ഷാർജ: ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലായി ഏഴാഴ്ച നീളുന്ന വിപുലമായ വേനൽക്കാല കമ്യൂണിറ്റി പരിപാടികൾക്ക് ഷാർജയിൽ തുടക്കമാകുന്നു. ഷാർജ നിക്ഷേപ വികസന അതോറിറ്റിയുടെ (ഷൂറൂഖ്) നേതൃത്വത്തിൽ ബീച്ച് ഫിറ്റ്‌നസ്, കമ്യൂണിറ്റി റൺ, കുട്ടികൾക്കായുള്ള സമ്മർ ക്യാമ്പ്, നാടകങ്ങൾ, കുടുംബ വിനോദങ്ങൾ എന്നിവയടക്കം 50-ലധികം വൈവിധ്യമാർന്ന പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. യു.എ.ഇയുടെ ‘ഇയർ ഓഫ് ദി ഫാമിലി 2026’ ആഘോഷങ്ങളുടെ ഭാഗമായാണ് ഈ പദ്ധതികൾ.
ഓഗസ്റ്റ് 7 മുതൽ സെപ്റ്റംബർ 19 വരെ എല്ലാ വെള്ളി, ശനി ദിവസങ്ങളിലും (വൈകിട്ട് 6 മുതൽ 7 വരെ) അൽ ഹീറ ബീച്ച്, ഖോർഫക്കാൻ ബീച്ച് എന്നിവിടങ്ങളിൽ പ്രഫഷനൽ പരിശീലകരുടെ നേതൃത്വത്തിൽ സൺസെറ്റ് യോഗ, ബീച്ച് റണ്ണിങ്, വനിതകൾക്കായുള്ള പ്രത്യേക സെഷനുകൾ എന്നിവ നടക്കും. ഷാർജ സാറ്റർഡേ റൺ പൂർണമായും സൗജന്യമായിരിക്കും. ഓഗസ്റ്റ് 15, 29 തീയതികളിൽ അൽ ഖസ്ബയിലും ഓഗസ്റ്റ് 22, സെപ്റ്റംബർ 5 തീയതികളിൽ അൽ മജാസ് വാട്ടർഫ്രണ്ടിലുമാണ് മത്സരങ്ങൾ നടക്കുക. വൈകിട്ട് 6-ന് ആരംഭിക്കുന്ന ഓട്ടത്തിനായി പങ്കാളികൾ 5.45-ന് അതാത് കേന്ദ്രങ്ങളിലെ മീറ്റിങ് പോയിന്റിൽ എത്തണം.
Also Read: 70 വയസ്സ് കഴിഞ്ഞ പ്രവാസികളെ പിരിച്ചുവിടാൻ കുവൈത്ത്; നടപടികൾ ശക്തമാക്കി മന്ത്രാലയം
അൽ ഖസ്ബയിൽ ഓഗസ്റ്റ് 10 മുതൽ 27 വരെ (രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെ) കോഡിങ്, റോബോട്ടിക്‌സ്, ഫോട്ടോഗ്രാഫി, സയൻസ് പരീക്ഷണങ്ങൾ എന്നിവ ഉൾപ്പെടുത്തിയ ക്യാമ്പ് നടക്കും. ഓഗസ്റ്റ് 27 മുതൽ 30 വരെ അൽ ഖസ്ബ തിയേറ്ററിൽ ‘ഗോൾഡിലോക്‌സ് ആൻഡ് ത്രീ ബെയേഴ്‌സ്’ നാടകം അരങ്ങേറും. അൽ മജാസ് വാട്ടർഫ്രണ്ടിൽ ഗെയിമുകളും തത്സമയ പ്രകടനങ്ങളും നടക്കും. അൽ നൂർ ഐലൻഡ്, മെലീഹ നാഷണൽ പാർക്ക് (സ്റ്റാർ ഗേസിങ് & സഫാരി), അൽ മുൻതസ പാർക്ക്, ഹൗസ് ഓഫ് വിസ്ഡം, കൽബ വാട്ടർഫ്രണ്ട് എന്നിവിടങ്ങളിലും പ്രത്യേക പരിപാടികൾ ഉണ്ടാകും.






