ലോകമെമ്പാടുമുള്ള മിക്ക രാജ്യങ്ങളിലും ദാരിദ്ര്യവും ഭവനരഹിതത്വവും പരിഹരിക്കാനാകാത്ത സാമൂഹിക പ്രശ്‌നങ്ങളായി നിലനിൽക്കുമ്പോൾ, യൂറോപ്പിലെ കൊച്ചുരാജ്യമായ സ്വിറ്റ്‌സർലൻഡ് തികച്ചും വിപരീതമായ ഒരു മാതൃക ലോകത്തിന് മുന്നിൽ അവതരിപ്പിക്കുകയാണ്. ദാരിദ്ര്യത്തെ കേവലം ഒരു സാമ്പത്തിക പ്രശ്‌നമായി കാണുന്നതിന് പകരം, അത് വ്യവസ്ഥാപിതമായി നിരോധിക്കപ്പെടേണ്ടതും ഒരു പൗരനും അനുഭവിക്കാൻ പാടില്ലാത്തതുമായ ഒരവസ്ഥയായിട്ടാണ് സ്വിസ് ഭരണകൂടം കണക്കാക്കുന്നത്.
എല്ലാവർക്കും സുരക്ഷിതമായ പാർപ്പിടം, അത്യാധുനിക വൈദ്യസഹായം, മാന്യമായ അടിസ്ഥാന സാമ്പത്തിക സഹായം എന്നിവ ഉറപ്പാക്കുന്നതിലൂടെ, ഈ രാജ്യം തങ്ങളുടെ പൗരന്മാർക്ക് ഒരു ശക്തമായ സാമൂഹിക സുരക്ഷാ വലയം തീർത്തിരിക്കുന്നു. ഇതിൻ്റെ ഫലമായി, ദാരിദ്ര്യത്തിൻ്റെയും ഭവനരഹിതത്വത്തിൻ്റെയും നിരക്ക് സ്വിറ്റ്‌സർലൻഡിൽ മിക്കവാറും ഇല്ലാതായി എന്ന് പറയാം. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും ഒരാളെയും ഒറ്റപ്പെടുത്താതെ ചേർത്തുപിടിക്കുന്ന ഈ സംവിധാനമാണ് സ്വിറ്റ്‌സർലൻഡിനെ ആഗോളതലത്തിൽ ഒരു മാതൃകാ രാഷ്ട്രമായി തലയുയർത്തി നിർത്തുന്നത്.
വീട് നഷ്ടപ്പെട്ടാൽ, സർക്കാർ നൽകും!
സ്വിറ്റ്‌സർലൻഡ് എങ്ങനെ ദാരിദ്ര്യം വ്യവസ്ഥാപിതമായി തടയുന്നുവെന്ന് എക്‌സിൽ അടുത്തിടെ പ്രചരിച്ച ഒരു വീഡിയോ എടുത്തു കാണിക്കുന്നു. രാജ്യത്തെ നിയമം വ്യക്തമാണ് ഒരാൾക്ക് വീട് നഷ്ടപ്പെട്ടാൽ, സർക്കാർ അവർക്ക് വീട് നൽകണം. ഈ രാജ്യത്ത് ഭവനരഹിത അവസ്ഥ നിലവിലില്ല, കാരണം സർക്കാർ പിന്തുണ ഇവിടെ നിർബന്ധിതമാണ്. മാത്രമല്ല, സർക്കാർ വാഗ്ദാനം ചെയ്യുന്ന സഹായം ആരെങ്കിലും നിരസിക്കുകയാണെങ്കിൽ, അവരെ നാടുകടത്താൻ പോലും നിയമം അനുവദിക്കുന്നുണ്ടെന്നാണ് ഒരു ആഖ്യാതാവ് പറയുന്നത്.
സ്വിറ്റ്‌സർലൻഡിലെ നഗരങ്ങൾ ആവശ്യക്കാരായ താമസക്കാർക്കായി പ്രത്യേകം പിന്തുണാ ഫണ്ടുകൾ പ്രവർത്തിപ്പിക്കുന്നു. ഒരാൾ തൊഴിൽരഹിതനോ ബുദ്ധിമുട്ടുന്നവരോ ആണെങ്കിൽ, ഈ ഫണ്ടുകൾ പലവിധ സഹായങ്ങൾ നൽകും. ഭവന നിർമ്മാണം, വൈദ്യ പരിചരണം, പുതിയൊരു തൊഴിലിനായുള്ള പുനർപരിശീലനം എന്നിവ പോലും സംസ്ഥാനം വഹിക്കും. പൗരന്മാർക്കും രാജ്യത്തെ താമസക്കാർക്കും എപ്പോൾ വേണമെങ്കിലും ഈ ശക്തമായ ഘടനാപരമായ പിന്തുണാ സംവിധാനത്തെ ആശ്രയിക്കാം എന്ന പ്രത്യേകതയുമുണ്ട്.
ഉയർന്ന വരുമാനവും ജീവിതച്ചെലവും
സ്വിറ്റ്‌സർലൻഡ് ലോകത്ത് ഏറ്റവും ഉയർന്ന ശമ്പളവും ഉദാരമായ സാമൂഹിക ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്ന രാജ്യമാണ്. ശരാശരി പ്രതിമാസ ശമ്പളം ഏകദേശം €7,000 മുതൽ €8,000 വരെയാണ് (ഏകദേശം 7.25 ലക്ഷം മുതൽ 8.28 ലക്ഷം രൂപ വരെ). കുറഞ്ഞ വേതനം പോലും പ്രതിമാസം €4,000 (ഏകദേശം 4.14 ലക്ഷം രൂപ) ആണ്. തൊഴിലില്ലായ്മ ആനുകൂല്യങ്ങൾ ഒരാളുടെ അവസാന ശമ്പളത്തിൻ്റെ 80 ശതമാനം വരെ എത്താമെന്നത് അവിടുത്തെ സാമൂഹിക സുരക്ഷാ വലയം എത്ര ശക്തമാണെന്ന് തെളിയിക്കുന്നു. എന്നിരുന്നാലും, ഈ ഉയർന്ന വരുമാനം രാജ്യത്തെ ഉയർന്ന ജീവിതച്ചെലവുമായി പൊരുത്തപ്പെടുന്നുണ്ടെന്നതാണ് ശ്രദ്ധേയം.

കർശനമായ നിയമങ്ങളും സുരക്ഷയും
രാജ്യത്ത് സുചിത്വവും ക്രമവും നിലനിർത്താൻ സ്വിസ് സർക്കാർ കർശനമായ നിയമങ്ങൾ നടപ്പാക്കുന്നു. ഒരു സിഗരറ്റ് കുറ്റി ബിന്നിന് പുറത്ത് വലിച്ചെറിയുന്നതിന് €300 (₹31,000) വരെയും, തെരുവുകളിൽ മാലിന്യം വലിച്ചെറിഞ്ഞാൽ €10,000 (₹10.35 ലക്ഷം) വരെയും പിഴ ഈടാക്കാം. ഈ കർശന നിയമങ്ങൾ കാരണം കുറ്റകൃത്യങ്ങളുടെ നിരക്ക് വളരെ കുറവാണ്. രാജ്യത്ത് സുരക്ഷ വളരെ ഉയർന്ന നിലവാരത്തിലാണ്. പോലീസ് പലപ്പോഴും ആയുധങ്ങൾ പോലും കൊണ്ടുപോകാറില്ല എന്ന വസ്തുത സ്വിറ്റ്സർലൻഡിന്റെ സുരക്ഷാ നിലവാരം വിളിച്ചോതുന്നു.
കാര്യക്ഷമതയുടെ രഹസ്യം: ജനങ്ങളുടെ നിശ്ചയദാർഢ്യം
സ്വിറ്റ്‌സർലൻഡിൽ 10 വർഷത്തിലേറെയായി താമസിക്കുന്ന ഒരാൾ തൻ്റെ അനുഭവം കമൻ്റിലൂടെ പങ്കുവെച്ചത് ഈ വിഷയത്തിന് കൂടുതൽ അടിവരയിടുന്നു. ഈ കാലയളവിനുള്ളിൽ അഞ്ചിൽ താഴെ ഭവനരഹിതരെ മാത്രമേ താൻ കണ്ടിട്ടുള്ളൂവെന്ന് അദ്ദേഹം പറയുന്നു. ഉയർന്ന ജീവിത നിലവാരത്തിൻ്റെ ഭാഗമായി, താൻ ഓർഡർ ചെയ്ത പുതിയ ഐഫോൺ പോലും മെയിൽമാൻ മെയിൽബോക്‌സിന് മുകളിൽ വെച്ചുപോവുകയും അത് സുരക്ഷിതമായി ദിവസം മുഴുവൻ അവിടെ ഇരിക്കുകയും ചെയ്തുവെന്ന സംഭവം അദ്ദേഹം വിവരിക്കുന്നു.
ഈ കാര്യക്ഷമമായ ഭരണത്തിന് പിന്നിലെ പ്രധാന ഘടകമായി താമസക്കാരൻ ചൂണ്ടിക്കാട്ടുന്നത് അവിടുത്തെ ജനങ്ങളെയാണ്. “സ്വിസ് ജനത വളരെ ഉത്സാഹമുള്ളവരും, വിശദാംശങ്ങൾ ശ്രദ്ധിക്കുന്നവരും, മനസ്സാക്ഷിയുള്ളവരുമാണ്. അതുകൊണ്ടാണ് എല്ലാ ആഡംബര വാച്ച് ബ്രാൻഡുകളും സ്വിറ്റ്‌സർലൻഡിൽ നിന്നുള്ളത് പ്രത്യേകിച്ച് 100 വർഷങ്ങൾക്ക് മുമ്പ് ഇത് ചെയ്യാൻ മറ്റാർക്കും അച്ചടക്കം ഇല്ല,” അദ്ദേഹം നിരീക്ഷിച്ചു.
രാജ്യത്തെ ചെറിയ ജനസംഖ്യയും (എട്ട് ദശലക്ഷം ആളുകൾ മാത്രം) ഭരണത്തെ കൂടുതൽ കാര്യക്ഷമമാക്കുന്നുണ്ട്. ഉയർന്ന നികുതിയിലൂടെ ലഭിക്കുന്ന പൊതു ഫണ്ടുകൾ ഉപയോഗിച്ച് തൻ്റെ നഗരത്തിൽ പൊതുജനങ്ങൾക്കായി കൃത്രിമ ബീച്ചുകളും നീന്തൽക്കുളങ്ങളും നിർമ്മിച്ചതിനെക്കുറിച്ചും അദ്ദേഹം പങ്കുവെച്ചു. ഉയർന്ന നികുതി, കർശനമായ നിയമങ്ങൾ, കാര്യക്ഷമമായ പൊതുജന പങ്കാളിത്തം എന്നിവ ചേർന്നാണ് സ്വിറ്റ്‌സർലൻഡിനെ ദാരിദ്ര്യത്തെ നിർമ്മാർജ്ജനം ചെയ്ത രാജ്യങ്ങളിലൊന്നാക്കി മാറ്റുന്നത്.






