ഭര്‍ത്താവുമായുള്ള തര്‍ക്കത്തിന് ഒടുവില്‍ മകളെ കൊലപ്പെടുത്തി: മൃതദേഹവുമായി തെരുവുകളിലൂടെ അലഞ്ഞ് നടന്ന് യുവതി; അറസ്റ്റില്‍

ഭര്‍ത്താവുമായുള്ള തര്‍ക്കത്തിന് ഒടുവില്‍ മകളെ കൊലപ്പെടുത്തി: മൃതദേഹവുമായി തെരുവുകളിലൂടെ അലഞ്ഞ് നടന്ന് യുവതി; അറസ്റ്റില്‍

നാഗ്പൂര്‍: ഭര്‍ത്താവുമായുള്ള തര്‍ക്കത്തിന് ഒടുവില്‍ മകളെ കൊലപ്പെടുത്തി മൃതദേഹവുമായി തെരുവുകളിലൂടെ അലഞ്ഞ് നടന്ന് യുവതി. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം. നാല് കിലോമീറ്ററോളം തെരുവിലൂടെ മൂന്ന് വയസുകാരിയായ മകളുടെ മൃതദേഹവുമായി നടന്ന ശേഷമാണ് യുവതി മകളെ കൊലപ്പെടുത്തിയ വിവരം പൊലീസിനെ അറിയിക്കുന്നത്.

ട്വിങ്കിള്‍ റൌത്ത് എന്ന 23കാരിയെ സംഭവത്തില്‍ പൊലീസ് അറസ്റ്റ് ചെയ്തു. ജോലി തേടിയാണ് ട്വിങ്കിളും ഭര്‍ത്താവ് രാമ ലക്ഷ്മണ്‍ റൌത്തും നാല് വര്‍ഷം മുന്‍പ് നാഗ്പൂരിലെത്തിയത്. പേപ്പര്‍ കൊണ്ട് പലവിധ ഉത്പന്നങ്ങള്‍ ഉണ്ടാക്കുന്ന സ്ഥാപനത്തിലായിരുന്നു ഇവര്‍ ജോലി ചെയ്തിരുന്നത്. കമ്പനി പരിസരത്ത് സ്വകാര്യ കമ്പനി നല്‍കിയിരുന്ന മുറിയിലായിരുന്നു ഇവരുടെ താമസവും. അടുത്തിടെയായി ഇവര്‍ തമ്മില്‍ തര്‍ക്കം പതിവായിരുന്നു. തിങ്കളാഴ്ച നാല് മണിയോടെ ദമ്പതികള്‍ തമ്മില്‍ തര്‍ക്കവും കയ്യേറ്റവുമുണ്ടായി. ഇതിനിടയില്‍ മൂന്ന് വയസുകാരിയായ മകള്‍ കരയാന്‍ ആരംഭിച്ചു.

ഇതോടെ മകളെ വീടിന് പുറത്തേക്ക് കൊണ്ടുവന്ന യുവതി കഴുത്ത് ഞെരിച്ച് കൊന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇതിന് പിന്നാലെ നാല് കിലോമീറ്ററോളം മകളുടെ മൃതദേഹവുമായി ഇവര്‍ തെരുവിലൂടെ നടന്നു. രാത്രി എട്ട് മണിയോടെ ഒരു പെട്രോളിംഗ് വാഹനത്തിന് അരികിലെത്തിയ യുവതി സംഭവത്തേക്കുറിച്ച് പൊലീസുകാരോട് പറയുകയായിരുന്നു. പൊലീസ് കുഞ്ഞിനെ ഉടനടി ആശുപത്രിയിലെത്തിച്ചെങ്കിലും മൂന്ന് വയസുകാരി അതിനോടകം മരിച്ചിരുന്നു. സംഭവത്തില്‍ പൊലീസ് യുവതി കൊലപാതക്കേസില്‍ അറസ്റ്റ് ചെയ്തു. കേസില്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് വിശദമാക്കി.

Top