവ മസാലവെള്ളം നന്നായി ആഗിരണം ചെയ്യുന്നതിനാൽ ഗ്രേവിക്ക് കൂടുതൽ ഘനവും സ്വാദും അനുഭവപ്പെടും. ബിരിയാണിയുടെ കാര്യത്തിൽ അത് തയ്യാറാക്കിയ രീതി അനുസരിച്ചായിരിക്കും പിറ്റേദിവസത്തെ രുചി.
എല്ലാ ഭക്ഷണങ്ങളും ഇങ്ങനെ കൂടുതൽ സ്വാദിഷ്ടമാകണമെന്നില്ല. ഉദാഹരണത്തിന്, പൊരിച്ച ഭക്ഷണങ്ങൾ തണുത്താൽ മൊരിഞ്ഞ സ്വഭാവം നഷ്ടപ്പെടും. പച്ചക്കറി വിഭവങ്ങൾക്കും ചിലപ്പോൾ അതിന്റെ ഫ്രഷ്നസ് നഷ്ടപ്പെട്ടേക്കാം. എങ്കിലും, ഒരു ഭക്ഷണം സൂക്ഷിച്ചുവെച്ച് വീണ്ടും ചൂടാക്കുമ്പോൾ അതിൽ ഉണ്ടാകുന്ന രാസമാറ്റങ്ങളും നമ്മുടെ ഇന്ദ്രിയങ്ങൾക്ക് ലഭിക്കുന്ന അനുഭൂതിയുമാണ് ആ ഭക്ഷണത്തിന് രുചി കൂടിയതായി തോന്നിപ്പിക്കുന്നതെന്ന് വിദഗ്ധർ വ്യക്തമാക്കുന്നു.
(ശ്രദ്ധിക്കുക: ഈ ലേഖനം വിവരങ്ങൾ നൽകുന്നതിന് മാത്രമുള്ളതാണ്. ഇത് വിദഗ്ധോപദേശത്തിന് പകരമാവില്ല.)
NB: ഈ വാർത്തയിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രം പ്രതീകാത്മകമാണ്. (AI SOURCES)






