മയാമിക്ക് മിന്നും ജയം; ഇരട്ടഗോളും അസിസ്റ്റുമായി കളംനിറഞ്ഞ് ലയണൽ മെസി

മയാമിയിലെ നു സ്റ്റേഡിയത്തിൽ മഴയിൽ കുതിർന്ന മത്സരത്തിൽ, ശക്തമായ ഇടിമിന്നൽ കാരണം രണ്ടാം പകുതി അരമണിക്കൂറോളം നിർത്തിവെക്കേണ്ടി വന്നിരുന്നു

മയാമിക്ക് മിന്നും ജയം; ഇരട്ടഗോളും അസിസ്റ്റുമായി കളംനിറഞ്ഞ് ലയണൽ മെസി
മയാമിക്ക് മിന്നും ജയം; ഇരട്ടഗോളും അസിസ്റ്റുമായി കളംനിറഞ്ഞ് ലയണൽ മെസി

മയാമി: ലോകകപ്പിന് ശേഷം ഫസ്റ്റ് ഇലവനില്‍ തിരിച്ചെത്തിയ തന്‍റെ ആദ്യ മത്സരത്തിൽ തന്നെ ഇരട്ടഗോളും അസിസ്റ്റുമായി കളംനിറഞ്ഞ് അർജന്‍റീന നായകൻ ലയണൽ മെസി. ലീഗ്സ് കപ്പിലെ ആദ്യ പോരാട്ടത്തിൽ മെക്സിക്കൻ ക്ലബ്ബായ അറ്റ്ലറ്റികോ സാൻ ലൂയിസിനെ രണ്ടിനെതിരെ നാല് ഗോളുകൾക്ക് ഇൻ്റർ മയാമി തോൽപ്പിച്ച മത്സരത്തിലാണ് മെസിയുടെ തകർപ്പൻ പ്രകടനം. രണ്ട് ഗോളടിച്ച താരം ഒരു അസിസ്റ്റും സ്വന്തം പേരിലാക്കി. ഈ നേട്ടത്തോടെ ലീഗ്സ് കപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമെന്ന സർവകാല റെക്കോർഡും (14 ഗോളുകൾ) മെസി സ്വന്തമാക്കി.

മയാമിയിലെ നു സ്റ്റേഡിയത്തിൽ മഴയിൽ കുതിർന്ന മത്സരത്തിൽ, ശക്തമായ ഇടിമിന്നൽ കാരണം രണ്ടാം പകുതി അരമണിക്കൂറോളം നിർത്തിവെക്കേണ്ടി വന്നിരുന്നു. കളിയുടെ നാലാം മിനിറ്റിൽ ഡേവിഡ് റോഡ്രിഗസിന്‍റെ ഹെഡ്ഡറിലൂടെ സാൻ ലൂയിസാണ് ആദ്യം മുന്നിലെത്തിയത്. എന്നാൽ 11-ാം മിനിറ്റിൽ നോഹ അല്ലന്‍റെ പാസിൽ നിന്ന് പന്ത് വലയിലാക്കി മെസി മയാമിയെ ഒപ്പമെത്തിച്ചു. തുടർന്ന് 26-ാം മിനിറ്റിൽ ടലാസ്കോ സെഗോവിയയിലൂടെ മയാമി ലീഡെടുത്തു.

Also Read:ലോകകപ്പിലെ മിന്നും താരം ചിലിയൻ ക്ലബിലേക്ക്; കോളോ കോളോയുമായി കരാറൊപ്പിട്ട് ഗോൾകീപ്പർ വൊസിഞ്ഞ

44-ാം മിനിറ്റിൽ നോഹ അല്ലന്‍റെ അസിസ്റ്റിൽ മെസി തന്‍റെ രണ്ടാം ഗോളും നേടി. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ മെസിയുടെ തന്നെ അസിസ്റ്റിൽ ഡിഫൻഡർ മികായേൽ ഹെഡ്ഡറിലൂടെ മയാമിയുടെ നാലാം ഗോളും പൂർത്തിയാക്കി. രണ്ടാം പകുതിയിൽ റാഫ ലോറെൻ സാൻ ലൂയിസിനായി ഒരു ഗോൾ മടക്കിയെങ്കിലും ഫലമുണ്ടായില്ല. മത്സരത്തിൽ ലെഫ്റ്റ് ബാക്ക് നോഹ അല്ലൻ മൂന്ന് അസിസ്റ്റുകൾ നൽകി തിളങ്ങി. 12 ലീഗ്സ് കപ്പ് മത്സരങ്ങളിൽ നിന്നായി 39 കാരനായ മെസി ഇതുവരെ 14 ഗോളുകളാണ് അടിച്ചുകൂട്ടിയത്. ലോസ് ഏഞ്ചൽസ് എഫ്.സിയുടെ ഡെനിസ് ബൊവാംഗയുടെ 13 ഗോളുകൾ എന്ന റെക്കോർഡാണ് ഇതിലൂടെ മെസി മറികടന്നത്.

ലോകകപ്പ് ഫൈനലിൽ സ്പെയിനോട് പരാജയപ്പെട്ട അർജന്‍റീന സംഘത്തെ നയിച്ച ശേഷം ടീമിൽ തിരിച്ചെത്തിയ മെസി കഴിഞ്ഞ മത്സരത്തിൽ പകരക്കാരനായാണ് ഇറങ്ങിയിരുന്നത്. ഈ വിജയത്തോടെ എല്ലാ ടൂർണമെന്‍റുകളിലുമായി തോൽവിയറിയാത്ത എട്ട് മത്സരങ്ങളുടെ കുതിപ്പാണ് ഇൻ്റർ മയാമി പൂർത്തിയാക്കിയിരിക്കുന്നത്. കഴിഞ്ഞ സീസണിലെ ലീഗ്സ് കപ്പ് ഫൈനലിന് ശേഷമുണ്ടായ തർക്കങ്ങളെ തുടർന്ന് ഇൻ്റർ മയാമി സ്ട്രൈക്കർ ലൂയിസ് സുവാരസിന് ആറ് മത്സരങ്ങളുടെ വിലക്ക് ലഭിച്ചിട്ടുള്ളതിനാൽ, ഈ സീസണിലെ ലീഗ്സ് കപ്പിൽ താരം കളിക്കുന്നതല്ല.

Share Email
Top