കേരള നിയമസഭാ സ്പീക്കർ പദവിയിൽ നിന്നും എ.എൻ. ഷംസീർ ഔദ്യോഗികമായി പടിയിറങ്ങി. 44 മാസത്തെ കാലാവധി പൂർത്തിയാക്കിയ അദ്ദേഹം, തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയായ ‘നീതി’യിൽ നിന്നും വിടവാങ്ങി. തന്റെ രാഷ്ട്രീയ ഗുരുവായ കോടിയേരി ബാലകൃഷ്ണന്റെ ചിത്രങ്ങളുമായാണ് അദ്ദേഹം കണ്ണൂർ തലശ്ശേരിയിലേക്കുള്ള മടക്കയാത്ര നടത്തിയത്. ഏറെ വികാരനിർഭരമായ നിമിഷങ്ങൾക്കാണ് ഈ യാത്ര സാക്ഷ്യം വഹിച്ചത്.
അതീവ സന്തോഷത്തോടും അഭിമാനത്തോടും കൂടിയാണ് താൻ പദവിയിൽ നിന്നും ഇറങ്ങുന്നതെന്ന് എ.എൻ. ഷംസീർ മാധ്യമങ്ങളോട് പ്രതികരിച്ചു. സ്പീക്കർ എന്ന നിലയിൽ ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് പ്രവർത്തിക്കാൻ പിന്തുണ നൽകിയ എല്ലാവർക്കും അദ്ദേഹം നന്ദി രേഖപ്പെടുത്തി. തുടർന്ന്, കണ്ണൂർ കേന്ദ്രീകരിച്ച് മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകനായി സജീവമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.






