ഉത്സവ സീസൺ ലക്ഷ്യമിട്ട് കാർ വിപണിയിൽ വൻ പ്രഖ്യാപനവുമായി കിയ ഇന്ത്യ. സോണെറ്റിന്റെ എൻട്രി ലെവൽ മോഡലുകളിൽ ഉപഭോക്താക്കൾക്ക് 65,000 രൂപ വരെയാണ് വിവിധ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്. ക്യാഷ് ബെനിഫിറ്റ്, എക്സ്ചേഞ്ച് ഓഫർ, സ്ക്രാപ്പേജ് ആനുകൂല്യം, കോർപ്പറേറ്റ് ഓഫർ എന്നിവ ഉൾപ്പെടുന്നതാണ് കമ്പനിയുടെ പുതിയ ഓഫർ പാക്കേജ്.
സോണെറ്റ് കപ്പ 1.2 എച്ച്ടികെ (ഒ) വേരിയന്റിലാണ് ഏറ്റവും ഉയർന്ന ആനുകൂല്യങ്ങൾ ലഭ്യമാകുന്നത്. ഇതിൽ 15,000 രൂപയുടെ ക്യാഷ് ബെനിഫിറ്റും 20,000 രൂപയുടെ എക്സ്ചേഞ്ച് ഓഫറും 15,000 രൂപയുടെ സ്ക്രാപ്പേജ് ഓഫറും കൂടാതെ 15,000 രൂപ വരെ കോർപ്പറേറ്റ് ഓഫറുമാണ് കമ്പനി നൽകുന്നത്. 7,40,900 രൂപയാണ് ഈ വേരിയന്റിന്റെ പ്രാരംഭ എക്സ്-ഷോറൂം വില. ടാറ്റ നെക്സോൺ, മാരുതി ബ്രെസ്സ, ഹ്യുണ്ടായി വെന്യു, മഹീന്ദ്ര എക്സ്‌യുവി3 എക്സ്ഒ, നിസ്സാൻ മാഗ്നൈറ്റ്, റെനോ കൈഗർ തുടങ്ങിയ പ്രമുഖ മോഡലുകളുമായാണ് കിയ സോണെറ്റ് വിപണിയിൽ മത്സരിക്കുന്നത്.
ഉപഭോക്താക്കളുടെ ആവശ്യങ്ങൾ മുൻനിർത്തി മൂന്ന് എഞ്ചിൻ ഓപ്ഷനുകളിലാണ് സോണെറ്റ് വിപണിയിലെത്തിയിരിക്കുന്നത്. 1.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ പരമാവധി 120 ബിഎച്ച്പി കരുത്തും 172 എൻഎം ടോർക്കും ഉത്പാദിപ്പിക്കുമ്പോൾ, 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ 83 ബിഎച്ച്പി കരുത്തും 115 എൻഎം ടോർക്കും നൽകുന്നു. കൂടാതെ, 1.5 ലിറ്റർ ഡീസൽ എഞ്ചിൻ 116 ബിഎച്ച്പി കരുത്തും 250 എൻഎം പരമാവധി ടോർക്കും നൽകി മികച്ച ഡ്രൈവിംഗ് അനുഭവം ഉറപ്പാക്കുന്നു.
ഫീച്ചറുകളുടെ കാര്യത്തിലും സോണെറ്റ് ഉപഭോക്താക്കളെ നിരാശപ്പെടുത്തില്ല. 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ പിന്തുണയും വാഹനത്തിലുണ്ട്. വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ഇലക്ട്രിക് സൺറൂഫ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ എന്നിവയും പ്രധാന ആകർഷണങ്ങളാണ്. സുരക്ഷയ്ക്ക് മുൻഗണന നൽകിക്കൊണ്ട് ആറ് എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ഫ്രണ്ട്-റിയർ പാർക്കിംഗ് സെൻസറുകൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, 360 ഡിഗ്രി ക്യാമറ, ലെവൽ-1 എഡിഎഎസ് തുടങ്ങിയ സജ്ജീകരണങ്ങളും സോണെറ്റിൽ ഒരുക്കിയിട്ടുണ്ട്.
അതേസമയം, പ്രഖ്യാപിച്ചിരിക്കുന്ന കിഴിവുകൾ വിവിധ സംസ്ഥാനങ്ങൾ, ഭൂപ്രദേശങ്ങൾ, നഗരങ്ങൾ, ഡീലർഷിപ്പുകൾ, സ്റ്റോക്ക്, നിറം, വേരിയന്റ് എന്നിവയ്ക്ക് അനുസരിച്ച് വ്യത്യാസപ്പെടാൻ സാധ്യതയുണ്ട്. ഈ കിഴിവുകൾ നിങ്ങളുടെ പ്രാദേശിക ഡീലർമാരിൽ മാറിയാകാൻ ഇടയുള്ളതിനാൽ, വാഹനം വാങ്ങുന്നതിന് മുൻപ് കൃത്യമായ വിവരങ്ങൾക്കായി തൊട്ടടുത്തുള്ള കിയ ഡീലർഷിപ്പുമായി ബന്ധപ്പെടുകയെന്ന് കമ്പനി വ്യക്തമാക്കുന്നു.






