സുസ്ഥിരവും ജനസൗഹൃദവുമായ നഗരവികസന മാതൃകകളിലൂടെ ലോകനിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കി അബുദാബി വികസനത്തിന്റെ പുതിയ പാതയിലാണ്. സിംഗപ്പൂരിൽ നടന്ന ‘വേൾഡ് സിറ്റീസ് സമ്മിറ്റ് 2026’-ൽ തങ്ങളുടെ ലിവബിലിറ്റി സ്ട്രാറ്റജി അവതരിപ്പിച്ചാണ് അബുദാബി അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടിയത്. പാർക്കുകളും സൈക്ലിങ് ട്രാക്കുകളും ഉൾപ്പെടെ 20,000 കോടി ദിർഹം ചെലവഴിച്ചുള്ള വമ്പൻ പദ്ധതികളാണ് നഗരത്തിൽ ആവിഷ്കരിച്ചിരിക്കുന്നത്. കഴിഞ്ഞ പത്തു വർഷത്തിനിടയിൽ ജനസംഖ്യയിൽ 51 ശതമാനത്തോളം വർധനയുണ്ടായിട്ടും, താമസക്കാരുടെ നിത്യജീവിതം കൂടുതൽ സൗകര്യപ്രദമാക്കാനാണ് നഗരാസൂത്രണത്തിലൂടെ മുൻഗണന നൽകുന്നതെന്ന് അർബൻ പ്ലാനിങ് ഡയറക്ടർ ജനറൽ അബ്ദുല്ല മുഹമ്മദ് അൽ ബലൂഷി വ്യക്തമാക്കി.
വികസന പ്രവർത്തനങ്ങൾ കൂടുതൽ വേഗത്തിലാക്കുന്നതിനായി സിംഗപ്പൂരിലെ പ്രമുഖ കമ്പനിയായ എസ്‌ജെ ഗ്രൂപ്പുമായി അബുദാബി തന്ത്രപ്രധാനമായ കരാറിൽ ഒപ്പുവെച്ചു. ഇതിലൂടെ നഗരവികസന പെർമിറ്റുകളും സേവനങ്ങളും സമ്പൂർണ്ണമായി ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറ്റും. വലിയ സ്മാർട്ട് സിറ്റി പദ്ധതികളിലേക്ക് സ്വകാര്യ നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനൊപ്പം, കാർബൺ ബഹിർഗമനം കുറച്ചുകൊണ്ടുള്ള പരിസ്ഥിതി സൗഹൃദ ഭവന നിർമ്മാണ രീതികൾ നടപ്പിലാക്കാനും സിംഗപ്പൂരിന്റെ സാങ്കേതിക സഹായം പ്രയോജനപ്പെടുത്തും. ഡിപ്പാർട്ട്മെന്റ് ഓഫ് മുനിസിപ്പാലിറ്റീസ് ആൻഡ് ട്രാൻസ്പോർട്ടിന് കീഴിൽ ഏകോപിപ്പിച്ചാണ് ഈ ആധുനിക നവീകരണ പ്രവർത്തനങ്ങൾ മുന്നേറുന്നത്.






