സംസ്ഥാനത്ത് അരിയും പലവ്യഞ്ജനങ്ങളും ഉൾപ്പെടെയുള്ള നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുന്നത് സാധാരണക്കാരുടെ ബജറ്റ് തെറ്റിക്കുന്നു. ആന്ധ്രപ്രദേശ്, കർണാടക, തമിഴ്‌നാട് തുടങ്ങിയ അയൽസംസ്ഥാനങ്ങളിലുണ്ടായ കാലാവസ്ഥാ വ്യതിയാനവും കൃഷിനാശവുമാണ് വിപണിയിൽ പെട്ടെന്നുള്ള വിലക്കയറ്റത്തിന് വഴിവെച്ചതെന്ന് വ്യാപാരികൾ വ്യക്തമാക്കുന്നു. പശ്ചിമേഷ്യൻ സംഘർഷം സൃഷ്ടിച്ച പ്രതിസന്ധികൾക്ക് പുറമേയാണ് ഈ അധിക ഭാരം.
അരി വിപണിയിലാണ് ഏറ്റവും വലിയ ആഘാതമുണ്ടായിരിക്കുന്നത്. പ്രധാന ഇനമായ മട്ട അരിയുടെ ചില്ലറ വില കിലോയ്ക്ക് 50 രൂപയിൽ നിന്ന് 65 രൂപയായി കുതിച്ചുയർന്നു. സുലേഖ അരി (45-ൽ നിന്ന് 55 രൂപ), ജയ അരി (45-ൽ നിന്ന് 54 രൂപ), പൊന്നി അരി (മൊത്തവിലയിൽ 10 രൂപ വർധിച്ച് 53 രൂപ) എന്നിങ്ങനെ എല്ലാ ഇനങ്ങൾക്കും വലിയ വിലവർധനവാണ് രേഖപ്പെടുത്തിയത്. അരിവില ഉയർന്നതോടെ ഹോട്ടലുകളിൽ ഊണിന് വില കൂട്ടേണ്ട സാഹചര്യമാണുള്ളത്.
Also Read: വൈദ്യുതക്കരാറിൽ സർക്കാർ–കെ.എസ്.ഇ.ബി. നേർക്കുനേർ; ‘ലാഭ’മെന്ന് മുഖ്യമന്ത്രി, ‘വന്‍ നഷ്ട’മെന്ന് ബോർഡ്!
ധന്യങ്ങളും സുഗന്ധവ്യഞ്ജനങ്ങളും പൊള്ളുന്ന വിലയിലാണ് വിറ്റഴിക്കപ്പെടുന്നത്. രണ്ടാഴ്ചയ്ക്കിടെ 12 രൂപ വർധിച്ച് ഉഴുന്നിന്റെ ചില്ലറ വില പലയിടത്തും 150 രൂപ കടന്നു. വറ്റൽ മുളക് വില കിലോയ്ക്ക് 230-ൽ നിന്ന് 360 രൂപയായും മഞ്ഞൾ 180-ൽ നിന്ന് 300 രൂപയായും ഉയർന്നപ്പോൾ തുവരപ്പരിപ്പ് 170 രൂപയിലും കടല 95 രൂപയിലുമെത്തി. പഞ്ചസാരയ്ക്ക് കിലോയ്ക്ക് 54 രൂപയായി ഉയർന്നു. ഗോതമ്പ് പൊടിയുടെയും റവയുടെയും പുതിയ സ്റ്റോക്ക് എത്തുന്നതോടെ ഇവയ്ക്കും വില ഇനിയും വർധിക്കുമെന്നാണ് കണക്കുകൂട്ടൽ.
NB: ഈ വാർത്തയിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രം പ്രതീകാത്മകമാണ്. (AI SOURCES)






