വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തുനിന്ന് കയറ്റുമതി ചരിത്രത്തിൽ പുതിയൊരു അധ്യായം കൂടി കുറിക്കപ്പെട്ടിരിക്കുന്നു. തുറമുഖത്തുനിന്നുള്ള ആദ്യ നേരിട്ടുള്ള ചരക്ക് കയറ്റുമതിയുമായി ‘എംഎസ്സി ബെറിൽ’ എന്ന കപ്പൽ സ്പെയിനിലെ വലൻസിയ തുറമുഖത്തേക്ക് യാത്ര തിരിച്ചു. കഴിഞ്ഞ ഓഗസ്റ്റ് 18-ന് മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്ത ഭക്ഷ്യവസ്തുക്കളും ഇംഗ്ലീഷ് ഇന്ത്യൻ ക്ലേ ഉൽപന്നങ്ങളും അടങ്ങിയ രണ്ട് കണ്ടെയ്നറുകൾ ഉൾപ്പെടെ മൊത്തം എട്ട് കണ്ടെയ്നറുകളാണ് ഈ കപ്പലിൽ കയറ്റി അയച്ചത്. ബാക്കി ആറ് കണ്ടെയ്നറുകൾ കൊച്ചിയിൽ നിന്ന് വിഴിഞ്ഞത്ത് എത്തിച്ച സമുദ്രോത്പന്നങ്ങളാണ് (സീ ഫുഡ്സ്). പോർച്ചുഗലിലെ ‘പോർട്ട് ഓഫ് സയൻസ്’ തുറമുഖത്ത് മാത്രം ഇടത്താവളമിട്ട ശേഷമായിരിക്കും കപ്പൽ വലൻസിയയിൽ എത്തിച്ചേരുക.
കേരളത്തിന്റെ വാണിജ്യ ചരിത്രത്തിൽ വലിയൊരു വഴിത്തിരിവായി മാറുന്നതാണ് ഈ ചരക്കുനീക്കം. സാധാരണയായി കേരളത്തിൽ നിന്നും യൂറോപ്യൻ രാജ്യങ്ങളിലേക്ക് ചരക്കുകൾ എത്തിച്ചേരാൻ ഏകദേശം 60 ദിവസത്തോളം സമയമെടുത്തിരുന്ന സ്ഥാനത്ത്, വിഴിഞ്ഞം വഴിയുള്ള യാത്രയിലൂടെ വെറും 20 ദിവസംകൊണ്ട് ലക്ഷ്യസ്ഥാനത്ത് എത്താനാകും. ഇത് കയറ്റുമതി മേഖലയ്ക്ക് വൻതോതിൽ സമയലാഭവും സാമ്പത്തിക ലാഭവും ഉറപ്പാക്കുന്നതോടൊപ്പം, വിഴിഞ്ഞത്തിന്റെ അന്താരാഷ്ട്ര കണക്റ്റിവിറ്റി ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തുകയും ചെയ്യുന്നു.






