ഇന്ത്യൻ ഫുട്ബോൾ ആരാധകർ ഏറെ ആവേശത്തോടെ കാത്തിരുന്ന ആ ചരിത്ര നിമിഷം വന്നെത്തി. അഞ്ച് തവണ ലോകചാമ്പ്യന്മാരായ ബ്രസീലിന്റെ മഞ്ഞപ്പടയും ഇന്ത്യയും അന്താരാഷ്ട്ര ഫുട്ബോളിൽ ആദ്യമായി നേർക്കുനേർ പോരാടുന്നു. കൊൽക്കത്ത സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ രാത്രി 7.30-നാണ് ഈ ആവേശപ്പോരാട്ടം നടക്കുന്നത്. സോണി ടെൻ, സോണി ലിവ് ചാനലുകളിൽ മത്സരം തത്സമയം കാണാം. സീനിയർ ഫുട്ബോളിൽ ഇരുരാജ്യങ്ങളുടെയും ദേശീയ ടീമുകൾ ഏറ്റുമുട്ടുന്നത് ചരിത്രത്തിൽ ആദ്യമായിട്ടാണ്.
ഫിഫ റാങ്കിംഗിൽ അഞ്ചാം സ്ഥാനത്തുള്ള ബ്രസീലും 138-ാം സ്ഥാനത്തുള്ള ഇന്ത്യയും ഏറ്റുമുട്ടുമ്പോൾ കളി ഏകപക്ഷീയമാകുമെന്ന് വിലയിരുത്തപ്പെടുന്നുണ്ടെങ്കിലും കാനറികൾ പുതിയ തുടക്കം ലക്ഷ്യമിട്ടാണ് ഇറങ്ങുന്നത്. വിനീഷ്യസ് ജൂനിയർ, എൻഡ്രിക്, മാർക്വൂഞ്ഞോസ്, ഗബ്രയേൽ മഗൽഹേസ് തുടങ്ങിയ സൂപ്പർതാരങ്ങൾ ബ്രസീൽ നിരയിലുണ്ട്. മറുവശത്ത് റയാൻ വില്യംസ്, മാൻവീർ സിംഗ്, ആകാശ് മിശ്ര എന്നിവരുടെ കരുത്തിലാണ് ഖാലിദ് ജമീല് ഇന്ത്യയുടെ തന്ത്രങ്ങൾ മെനയുന്നത്. പാനമയെ സമനിലയിൽ പിടിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യൻ ടീം മത്സരത്തിനിറങ്ങുന്നത്.
Also Read: ടി20 ക്രിക്കറ്റിൽ ചരിത്രമെഴുതി ദക്ഷിണാഫ്രിക്കൻ താരം; ഗെയ്ലിന്റെ റെക്കോഡ് വീണു
ഓസ്ട്രേലിയയെ തകർത്താണ് ബ്രസീൽ കൊൽക്കത്തയിൽ എത്തിയിരിക്കുന്നത്. ബ്രസീൽ ടീം മികച്ച നിലവാരമുള്ളതാണെന്നും ഇന്ത്യ പാനമയ്ക്കെതിരെ മിന്നുന്ന പ്രകടനം കാഴ്ചവെച്ചെന്നും ബ്രസീൽ കോച്ച് കാർലോ ആഞ്ചലോട്ടി വ്യക്തമാക്കി. ബ്രസീലിനെ പോലൊരു വമ്പൻ ടീമിനെതിരെ കളത്തിലിറങ്ങുന്നതിന്റെ വലിയ ആവേശത്തിലാണ് ഇന്ത്യൻ കോച്ച് ഖാലിദ് ജമീലും സംഘവും. ഫുട്ബോൾ ലോകം ഉറ്റുനോക്കുന്ന ഈ അന്താരാഷ്ട്ര സൗഹൃദ മത്സരം കൊൽക്കത്തയിലെ ആരാധകർക്ക് അവിസ്മരണീയമായ ഒരു അനുഭവം സമ്മാനിക്കുമെന്നുറപ്പാണ്.
NB: ഈ വാർത്തയിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രം പ്രതീകാത്മകമാണ്. (AI SOURCES)






