കൊച്ചി: പെരുമ്പാവൂർ മേയ്ക്കപ്പാലയിൽ ബൈക്ക് യാത്രികന് നേരെ പാഞ്ഞടുത്ത് കാട്ടാനക്കൂട്ടം. ഇന്ന് പുലർച്ചെ 6 മണിയോടെയാണ് പ്രദേശവാസിയായ ബൈക്ക് യാത്രികന് നേരെ കാട്ടാനയുടെ ആക്രമണം ഉണ്ടായത്. 17 കാട്ടാനകളാണ് കൂട്ടത്തിൽ ഉണ്ടായിരുന്നതെന്ന് പ്രദേശവാസികൾ പറഞ്ഞു. ബൈക്ക് ഉപേക്ഷിച്ച് ഇയാൾ ഓടി മാറിയതോടെയാണ് ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടത്. കാട്ടാനകൾ ബൈക്ക് പൂർണമായും തകർത്തു.
അതേസമയം കൂട്ടത്തിലുണ്ടായിരുന്ന കുട്ടിയാന സമീപത്തുണ്ടായിരുന്ന കിണറ്റിൽ വീണു. ഇതോടെ കാട്ടാനക്കൂട്ടം മേഖലയിൽ തുടർന്നത് പ്രദേശവാസികളെ ഭീതിയിലാക്കി. തുടർന്ന് വനംവകുപ്പ് എത്തി കിണർ ഇടിച്ചാണ് കുട്ടിയാനയെ പുറത്തെത്തിച്ചത്. ഇതിനിടെ വനംവകുപ്പിന്റെ ജീപ്പിന് നേർക്കും കാട്ടാനകൾ ആക്രമിക്കാൻ എത്തി. ഏകദേശം ഒരു മണിക്കൂറോളമാണ് കാട്ടാനക്കൂട്ടം മേഖലയിൽ നിന്നത്. കുട്ടിയാനയെ പുറത്തെത്തിച്ച ശേഷം കാട്ടാനകളെ വനംവകുപ്പ് കാടുകയറ്റി വിട്ടു.