സംഗീത പരിപാടിക്കിടെ ആരാധകരുടെ ഇടയിലേക്ക് കസേര വലിച്ചെറിഞ്ഞു; ഗായകന്‍ മോര്‍ഗന്‍ വാല്ലെന്‍ അറസ്റ്റില്‍

സംഗീത പരിപാടിക്കിടെ ആരാധകരുടെ ഇടയിലേക്ക് കസേര വലിച്ചെറിഞ്ഞു; ഗായകന്‍ മോര്‍ഗന്‍ വാല്ലെന്‍ അറസ്റ്റില്‍

യുഎസ്സില്‍ സംഗീത പരിപാടിക്കിടെ ആരാധകരുടെ ഇടയിലേക്ക് കസേര വലിച്ചെറിഞ്ഞ ഗായകന്‍ മോര്‍ഗന്‍ വാല്ലെന്‍ അറസ്റ്റില്‍. ആറ് നില കെട്ടിടത്തിനു മുകളില്‍ നിന്നു വലിച്ചെറിഞ്ഞ കസേര തിരക്കേറിയ റോഡില്‍ രണ്ട് പൊലീസുകാരുടെ സമീപത്തായാണ് വീണത്. യുഎസ്സിലെ നാഷ്വില്ലയിലുള്ള എറിക് ചര്‍ച്ച് റൂഫ് ടോപ്പ് ബാറിലാണ് സംഭവം.

ആര്‍ക്കും പരിക്കേറ്റട്ടില്ലെങ്കിലും പൊതുജനത്തിന് അപകടമുണ്ടാക്കും വിധത്തില്‍ പെരുമാറിയ മോര്‍ഗനെ പൊലീസ് അറസ്റ്റ് ചെയ്തു. ഗായകര്‍ക്കു പാടാന്‍ സ്ഥിരം വേദിയൊരുക്കുന്ന ഇടമാണ് എറിക് ചര്‍ച്ച് ബാര്‍. പാട്ട് പാടുമ്പോള്‍ ആവേശം കൂടിയപ്പോഴാണ് മോര്‍ഗന്‍ കയ്യില്‍ കിട്ടിയ കസേര വലിച്ചെറിഞ്ഞതെന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞു. അറസ്റ്റ് രേഖപ്പെടുത്തി മൂന്ന് മണിക്കൂറുകള്‍ക്കു ശേഷം മോര്‍ഗനെ പൊലീസ് വിട്ടയച്ചു.

സംഗീതലോകത്ത് ഏറെ സജീവമാണ് മോര്‍ഗന്‍ വാല്ലെന്‍. അടുത്തിടെ പുറത്തിറങ്ങിയ മോര്‍ഗന്റെ ‘വണ്‍തിങ് അറ്റ് എ ടൈം’ എന്ന ആല്‍ബം വലിയ ജനപ്രീതി നേടിയിരുന്നു. അലക്ഷ്യമായ പെരുമാറ്റത്തിനും വിദ്വേഷ പ്രചാരണത്തിനും ഇയാള്‍ 2020ല്‍ അറസ്റ്റിലായിരുന്നു. സ്ഥിരമായി വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തുന്ന ഗായകനെ നിരവധി ചാനല്‍ പരിപാടികളില്‍ നിന്നും സ്റ്റേജ് ഷോകളില്‍ നിന്നും വിലക്കിയിരുന്നു.

Top