കൊല്ലം പുതിയകാവ് ക്ഷേത്രത്തിലെ വിഗ്രഹത്തിൽ ചാർത്തിയിരുന്ന സ്വർണമാല മോഷ്ടിച്ച തമിഴ്‌നാട് സ്വദേശികളായ രണ്ടുപേരെ കൊല്ലം ഈസ്റ്റ് പോലീസ് പിടികൂടി. തമിഴ്നാട് കള്ളക്കുറിച്ചി ജില്ലയിലെ ചിന്നസേലം സ്വദേശിയായ ശശികുമാർ (25), മഹാലക്ഷ്മി (60) എന്നിവരാണ് പോലീസിന്റെ പിടിയിലായത്. കഴിഞ്ഞദിവസം വൈകിട്ട് 7:30 ഓടെ ക്ഷേത്ര കോംപൗണ്ടിൽ അതിക്രമിച്ചു കയറിയ പ്രതികൾ, ആദിദേവത വിഗ്രഹത്തിൽ ചാർത്തിയിരുന്ന ഏകദേശം 13 ഗ്രാം തൂക്കമുള്ള സ്വർണ്ണ ലോക്കറ്റോട് കൂടിയ മാല അപഹരിക്കുകയായിരുന്നു.
മാല നഷ്ടപ്പെട്ട വിവരം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ ക്ഷേത്ര മാനേജർ ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ വിവരമറിയിച്ചു. തുടർന്ന് പോലീസ് നടത്തിയ കാര്യക്ഷമമായ തിരച്ചിലിൽ, മോഷ്ടിച്ചെടുത്ത സ്വർണ്ണവുമായി നഗരത്തിൽ നിന്ന് കടന്നുകളയാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതികൾ വലയിലായത്. കൊല്ലം ഈസ്റ്റ് സബ് ഇൻസ്പെക്ടർ രഞ്ജുവിന്റെ നേതൃത്വത്തിൽ എസ്.ഐ ജോയ്, എ.എസ്.ഐ ഗിരീഷ്, എസ്.സി.പി.ഒ ആദർശ്, സി.പി.ഒമാരായ ശ്യാം, അഖിൽ രാജ്, ജസ്റ്റിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കാനുള്ള നടപടികൾ പോലീസ് ആരംഭിച്ചു.






