പത്തനംതിട്ട: ശബരിമലയിലെ ഭസ്മക്കുളത്തിന് സമീപത്ത് നിന്ന് രാജവെമ്പാലയെ പിടികൂടി. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പാമ്പ് പിടിത്തത്തിൽ പ്രത്യേക പരിശീലനം നേടിയ അഭിനേഷ്, ബൈജു, അരുൺ എന്നിവരാണ് രാജവെമ്പാലയെ പിടികൂടിയത്.
പിടികൂടിയ പാമ്പിനെ പമ്പയിലെത്തിച്ച് ഉൾവനത്തിൽ വിട്ടു. കഴിഞ്ഞ ദിവസം ഭസ്മക്കുളത്തിന് സമീപം പാമ്പിനെ കണ്ടതിനെ തുടർന്ന് വനം വകുപ്പ് നിരീക്ഷണം ശക്തമാക്കിയിരുന്നു. ഇതിനിടെയാണ് രാജവെമ്പാലയെ കണ്ടെത്തിയത്. സന്നിധാനത്തും മരക്കൂട്ടത്തുമായി നവംബർ 15 മുതലുള്ള തീർഥാടന കാലയളവിൽ ആകെ 243 പാമ്പുകളെയാണ് വനം വകുപ്പ് പിടികൂടിയത്.