ദുബായ് കേന്ദ്രീകരിച്ച് ഇസ്രയിലേക്ക് പറന്ന ഫ്ലൈദുബായ് വിമാനത്തിൽ സഹപൈലറ്റിന്റെ ഭീകരാക്രമണ ശ്രമം ധീരമായി ചെറുത്തുതോൽപ്പിച്ച് 174 ജീവനുകൾ രക്ഷിച്ച ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിന് അന്താരാഷ്ട്ര തലത്തിൽ ആദരം. ക്രൂരമായ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റിട്ടും സമചിത്തതയോടെ പ്രവർത്തിച്ച് വൻ ദുരന്തം ഒഴിവാക്കിയ ഇന്ത്യൻ ക്യാപ്റ്റനെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നേരിട്ട് ഫോണിൽ വിളിച്ച് അഭിനന്ദിച്ചു. അടുത്ത വർഷം നടക്കുന്ന ഇസ്രായേലിന്റെ സ്വാതന്ത്ര്യദിന ചടങ്ങിൽ പങ്കെടുക്കാനും രാജ്യത്തിന്റെ ഏറ്റവും ഉയർന്ന പൊതു ബഹുമതികളിലൊന്നായ ആഘോഷ ദീപം തെളിയിക്കാനും ക്യാപ്റ്റൻ മച്ചാറിനെയും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും നെതന്യാഹു ഔദ്യോഗികമായി ക്ഷണിച്ചു.
സെപ്റ്റംബർ 30-ന് ഫ്ലൈദുബായ് ഫ്ലൈറ്റ് FZ1073-ൽ നടന്ന നടുക്കുന്ന സംഭവങ്ങൾ കോക്ക്പിറ്റിനുള്ളിലെ ഭീകരാക്രമണ ശ്രമമായിരുന്നുവെന്ന് യുഎഇ അന്വേഷണസംഘം സ്ഥിരീകരിച്ചു. യാത്രയ്ക്കിടെ പ്രാർത്ഥിക്കാനെന്ന വ്യാജേന അനുവാദം ചോദിച്ച ഒമാനി പൗരനായ സഹപൈലറ്റ് ഹമ്മാം അൽ-ഹമ്മാമി, അടിയന്തര സാഹചര്യങ്ങൾക്ക് ഉപയോഗിക്കുന്ന ക്രാഷ് കോടാലി ഉപയോഗിച്ച് ക്യാപ്റ്റൻ മച്ചാറിന്റെ തലയ്ക്ക് പിന്നിൽ ക്രൂരമായി വെട്ടുകയായിരുന്നു. തുടർന്ന് വിമാനത്തിന്റെ നിയന്ത്രണം പിടിച്ചെടുത്ത അക്രമി വിമാനം കുത്തനെ താഴേക്ക് പതിപ്പിച്ചു. വെറും 30 സെക്കൻഡിനുള്ളിൽ 16,625 അടിയോളം താഴേക്ക് പതിച്ച വിമാനത്തിനുള്ളിൽ യാത്രക്കാരുടെ നിലവിളി ഉയർന്ന നിമിഷങ്ങളിലും മച്ചാർ അസാമാന്യ ധൈര്യം പുറത്തെടുത്തു.
കണ്ണുകളുടെ കാഴ്ചമങ്ങി, സാരമായി പരിക്കേറ്റിട്ടും ജീവന്റെ അവസാന പോരാട്ടമെന്നോണം മച്ചാർ കോക്ക്പിറ്റിന്റെ വാതിൽ ബലമായി തുറക്കുകയായിരുന്നു. “അവസാനത്തെ ശക്തിയുമെടുത്ത് ഞാൻ വാതിൽ തള്ളിത്തുറന്നു, പുറത്ത് സഹായത്തിനായി കാത്തുനിന്നവർ ഉടൻ തന്നെ അകത്തുകയറി നിയന്ത്രണം ഏറ്റെടുത്തു,” മച്ചാർ നടുക്കുന്ന ഓർമ്മകൾ പങ്കുവെച്ചു. വിമാനത്തിലുണ്ടായിരുന്ന മറ്റ് ജീവനക്കാരും യാത്രക്കാരായ ഫ്ലൈദുബായ് പൈലറ്റുമാരും ചേർന്ന് അക്രമിയെ കീഴടക്കുകയും, സൗദി അറേബ്യയിലെ തബൂക്ക് വിമാനത്താവളത്തിൽ വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്യിക്കുകയും ചെയ്തു. നിലവിൽ പ്രതിയെ സൗദി അധികൃതർ അബുദാബിയിലേക്ക് മാറ്റിയിട്ടുണ്ട്.
Also Read: ഹസീനയെ തിരികെ അയയ്ക്കുമോ ഇന്ത്യ? സമയപരിധിയില്ലെന്ന് ഹൈക്കമ്മിഷണർ; ‘ആ വിമാനം തടഞ്ഞിരുന്നെങ്കിൽ…!
ആകാശത്തുണ്ടായ അടിയന്തരാവസ്ഥയിൽ അസാമാന്യ ധീരത കാട്ടിയ ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ‘ലോകത്തിന്റെ തന്നെ വീരനായകൻ’ എന്നാണ് ഇസ്രയേൽ പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. “അസാധ്യമായ സാഹചര്യങ്ങളിൽ നിങ്ങൾ കാണിച്ച ശാന്തതയും ധൈര്യവും അത്ഭുതപ്പെടുത്തുന്നതാണ്. നിങ്ങൾ ഇസ്രയേലിന്റെയും ഇന്ത്യയുടെയും മാതൃകാ നായകനാണ്,” എന്ന് നെതന്യാഹു ഫോൺ സംഭാഷണത്തിൽ പറഞ്ഞു. 2027 മേയിൽ ജറുസലേമിൽ നടക്കുന്ന സ്വാതന്ത്ര്യദിന ചടങ്ങിൽ ആചാരപരമായ ദീപം തെളിയിക്കാൻ ക്ഷണിച്ചതിനൊപ്പം ക്യാപ്റ്റൻ മച്ചാർ എത്രയും വേഗം പൂർണ്ണ സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
സ്മാരക ദിനത്തിൽ നിന്ന് ദേശീയ ആഘോഷങ്ങളിലേക്കുള്ള മാറ്റത്തെ അടയാളപ്പെടുത്തുന്ന ജറുസലേമിലെ ഈ വാർഷിക ചടങ്ങിലേക്ക് ക്ഷണിക്കപ്പെടുന്നത് ഇസ്രയേലിലെ ഏറ്റവും അമൂല്യമായ ബഹുമതികളിലൊന്നാണ്. രാഷ്ട്രത്തിനോ ജൂത ജനതയ്ക്കോ ലോകസമൂഹത്തിനോ അസാധാരണ സംഭാവനകൾ നൽകുന്ന വ്യക്തികൾക്കാണ് പൊതു ഉപദേശക സമിതിയുടെയും മന്ത്രിതല സമിതിയുടെയും അംഗീകാരത്തോടെ ഈ അവസരം ലഭിക്കുന്നത്. ജീവൻ പണയം വെച്ച് 174 മനുഷ്യരെ മരണത്തിൽ നിന്ന് കരകയറ്റിയ ഇന്ത്യൻ പൈലറ്റിന്റെ ധീരതയ്ക്ക് ലോകം നൽകുന്ന ആദരവായി ഈ ക്ഷണം മാറി.






